Jump to content

നളചരിതം മൂന്നാം ദിവസം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
നളചരിതം മൂന്നാം ദിവസം (ആട്ടക്കഥ)

രചന:ഉണ്ണായിവാര്യർ

ഉണ്ണായി വാര്യരുടെ നളചരിതം ആട്ടക്കഥ മൂന്നാം ദിവസം

നളചരിതം ആട്ടക്കഥ
മൂന്നാം ദിവസം
രങ്ഗം ഒന്ന്‌: വനം
നളൻ
പുന്നാഗവരാളി(തോടി)-അടന്ത

ശ്ളോ. നവവിരഹമയന്ത്യാം നൈഷധം ചിന്തയന്ത്യാം
ജനിഭുവി ദമയന്ത്യാം ജാതതാപം വസന്ത്യാം
വ്യസനമകലെയാവാൻ വീണിരന്നാശു ദേവാൻ
നളനഭജത ദാവാന്നാടുപൂവാൻ ത്രപാവാൻ 1
പദം 1 നളൻ:
പ. ലോകപാലന്മാരേ! ലളിതമധുരാണി
വിഫലാനി വോ വരഫലാനി കാനി?
അനു. ശോകകാലം മമ വന്ന നാളെന്നിൽ
ശോഭയല്ലുദാസീനതയിദാനീം. ലോക.
ച. 1 ദിനമനു നിങ്ങളെ ഞാൻ ഭാവിപ്പതും, വേറു-
തിരിച്ചെന്നിൽ കൃപ നിങ്ങൾ ഭാവിപ്പതും,
അനുജനോടു തോറ്റുള്ളം വേവിപ്പതും, ഓർത്താൽ
ആരോരുവൻ മേലിൽ സേവിപ്പതും! ലോക.
2 കരണീയം ദേവനമെന്നെനിക്കു തോന്നി, എന്നിൽ
ഭരണീയജനങ്ങൾക്കും വെറുപ്പു തോന്നീ,
തരുണിയെ വിട്ടു കാട്ടിലിരിപ്പൂമൂന്നീ-അപരി-
ഹരണീയവിധിയന്ത്രത്തിരിപ്പുമുന്നീ. ലോക.
3 പ്രതിദിനം നൈഷധൻ നമസ്കുരുതേ, ഭൈമീ-
പതിദേവതയ്ക്കു ദുഃഖം വരുത്തരുതേ!
അതിസങ്കടചാപല്യമെനിക്കരുതേ! എന്നെ
അധീരനെന്നാരുമപഹസിക്കരുതേ! ലോക.

രങ്ഗം രണ്ട്‌: വനം
കല്യാണി- ചെമ്പട
ശ്ളോ. സുരനാഥവരൈ: സുഖേന ജീവൻ
പരമാനന്ദസുനിർവൃതോ നളോയം
ഭവനേ വനതാം വനേ ഗൃഹത്വം
സ പുരാ നിശ്ചിനുതേ വിചാര്യ തത്ത്വം.
പദം 2: നളൻ
ഘോരവിപിനമെന്നാലെഴുപാരിതാകിൽ നഗരം.
അനു. നാരിമാരും നവരസങ്ങളും
നയവും ജയവും ഭയവുംവ്യയവും
നാടുഭരിപ്പവരോടു നടപ്പതു. ഘോര.
ച.1 അവടങ്ങൾ സങ്കടങ്ങൾ, അകമേ ദുഷ്ടമൃഗങ്ങൾ,
അധികം ഭീതികരങ്ങൾ
മനസാ വചസാ വിദിതംഗദിതം
കാമാദികൾതന്നെ നിനച്ചാൽ
ഭീമാകൃതി ധാരികൾ വൈരികൾ ഘോര.
2 സദനങ്ങൾ ശോഭനങ്ങൾ സാധുസഭാതലങ്ങൾ
സരസങ്ങൾ ഗഹനങ്ങൾ;
സജലാ സശിലാ തടിനീ ജനനീ;
രാജാന ഇമേ തരവോ ദൃഢ-
മാജാനമനോരമഭൂതികൾ. ഘോര.
3 ദുരിതങ്ങൾ ദൂരിതങ്ങൾ ദോഷങ്ങൾ ദൂഷിതങ്ങൾ,
അതിമോഘങ്ങളഘങ്ങൾ,
അധുനാ വിധിനാ കരുണാഗുരുണാ
മേലേ വരുമാധികൾ മാഞ്ഞിതു
കാലേന ചിരേണ നമുക്കിഹ. ഘോര.

രങ്ഗം മൂന്ന്‌: വനാന്തരം
കാർക്കോടകൻ-നളൻ
ഭൈരവി-ചെമ്പട
ശ്ളോ. അങ്ങോടിങ്ങോടുഴന്നും വിപിനഭുവി
തളർന്നും വിചാരം കലർന്നും
തുങ്ഗാതങ്കം വളർന്നും തൃണതതിഷു
കിടന്നും സുരേന്ദ്രാനിരന്നും
തിങ്ങുംഖേദം മറന്നും ദിവസമനു
നടന്നീടുമന്നൈഷധേന്ദ്രൻ
വൻകാട്ടിൽ കാട്ടുതീ തൻ നടുവിലൊരു
ഗിരം കേട്ടു വിസ്പഷ്ടവർണ്ണാം. 3
പദം 3 കാർക്കോടകൻ:
പ. അന്തികേ വന്നീടേണം അഴലേ നീ തീർത്തീടേണം
അനു. എന്തിവണ്ണമെന്മൊഴി നീ കേട്ടീലയോ പുണ്യകീർത്തേ?
അന്തികേ.
ച. 1 കാട്ടുതീയിൽ പതിച്ചേനേ, കളിയല്ലയ്യോ വേകുന്നേനേ,
കൂട്ടിക്കൊണ്ടു പോക താനേ, കുശലം തവ വൈരസേനേ!
അന്തികേ.
2 വെന്തു ദേഹം പാതിപോരും, വിധിവശന്മാരെല്ലാപേരും,
ബന്ധു നീയൊഴിഞ്ഞില്ലാരും, വിവശത മേ നിന്നാൽ തീരും
അന്തികേ.
3 നിന്നുദന്തം ഭൈമീജാനേ, നിഖിലവും ഞാനറിഞ്ഞേനേ,
മന്ദിക്കൊല്ലാ മയി ദീനേ, മരണവേദനാതിദൂനേ. അന്തികേ.
ശ്ളോ. പേടിക്കേണ്ടാ വരുവനരികേ വൻകൊടുങ്കാട്ടുതീയിൽ
ചാടിക്കൊണ്ടാലൊരു ഭയമെനിക്കില്ല, ഞാൻ തൊട്ടവർക്കും;
കൂടിക്കണ്ടാലുടനഴലൊഴിച്ചീടുവേനെന്നുചൊല്ലി-
ത്തേടിക്കണ്ടൊരുരഗപതിയോടൂചിവാൻ നൈഷധേന്ദ്രൻ. 4
പദം 4 നളൻ:
പ. കത്തുന്ന വനശിഖിമദ്ധ്യഗനാരെടോ നീ?
തത്ത്വമേവ വദ മേ.
അനു. ചത്തുപോമിവിടെയെന്നു നീ നിനയ്ക്കേണ്ടാ,
ശാപംകൊണ്ടോ ചതികൊണ്ടോ ചാപലംകൊണ്ടോ?
കത്തുന്ന.
ച. 1 എരിഞ്ഞ തീയിൽ നിന്നല്ലിനി വേണ്ടൂ സല്ലാപം
ഇരുന്നുകൊള്ളുകയെന്റെ ചുമലിൽ നീ ഗതതാപം
അറിഞ്ഞതെങ്ങനെ നീ നൈഷധനെന്ന പേരെ?
പറഞ്ഞീടേണമിപ്പോളാരെന്നുള്ളതും നേരെ. കത്തുന്ന.
2 ഭുജങ്ഗമെന്നു തോന്നി രൂപംകൊണ്ടു നിന്നെ,
വിശങ്കയെന്തെന്നല്ലീ? അതു ചൊല്ലാം പിന്നെ,
ഭൃശം കളഞ്ഞു പറഞ്ഞീടേണം നേരുതന്നെ. കത്തുന്ന.
സാവേരി-മുറിയടന്ത
3 എന്നുടെ കഥകളെ എങ്ങനെ നീയറിഞ്ഞു?
നന്നു നിന്മഹിമാ നമുക്കു തിരിഞ്ഞു;
എന്നോടെന്തു മറവിന്നു തുനിഞ്ഞു?
ചൊന്ന മൊഴിയാൽ നിന്നെ ഞാൻ ദിവ്യനെന്നറിഞ്ഞു
കത്തുന്ന.
രങ്ഗം നാല്‌: വനാന്തരം
ഗൗളിപന്ത്‌-ചെമ്പട
ശ്ളോ. ദഹനമോചിത ഏഷ മഹീഭുജാ
ദശപദശ്രവണേ കൃതദംശനഃ
വിഷധരാധിപതിർവിഗതജ്വരോ
നിഷധരാജമശാദ്വികൃതാകൃതിം.
പദം 5 കാർക്കോടകൻ:
പ. നൈഷധേന്ദ്ര, നിന്നോടു ഞാൻ നേരുതന്നെ ചൊല്ലാം
അനു. വൈഷമ്യമായി മമ, വലുതഹോ! വിധി ജഗതി. നൈ.
ച. 1 മതിമതി വിശങ്ക തവ മമ ജനനി കദ്രുവല്ലോ
മഹിമാതിരേകത്തിനു മന്ദത പിണഞ്ഞു മമ നൈ.
   2 ഊക്കേറുമഹിവരരിൽ കാർക്കോടകാഖ്യനഹം
ഓർക്കേണമൊരു മുനിയെ മാർഗ്ഗേ ചതിച്ചിതഹം നൈ.
   3 വായ്ക്കും കോപംപൂണ്ടു മുനി ദീർഘമൊരു ശാപം തന്നു
പോക്കുമഴൽ നളനെന്നു മോക്ഷവഴിയരുളി പിന്നെ. നൈ.
   4 ചാപല്യജാതമിഹ ശാപവുമകന്നു മമ
തേ പകരം ചെയ്തതുള്ളിൽ കോപകരമല്ലറിക. നൈ.
   5 നിന്നഴൽക്കു മൂലം കലി വന്നകമേ വാഴുന്നവൻ
എന്നുടയ വിഷമറ്റു നിന്നെയവൻ വിടുമുടനേ. നൈ.
   6 നിന്നെയറിയരുതൊരുവനെന്നിട്ടു നിന്നുടൽ മറച്ചു,
പിന്നെ നീ ഇത്തുകിലുടുക്കിൽ നിന്നുടൽ നിനക്കു വരും നൈ.
പൂർവ്വകല്യാണി(പന്തുവരാളി)-ചെമ്പട
പദം 6 നളൻ:
പ കാദ്രവേയകുലതിലക, നിൻ
കാൽത്തളിരെ കൂപ്പുന്നേൻ.
അനു. ആർദ്രഭാവം നിൻ മനക്കാമ്പി
ലാവോളം വേണമെന്നിൽ കാദ്ര.
ച. 1 മാമകദശകളെല്ലാം മനസ്സുകൊണ്ടു കണ്ടു നീ താൻ
ധീമതാംവര, കടിച്ചു ദേഹം മറച്ചു
പോയ്‌ മറ്റൊന്നായ്‌ രൂപമെല്ലാം
വേറെയൊന്നായ്കേൾക്കേണമേ നാമധേയം
അവനി നീളെ സഞ്ചാരമിനിയാം, പ്രീതോഹം. കാദ്ര.
   2 സജ്ജനസമാഗമത്താൽ സകലജനങ്ങൾക്കുമുണ്ടാം
സജ്ജനിഫലമെന്നല്ലോ സത്യവാചകം.
സജ്വരനായ്‌ നിന്നെക്കണ്ടോരിജ്ജനത്തിന്നിഴൽ തീർന്നു
മിക്കതും, വിപിനത്തിൽനിന്നു പോയാലുമറിയാ കണ്ടാരും.
കാദ്ര.
ധന്യാസി-ചെമ്പട

   3 ഇന്ദുംലിഹാരമെ, നീ ഒന്നിനി എന്നോടു ചൊൽക,
എന്നെനിക്കുണ്ടാവൂ യോഗം ഖിന്നയാ തയാ, മുന്നെപ്പോലെ
മന്ദിരത്തിൽ ചെന്നു വാണുകൊള്ളുവാനും? എന്നിയേ
അറിയാമെന്നാകിൽ ചൊല്ലേണമെല്ലാം നാഗേന്ദ്ര. കാദ്ര.
നാട്ടക്കുറിഞ്ഞി(കമാസ്‌)-ചെമ്പട
പദം 7 കാർക്കോടകൻ:
പ. ചിന്തിതമചിരാൽ വരുമേ നിനക്കൊ-
രന്തരായമില്ല നൃപതേ!
അനു. അന്തരങ്ഗേ തവ വാഴുന്നവൻ കലി
വെന്തുനീറിടുന്നു മേ വിഷശിഖിനാ. ചിന്തിത.
ച. 1 ഏതൊന്നാകിലുമിവൻ വിടുമുടനേ, പിന്നെ
നീ തന്നെ വേണം തവ ഗുണഘടനേ.
പേ തന്നെ തോന്നുന്നതുമിഹ ഗഹനേ വിട്ടു
ഭൂതനായകനെ നീ ഭജ മൃഡനേ.

സാകേതംതന്നിലെ പോയ്‌ ഋതുപർണ്ണനെ
നീ കണ്ടു സേവകനായ്‌ വാഴ്ക ഗൂഢ;
പോമിണ്ടലതുമൂലമായി വൈകാ-
തേകണ്ടു ഭവിക്കുമേ സങ്ഗതിയും ഭൂപാലാ. ചിന്തിത.
2 ബാഹുജഭാവത്തെ നീ നീക്കിക്കൊള്ളൂ-ഇനി
ബാഹുകനെന്നു പേരുമാക്കിക്കൊള്ളൂ.
സാകേതപതിയെ സ്വാമിയാക്കിക്കൊള്ളൂ-പാർത്താൽ
സാധുതയവനേ ഇന്നു മഹിയിലുള്ളൂ
വിശ്വാസഭാജനമായ്‌വന്നാൽ പിന്നെ
അശ്വഹൃദയം അവനായ്‌ നല്കീടുകിൽ
അക്ഷഹൃദയം വശമായ്‌വരും തവ,
അക്ഷമനാം കലിയും അന്നൊഴിയും. ചിന്തിത.
3 വന്നൊരു മുനിവരശാപമതും,വന-
വഹ്നിയിൽ വീണു മമ ദാഹമതും,
നിന്നോടെനിക്കു വന്ന യോഗമിതും, നൃപ,
പിന്നെയും നമ്മിലെസ്സല്ലാപമിതും.
നിത്യമായ്‌ ചിന്തിപ്പവൻ ഭൂലോകത്തിൽ
അത്യന്തം മോദിപ്പവരെന്നുള്ളതും
        സത്യംമയാ കഥിതം; പോക നീയും; എങ്കിൽ
അസ്തു പുനർദർശനം രിപുകർശന! ചിന്തിത.

രങ്ഗം അഞ്ച്‌: ഋതുപർണ്ണരാജധാനി
ഋതുപർണ്ണൻ, ജീവലവാർഷ്ണേയന്മാർ,ബാഹുകൻ
നാട്ടക്കുറിഞ്ഞി-ഏകതാളം
ശ്ളോ. നളോ ലബ്ധ്വാ വാസോയുഗളമഗളദ്ധൈര്യവിഭവ-
ശ്ശിവോദർക്കാം ജാനൻ വിപദമപി കാർക്കോടകമുഖാത്‌
അഥ ധ്യായൻ ജായാം കതിപയദിനൈഃ പ്രാപ്യ ച പുരീ-
മയോദ്ധ്യാമാലോക്യ ക്ഷിതിപമൃതുപർണ്ണം കഥിതവാൻ. 6
പദം 8 ബാഹുകൻ:
പ. ഋതുപർണ്ണധരണീപാല, നീ ജയിക്കേണം
ഉപകർണ്ണയ മേ വചനം.
അനു. അതിചണ്ഡരിപുഷണ്ഡഗളഖണ്ഡനപണ്ഡിത-
ഭുജദണ്ഡ, ഖലദണ്ഡധര, മണ്ഡിതഭൂഖണ്ഡ, ഋതു.
1 ധരിക്കേണമെന്നെ നീ സൂതനെന്ന്‌, ആകിൽ
ഭരിക്കേണമേ തന്നു വേതനം, തേരിൽ
ചരിക്കേണമൊരിക്കലെന്നിരിക്കിലോ തവ
സാരഥിഭാവം തേടുന്നേൻ, ആജ്ഞാപുഷ്പം ചൂടുന്നേൻ.
വാജികളെബ്ഭരിച്ചുകൊള്ളുവൻ, ജാതി തിരിച്ചു ചൊല്ലുവൻ
ഭീതി കളവൻ ഗതിഭേദങ്ങൾ കുറവെന്യേ പഠിപ്പിപ്പൻ. ഋതു.
2 എനിക്കില്ലെന്നറിക കുടുംബവും ഇന്നു
നിനയ്ക്കിൽ നീയൊഴിഞ്ഞവലംബവും, പാരിൽ
അരിക്കന്റെ കുലമലങ്കരിക്കും നിന്നുടെ കീർത്തി
കേട്ടു വന്നു ഞാൻ, തത്ത്വം ചൊന്നേനിന്നു ഞാൻ,
ബാഹുകനെന്നെനിക്കു പേർ
കൃപയെന്നിൽ ജനിക്കുമാകിലോ ഭൂപ,
തവ കിങ്കരനെന്നോർക്ക, ശിവകിങ്കരനന്യഥാ. ഋതു.
3 അനുകമ്പാ യദി തവ മാനസേ, എനി-
ക്കനുമതി കരിക മഹാനസേ,കേര-
മരിചലവണാദികളരിയും തരികിൽ
പോരും മമ ഭൂപതേ, മാരോപമിതാകൃതേ, താനേ തന്നെ
വിറകും കൊണ്ടുവന്നു ഞാൻ കറിയും ചോറുമുണ്ടാക്കി-
ക്കുറവെന്നിയേ വിളമ്പി നിരവധി ജനമൂട്ടാം. ഋതു.

വസന്തഭൈരവി(കാപ്പി)-ചെമ്പട
പദം9 ഋതുപർണ്ണൻ:
പ. വസ വസ സൂത. മമ നിലയേ സുഖം
ബാഹുക, സാധുമതേ.
അനു. വസു നിന­ക്കിന്നു തന്നേ­ന­സു­ഭ­രണോചിതം,
വാത്സ­ല്യ­മെ­നിക്കു നിന്മേൽ. വസ.
ച. 1 രഥവും കുതി­ര­കളും നീ താൻ പരി­പാ­ലി­ക്കേണം;
രസി­കൻ ഞാനെ­ന്നതും നീ ബോധി­ക്കേണം;
ഘ്യതവും മധു ഗുളവും ക്ഷീരവും നിന­ക്ക­ധീ­നം,
പചി­ക്കേണം ഭൂസു­രരെ ഭുജി­പ്പി­ക്കേണം;
എന്നെ രക്ഷിക്ക എന്നു ചൊന്നാ­ലു­പേ­ക്ഷി­ക്കുന്ന-
തെന്നുടെ കുല­ത്തി­ലുണ്ടോ? വസ.
2 ഇവനു പേർ ജീവ­ല­നെ,ന്നിവനു പേർ വാർഷ്ണേ­യ­നെ-
ന്നി, വരി­രു­വരും മമ സാര­ഥി­കൾ;
ഇവ­രുടെ ഗൃഹം തന്നെ നിന­ക്കും­ഗൃ­ഹ­മ­റി­ക,
ഇവർ നല്ല സൗജ­ന്യ­വാ­രി­ധി­കൾ;
പകലോ മഹാ­ന­സ­ത്തിൽ പാക­വൈ­യ­ഗ്ര്യ­മല്ലോ
നിശി പോയ്‌ നിലയേ വാഴ്ക നീ. വസ.
3 ദ്രുത­ത­ര­ഗതി മമ കുതി­ര­കൾക്കേതും പോരാ,
അതി­നി­രു­വർക്കു­മില്ല ചതു­ര­തയും;
ഇത­ര­കു­തി­ര­കളെ അതി­ശ­യി­ച്ച­തി­രയം
കുതി­ര­കൾക്കുപദേ­ശിക്ക മധു­ര­തയും;
പ്രതി­ര­ഥ­രാ­മ­രി­കൾ ചതു­ര­തയാ വരി­കിൽ
വിധു­ര­ത­യേ­തു­മ­രു­തേ. വസ.

രങ്ഗം ആറ്‌: ബാഹു­കന്റെ പാർപ്പിടം
ബാഹു­കൻ, ജീവ­ലൻ
തോടി­-­ചെ­മ്പട

ശ്ളോ. പ്രീതി­പ്ര­ദേ­സ്മി­ന്ന്രു­തു­വർണ്ണ­രാജേ
സ്ഫീത­പ്ര­കാശേ നിഷ­ധൗ­ഷ­ധീശേ
നിശാ­ന്ത­ശാന്തേ തത ആവി­രാ­സീ-
ദ്വാന്താമൃതാ വാങ്മ­യ­കൗ­മു­ദീ­യം. 7
പദം 10 ബാഹു­കൻ
പ. വിജ­നേ, ബത! മഹതി വിപിനേ നീയു­ണർന്നി­ന്ദു-
വദ­നേ, വീണെന്തു ചെയ്‌വൂ കദനേ?
അനു. അവനേ ചെന്നാ­യോ, ബന്ധു-
ഭവനേ ചെന്നായോ ഭീരു?
എന്നു കാണ്മ­നി­ന്ദു­സാ­മ്യ­രു­ചി­മു­ഖ-
മെന്നു പൂണ്മ­നി­ന്ദ്ര­കാ­മ്യ­മു­ട­ലഹം? വിജ­നേ.

ച. 1 ദയി­തേ, ലഭി­പ്പ­തെ­ന്ത­ങ്ങയി! തേ വിശ­ക്കു­ന്നേരം
മയി ദേവി, മായാ­മോ­ഹ­ശ­യി­തേ,
അരുതേ! ശിവ ശിവ! സുച­രി­തേ, നിന്നെ നിന­പ്പാൻ
കീര­വാ­ണി, ഭൈര­വാ­ണി, സാര­വ-
ഫേര­വാണി ഘോര­കാ­ന­നാനി ച. വിജ­നേ.
2. വ്യസ­നേപി തവ ഗുരു­ജ­ഘ­നേ, കുശലം? നീല-
നയ­നേ, മദ­മ­ന്ഥ­ര­ഗ­മ­നേ,
ഗഹനേ സന്താ­പ­ങ്ങൾക്കു സഹനേ ശിഷ്യ­ര­ല്ലയോ
ഹരി­ണ­പാളി കരി­വാ­ളി, ഇവർ തവ
തരു­വ­രേഷു തരു­വ­രേഷു പൂജ­കൾ വിജ­നേ.
3. ഉര­ഗാ­ഭ­ര­ണ­നെ­ന്നിൽ ഉരു­കാ­രു­ണ്യ­മു­ണ്ടെ­ങ്കിൽ
നരകാദിഭ­യ­മി­ല്ലെ­ന്ന­റി­ക.
തിരി­യാഞ്ഞോ ഞാനും നിന്നെ­ബ്ഭ­രി­യാഞ്ഞു? നിന­ക്കില്ലേ
വൃത്ത­ശുദ്ധി വിഷ്ണു­ഭക്തി മയ്യൊരു
ഭർത്തൃ­ബുദ്ധി കൃത്യ­സ­ക്തിയും തുണ? വിജ­നേ.

പന്തു­വ­രാളി - മുറി­യ­ടന്ത
ശ്ളോ. ചിന്ത­യ­ന്ത­മിതി ചേതസി കാന്താം
തദ്വി­യോ­ഗ­വി­ധുരം നിഷ­ധേന്ദ്രം
ജീവലോ രഹസി ജാതു സഹാസോ
ജീവ­ലോ­ക­സു­ഖദം തമ­വാ­ദീ­ത്‌.
പദം. 11 ജീവ­ലൻ:
പ. അവ­ളേ­തൊരു കമനീ ഹേ ബാഹു­ക,
തവ യാ ധൃതി­ശ­മനീ?
അനു. സവി­ചാരം നിയതം പരി­ദേ­വിതം
യത്കൃതേ നിശി നിശി അവ.

സൗരാഷ്ട്രം - മുറി­യ­ടന്ത
പദം 12 ബാഹു­കൻ:
പ. സ്വൈര­വ­ചനം സ്വകൃ­ത­ര­ചനം ഭണിതം ജീവ­ല.
അനു. ആരെ­ന്നി­റി­യേ­ണ്ടാ, കേളൊരു മാന­വൻ
ആരാ­നോടും പറഞ്ഞു തൻ വ്യസനം സ്വൈര.
ച. 1 കേൾക്കി­ലുണ്ടേ കൗതൂ­ഫലം പാർക്കി­ല­വൻ സാധു­ശീ­ലൻ
മൈക്കണ്ണാ­ളു­മായ്‌ കേവലം വിള­യാ­ടിന കാലം
ഉണ്ടായ്‌ വന്നി­തൊ­രു­മൂലം കണ്ട­റി­വാൻ മൃഗ­ശീലം
തെണ്ടു­വാനും ഫല­മൂലം; കണ്ട­വ­രാർ വധി­ദു­ശ്ശീലം? സ്വൈര.
പദം 11 ജീവ­ലൻ:
നീയും നിന്നുടെ തരു­ണിയും അഭി­പ്രാ­യാ­നു­കൂ­ല­മ­മായം
പലർകൂ­ടി­ക്ക­ളി­യാടി ത്തളിർചൂടി സുഖ­മായി
വനം­തേടി ക്രീഡയാ നട­ന്ന­ള­വി­ല­ങ്ങ­വളെ
വെടി­ഞ്ഞാനോ നട­ന്നാനോ? സ്മയ­വാനോ ധൃതി­മാനോ?
നീ താനേ പിന്നെ­ക്കി­ട­ന്നതു നിന­ച്ച­ഴൽ വഹസി വില­പ­സി.
അവ.
പദം 12 ബാഹു­കൻ:
 2 പൂരി­ത­ധ­ന­സ­ന്ദോഹം ദൂരവേ വെടിഞ്ഞു ഗേഹം
ഭൂരി­ദു­ഷ്ട­മൃ­ഗ­സ­മൂഹം പുക്കു വന­നി­വ­ഹം,
സാപി നാരീ സവ്യാ­മോഹം കൈവി­ടാ­ഞ്ഞാൽ കാന്താ­ദേഹം;
സമ്പ­ത്തു­ണ്ടാ­മി­നി­യെ­ന്നൂഹം; താദൃ­ശം­ത­ങ്ങ­ളിൽ സ്നേഹം.
സ്വൈര.

പദം 11 ജീവലൻ
3 ഈവ­ണ്ണ­മ­വൻ വാണു ദാവം, ഓർക്കിൽ
ഏവം ദൈവ­ത്തിൽ പ്രഭാവം
അറി­വാനും പറ­വാനും ഫണ­വാനും കഴി­വുണ്ടോ?
മറി­മാനും സിംഹവും എട്ട­ടി­മാനും നിറയും
വന­വാസേ സവി­ലാസേ അനു­ഭൂതേ പുന­രേ­തേന
പുരാ തേ സംബ­ന്ധ­ങ്ങൾ;
അതു ചുരു­ക്കു­ക, പറക പരി­ണ­തി. അവ
പദം 12 ബാഹു­കൻ:
 3 അവ­ള­വശം ഉറ­ങ്ങു­ന്നേരം അവി­ന­യ­വാൻ പോയി ദൂരം,
അവ­ന­കലേ പോകു­ന്നേരം അനു­താപം പാരം,
ആ വന­മ­തീവ ഘോരം അവ­ളു­ടയ അഴൽ പാരം,
അല്പ­ബു­ദ്ധി­ക്കതു വിചാരം; അദ്ഭു­ത­മൊക്കെ സ്സാരം. സ്വൈര.

പദം 11 ജീവ­ലൻ:

3 ഞാനെ­ന്നു­മെ­നി­ക്കു­ള്ള­തെന്നും
അഭി­മാ­ന­മെ­ല്ലാ­വർക്കും തോന്നും,
അതു മായം അത­മേയം അതു മായു­ന്ന­തു­മ­ല്ലു­ല­കിൽ
കായം­പോ­കിലും; തദു­പായം യോഗി­കൾക്കു­പ­ദേ­ശം,
ഗത­നാശം അതി­ക്ളേശം പശു­പാ­ശം, ജഗ­ദീശം ചിന്തി­പ്പ­വർ
ജനി­മൃ­തി­ക്ഷ­യ­മ­നു­ഭ­വി­പ്പ­വൻ. അവ.

ദണ്ഡകം

1 സാകേ­ത­വാ­സിനി നിജാ­കാ­ര­ഗോ­പിനി
സശോകേ തദാ നിഷ­ധ­രാജേ
ഭൂസു­രർ നട­ന്നു- ഭീമ­നൃ­വ­രന്റെ
'സാഹ­സി­ക­ന­വനെ നര­ലോ­ക­മ­തിൽ നിഖി­ല­ദിശി
വേഗ­മൊടു തിര­വിൻ' ഇതി വാചാ
സഹിതാ ശുചാ ദമ­ന­ദ­മദാന്തസോദ­രി­യു-
മതി­താ­ന്ത­യാ­യ­വ­രൊ­ടൂചേ;
'തിരക ദിശി യൂയം ദിയി­ത­മു­രു­മായം
സക­ല­നൃ­പ­സ­ഭ­ക­ളി­ലു­മൊ­രു­പൊ­ഴുതു കളി കരു­തി-
യൊളി­വി­ലൊരു മൊഴി­യു­മു­ര­ചെയ്‌വിൻ!
3. 'എങ്ങോ­ട്ടു­പോ­യി, രസ­ഭ­ങ്ഗോ­ദ്യ­തോ­സി, പട-
ഭങ്ഗോസ്തു ഖേദ­മ­തി­നില്ലാ;
ഏതുമറി­വി­ല്ലാ­ഞ്ഞാധി മമ നില്ലാ;
ഏവ­മയി! കിത­വ, മമ ഭാവ, മിനി­യ­തു­മ­റി­ക,
യാവ­ദ­സു­നി­യ­മ­മ­തു­മി­ല്ലാ.'
4. ഇതി വാക്കി­നേ­ക­നൊരു പ്രതി­വാക്കു ചൊൽകി­ല­തു-
മുടന്യേ നിങ്ങൾ പറ­യേ­ണം.'
ഇതി സപദി ഭൈമീ­മൊഴി കരുതി യേമീ
ഇവർ പല­രി­ലൊ­രു­വ­നഥ രവി­കു­ല­ജ­നൃ­പ­തി­വ­ര-
സവി­ധ­ഭുവി മൊഴി­യതു പറ­ഞ്ഞു.

രങ്ഗം ഏഴ്‌: ഭൈമി­യുടെ അന്തഃ­പുരം
ദമ­യന്തി - പർണ്ണാ­ദൻ
മദ്ധ്യ­മാ­വതി - ഏക­താളം

ശ്ളോ. വർണ്ണാൻ പർണ്ണാ­ദ­കീർണ്ണാൻ നൃപ­സ­ദസി സുധാ-
സാര­സാ­വർണ്ണ്യ­പൂർണ്ണാ-
നാകർണ്ണ്യാ­കർണ്ണ്യഘൂർണ്ണ­ന്മ­തി­ര­നു­ഗ­ത­വാൻ
പ്രസ്ഥിതം ബാഹു­കസ്തം;
സല്ലാ­പ­സ്താ­ദൃ­ശോ­ഭൂ­ദ്ര­ഹസി കില തയോർ-
ബാഹുകോ യേന ഭേജേ
ചിന്താം, സന്താ­പ­ശാന്ത്യൈ സ ച ധര­ണി­സു­ര-
സ്സാന്ത്വ­യാ­മാസ ഭൈമീം.

പദം 13 പർണ്ണാ­ദൻ:
പ. വ്യസനം തേ ദമ­യ­ന്തി, സമസ്തം അസ്ത­മ­യ­താം.
അനു. വചനം തേ ഞാൻ ചൊല്ലു­ന്നേ­ര­മീ-
വർത്ത­മാ­ന­മ­റി­ഞ്ഞാ­നൊരു മാന­വൻ. വ്യസ­നം.

മുഖാരി - ഏക­താളം
പദം 14 ഭൈമി:
പ. നീ വന്ന നേരത്തേ വന്നൂ നിഖി­ലവും മേ സമ്പ­ന്മൂലം
അനു. പോകു­ന്ന­വ­രാ­രെ­യുമേ പുന­രി­വിടെ ക്കണ്ടീലേ ഞാൻ. നീ.
ച. 1 എവി­ടെ­യെല്ലാം പോയി നീതാൻ
എന്നു ചൊല്ലുക പർണ്ണാ­ദാ,
എവി­ടെയോ മേ പരി­ണേ­താ-
വെന്ന­റി­കി­ല­നാ­മ­യം. നീ.
പദം 13 പർണ്ണാ­ദൻ:
ച. 1 ആകവേ ദിക്കെങ്ങും നട­ന്നേ­നേ, ഒരു നാൾ
സാകേ­ത­ത്തി­ലങ്ങു കട­ന്നേ­നേ,
നീ കേൾ: നിന്മൊഴി പറ­ഞ്ഞി­രു­ന്നേ­നേ, പിന്നെ
ഋതു­പർണ്ണാ­ന്തി­ക­ത്തിൽനി­ന്നെ­ഴു­നേ­റ്റി­ങ്ങ­ക­ന്നേ­നേ. വ്യസ­നം.
2. സാര­നാ­മൃ­തു­പർണ്ണൻ തന്നുടെ ഇഷ്ട-
സാരഥി വന്നി­തെന്റെ പിന്നൂടെ;
ധീരൻ ബാഹു­ക­സം­ജ്ഞൻ നിന്നുടെ ഖേദം
തീരു­വാ­നു­ര­ചെ­യ്താ­നു­ത്ത­ര­മ­തി­ന്നു­ടെ. വ്യസ­നം.
പദം 14 ഭൈമി:
2. തുകിൽ മുറി­ച്ചൊ­ളിച്ചു പോവാൻ
തോന്നിയവാറെ­ങ്ങ­നേ­വാൻ?
തുണ­യെ­നി­ക്കി­ല്ലെ­ന്തോ­രാ­യ്വാൻ
ധൂർത്ത­നതു കേട്ടെ­ന്തൂ­ചി­വാൻ? നീ
പദം 13 പർണ്ണാ­ദൻ:
3 'ചാരു­ത്വ­മെഴും നിയ­മ­നി­ഷ്ഠയും നല്ല
ചാരി­ത്ര­മെ­ന്നു­ള്ളൊരു ചട്ടയും
പാതി­വ്ര­ത്യ­പ­ര­മ­കാ­ഷ്ഠയും കുല-
പാലി­ക­മാർക്കി­തത്രേ നല്ലൊരു കോട്ടയും' വ്യസ­നം.
പദം 14 ഭൈമി:
3 പട­മ­റുത്ത പടു­വി­ടനേ
പാർത്ഥി­വ­ന­തി­ശ­ഠനേ
പാർത്തു­ക­ണ്ടാൽ ഞാനാ­ളു­ടനേ
ഭവ­ദ­ഭീ­ഷ്ട­ധ­ന­സ­ങ്ഘ­ടനേ നീ.
പദം 13 പർണ്ണാ­ദൻ:
4 അസ്മ­ദാ­ദി­കൾ പലർ ഭൂതലേ മണ്ടി
യുഷ്മദാ­ദേശം കേട്ട പോതി­ലേ,
വിസ്മ­യ­നീ­യ­ശീ­ല­ക്കാ­ത­ലേ, പര-
മസ്മാകം തുറക്ക നീ ഗുണം വരു വാതി­ലേ. വ്യസ­നം.

രങ്ഗം എട്ട്‌: ഭൈമീ­മാ­താ­വിന്റെ കൊട്ടാരം
ദമ­യ­ന്തിയും അമ്മയും
ശങ്ക­രാ­ഭ­രണം - ചെമ്പട

ശ്ളോ. പർണ്ണാ­ദുന ഗോധ­നവും സ്വർണ്ണാ­ഭ­ര­ണ­ങ്ങളും ദത്വാ
ചെന്നാശു ജനനി തന്നൊടു ചൊന്നാൾ തന്നാ­മ­യം­ഭൈ­മീ.
പദം 15 ഭൈമി:
പ. ജന­നീ, മേ കാന്തൻ സാകേതം തന്നിൽ
ചെന്നു വാണീ­ടുന്നു പോൽ;
അനു. അനു­നീ­യൈനം ഇവിടെ വരു­ത്തു­വാൻ
ആരെ നാമ­ങ്ങ­യ­ച്ചീ­ടാവൂ ജന­നീ.
ച. 1 വമ്പ­നോടു വമ്പി­ല്ലാർക്കും;
അരി­നൃ­വ­ര­പു­രവും നഗ­രവും തിര­കിലും
അരുതരു­ത­വ­നൊ­ടെ­ന്ന­വ­ര­വ­രൊ­രു­പോലെ
ഇരു­കരം കൂപ്പി നെടു­വീർപ്പു­മു­ട­നി­യന്നു
വിന­യ­മൊടു വണങ്ങി നില്പ­രെ­ന്നിതു കേൾപ്പൂ ഭുവി
ജന­നീ.
2 വമ്പ­നോടു വമ്പി­ല്ലാർക്കും;
ബാല­നല്ല ശിഷ ചെയ്വാൻ,
സമ്പ്രതി മറ്റെ­ന്താ­വ­തോർത്താൽ സാമ­മെ­ന്നിയേ,
സങ്ഗ­തി­യി­ല്ലാത്ത ദിക്കിൽ സാമ­ന്തൻ താൻ എന്ന­പോലെ
അങ്ങെ­ങ്ങാനും പോയിവാണാൽ അവ­മാ­ന­ത്തി­ന്ന­ള­വുണ്ടോ?
ജന­നീ.
പദം 16 ഭൈമീ­മാ­താവ്‌:
പ. പീഡി­ക്കേണ്ടാ തന­യേ, സുന­യേ,
അനു. ഉദ­ന്ത­മിതു വന്നിഹ പറ­ഞ്ഞ­താരോ നേരോ ചൊൽ.
ജന­ക­നൊ­ടി­നി­യെ­ന്നാൽ ഇതു ചെന്നു­ചൊല്‌വൻബാ­ലേ,
പീഡി.
ച.1 പീഡി­ച്ചീ­ട­രു­തെന്നെ നീ, മുന്നേ ജന­കൻ പല ഭൂസു­രരെ
പൃഥി­വി­യിൽ നീളേ നിന്നുടെ ദയി­തൻ നളനെ
നിഖി­ല­ദിശി തിര­വാ­നായ്‌ നന്നായ്‌ നിയോ­ഗി­ച്ച­യ­ച്ചാൻ;
അവ­രി­ലാ­രാരും വന്നാരോ ഇവിടെ?
മഹി­ള­മാർമൗ­ലേ, മങ്ഗ­ല­ശീ­ലേ, മതി­മു­ഖി, മാഴ്കീ­ടൊ­ല്ലാ.
പീഡി.
പദം 15 ഭൈമി:
 3 പർണ്ണാ­ദ­ഗിരാ തദിദം വിദി­തം,
പര­മാർത്ഥ­മി­തി­ന്ന­വ­നാ­ലു­ദി­തം,
ചൊന്നാ­ന­വ­നോ­ടൊരു വാക്യം
മയി പറ­വാ­നായ്‌ വിജ­നേ,
എന്നാ­ലിനി ഞാനൊന്നു പറ­യാം, ഇനി­യൊരു മഹീ­സു­രനെ
ഇവിടെ നാം വരുത്തി ഉടനെ ഋതു­പർണ്ണാ­ന്തികേ വിടേ­ണം.
ജന­നീ.
രങ്ഗം ഒൻപത്‌: ഭൈമീ­ഗൃഹം
ദമ­യ­ന്തി, സുദേ­വൻ
എരി­ക്കി­ല­ക്കാ­മോ­ദ­രി- ചെമ്പട
ശ്ളോ. ഇതി നിജ­ജ­ന­യി­ത്രീ­മ­ങ്ങൊരോ വാർത്ത ചൊല്ലി-
ത്തദ­നു­മ­തിയെ വാങ്ങി­ത്താ­തനും ബോധി­യാതെ
സപദി കില സുദേവം സാര­നാ­മ­ദ്വി­ജേന്ദ്രം
സകു­തു­ക­മിതി ചൊന്നാൾ സാ സമാ­നായ്യ ഭൈമീ. 11
പദം 17 ഭൈമീ:
പ. കര­ണീയം ഞാനൊന്നു ചൊല്ലു­വൻ കേൾക്ക സുദേ­വ,
ച.1 ധര­ണി­യിൽ മണ്ടി­പ്പണ്ടു താത­ശാ­സനം കൈക്കൊണ്ടു
തദനു ചേദി പുക്കു­കൊണ്ടു നീയെ­ന്നെ­ക്ക­ണ്ടു. കര­ണീ­യം.
2 അവി­ട­ന്നെ­ന്നെ­ക്കൊ­ണ്ടു­പോന്നു താത­പാ­ദ­സ­ന്നിധി ചേർത്തു,
ആര­തോർത്തു ദൈവ­ഗ­തി­യല്ലേ മേദി­നീ­ദേ­വ. കര­ണീ­യം.
3 ഇന്നി­യു­മ­പ്പോ­ലെൻനി­മി­ത്ത­മെൻ മാതാ­വിൻ നിയോ­ഗ­ത്താൽ
ഇന്നീ­യു­മി­പ്പോ­ളൊ­ന്നുണ്ടു വേണ്ടൂ കേൾക്ക സുദേ­വ.
കര­ണീ­യം.
4 ഇവി­ടെ­നിന്നു നട­കൊണ്ടു ഋതു­പർണ്ണ­ഭൂ­പ­നെ­ക്കണ്ടു
സപ­രി­തോഷം പൂജ കൈക്കൊണ്ടു സാരസ്യം പൂണ്ടു
കരണീയം.
5 സമ­യ­ഭേദം നോക്കി­ക്കൊണ്ടു സഭ­യി­ലൊന്നു ചൊല്ലി­ക്കൊണ്ടു
സാധു­ശീ­ല, വരിക നീ വീണ്ടു വൈകാ­തെ­ക­ണ്ടു. കര­ണീ­യം.
6 നമു­ക്ക­തു­കൊ­ണ്ടു­പ­കാരം നൈഷ­ധ­ദർശനം സാരം
നിന­ക്കല്ലേ നീരസം പാരം നിത്യ­സ­ഞ്ചാ­രം. കര­ണീ­യം.

7 സത്വരം നീ നിർവ്വി­ചാരം സാധേയ മേ കാര്യ­ഭാരം
സത്തു­ക്കൾക്ക­ന്യാ­ധി­സം­ഹാരം സർവ്വാ­ധി­കാ­രം. കര­ണീ­യം.

മദ്ധ്യ­മാ­വ­തി­-­ചെ­മ്പട
പദം 18 സുദേ­വൻ:
പ. യാമി യാമി ഭൈമീ, കാമിതം ശീഘ്രം സാധ­യി-
ഷ്യാമി, സാമി സാധിതം മയാ.
അനു. നാമിഹ സേവി­ച്ചു­നി­ല്പൂ, ഭീമ­രാ­ജൻ ചൊല്ലൂ കേൽപ്പൂ
നീ മതി­മുഖി! പീഡിപ്പൂ! നാമി­ള­കാതെ ഇരിപ്പൂ! യാമി.
ച.1 രാപ്പ­കൽ നട­ന്നാ­ലില്ലാ മേ കാല്പ്പ­രി­ശ്രമം
ഓർപ്പനേ നിന്ന­ഴ­ലെ­ല്ലാ­മേ,
ബാഷ്പ­മെല്ലാം നില്ക്ക, നിന്നെ­ച്ചേർപ്പനേ കാന്തനോ­ടി­പ്പോൾ;
താല്പ­രിയം മറ്റൊ­ന്നി­ല്ല, മേല്പു­ട­വ­യെ­ടു­ക്കേ­ണം. യാമി.
 2 എത്ര­വഴി മണ്ടി നടന്നു പണ്ടു നിന്നെ­ക്ക-
ണ്ടെത്തു­വോളം ഞങ്ങൾ തളർന്നു.
അത്ത­ലി­ല്ല­തു­കൊ­ണ്ടാർക്കും, ഇത്ര­മാ­ത്ര­ത്തി­നെ­ന്തുള്ളൂ?
ഉത്ത­ര­കോ­സ­ല­രാജ്യം ദ്വിത്രി­ദി­ന­പ്രാ­പ്യ­മ­ല്ലോ. യാമി.
 3 ദീന­ത­യെ­നി­ക്കില്ല ബാലേ, സാകേ­ത­ത്തിനു
ഞാന­റിയും വഴി വഴി­പോ­ലെ.
ദാന­വരെ വെല്ലും ചൈത്ര­ഭാ­ന­വ­കു­ലീനം നൃപം
ഞാന­റി­യു,­മെ­ന്ന­ല്ല,­വൻ നൂന­മെ­ന്നെ­യു­മ­റി­യും.
 4 ആള­യ­ച്ചി­ട്ടു­ണ്ടെ­ന്മാ­നില്ലാ ഇല്ലെ­ന്മാ­നി­ല്ലാ,
നീളെ­നിന്നു വന്നു കളി­യ­ല്ലാ,
ആള­ക­മ്പ­ടി­ക­ളോടും മേള­വാ­ദ്യ­ഘോ­ഷ­ത്തോടും
വാളു­മാ­ട­മ്പു­ള്ളോ­രെ­ത്തി, വേളി, നാളെ യെന്നും ചൊല്ലാം.
യാമി.
രങ്ഗം പത്ത്‌: ഋതു­പർണ്ണന്റെ കൊട്ടാരം
ഋതു­പർണ്ണൻ,­ബാ­ഹു­കൻ­-­സു­ദേ­വൻ
ധന്യാ­സി­-­ചെ­മ്പട
ശ്ളോ. ധൃത­മു­ദേ­വ­മു­ദീര്യ സുധീർയയൗ
സ തു തദൈവ സുദേ­വ­മ­ഹീ­സുരഃ
സദസി ചോപ­സ­സാര സസാ­രഥിം
കഥി­ത­വാ­നൃ­തു­പർണ്ണ­മ­ഹീ­പ­തീം.
പദം 19 സുദേ­വൻ:
പ. മാന്യ­മ­തേ, ­ഖി­ല­ഭു­വ­ന­ത­ത­കീർത്തേ,
ബുധ­ജ­ന­മാ­ന്യ­മ­തേ,
അനു. ദൈന്യ­മെന്ന വാർത്ത പോലും
പര­മൊ­രു­പൊ­ഴു­ത­റി­യാതെ ഭവാൻ
വൈന്യ­സ­മ, ഋതു­പർണ്ണ­ഭൂ­മി­പ,
വച­ന­മേ­ത­ദു­പ­കർണ്ണ­യതാം മമ. മാന്യ.

 1 ശങ്ക­നീ­യ­നെ­ന്നാ­കിലും കുതുകം കഥ­ഞ്ചന ചൊല്ലു­വൻ,
നിങ്ക­ല­വ­സ­ര­മി­ങ്ങ­ന­ങ്കു­ശ­മെ­ന്നൊ­രി­ങ്ഗി­ത­മി­ങ്ങ­നേ,
സങ്കുലാ സക­ലാ­ഭൂ­മ­ണ്ഡലി സാമ്പ്ര­തം, ധരി­യാ­ഞ്ഞിതോ?
ശങ്ഖ­മ­ദ്ദ­ള­മ­ങ്ഗ­ള­ധ്വനി ദിങ്മു­ഖേഷു നിശ­മ്യ­തേ. മാന്യ.
 2 എന്തി­തി­ന്നൊരു കാര­ണം, ശ്രുണു, പന്ത­ണി­മു­ല­മാർമണി
സുന്ദരി ദമ­യന്തി കാന­ന­ഭ്രാ­ന്ത­നൈ­ഷ­ധ­രോ­ഷിണി
താന്ത­നിക്കു നിതാ­ന്ത­ര­മ്യ­നി­ശാ­ന്ത­കേ­ളിഷു ബാന്ധവം
കാന്ത­നാക്കി നൃപാന്തരം വരി­പ്പാൻ തുനിഞ്ഞു സഭാ­ന്ത­രേ.
മാന്യ.
 3 എന്നു­കേ­ട്ടൊരു വാചികം ചതു­രർണ്ണ­വാ­ന്ത­ര­രാ­ജകം
എന്നൊ­ടെ­ന്നൊടു സന്ന­താ­ങ്ഗി­യി­ണ­ങ്ങു­മെ­ന്നൊരു
കൗതു­കാത്‌
വന്നു­വന്നു നിറഞ്ഞു കുണ്ഡി­നം, ഇന്ന­തെ­ന്നു­റ­ച്ചി­ന്ന­ലേ,
ഇന്നു കേട്ടിതു നാളെ­യെ­ന്നി­തൊ, രാളു­മൂ­ല­മി­തെ­ന്ന­തും.
മാന്യ.
കല്യാ­ണി­-­ചെ­മ്പട
പദം 20 ഋതു­പർണ്ണൻ:
 പ വരിക ബാഹുക! എന്ന­രി­കിൽ വരിക ബാഹുക!
അനു. നിരു­പ­മാ­ന, സാര­ഥ്യ­സാ­ര­സ്യ­പാ­കേഷു
നീ കേൾക്ക ലോകൈ­ക­മാന്യ! വരി­ക.
ച.1 അധ­രി­ത­സ­ക­ല­ന­ര­ലോകം ആത്മ­നൈ­പുണം
സഫ­ല­മാ­ക്കി­ക്കൊൾവാ­നിന്നു തര­മൊ­ര­വ­സരം;
അതിനു നീതാ­നോർക്കി­ലാ­ളെ­ന്നു­നിർണ്ണയം
മനസി മാമ­കേ, തദിഹ മാസ്തു വൈപ­രീ­ത്യം,
എന്തെന്നും കഥ­യാ­മി, മന്ദത കള­യേ­ണം. വരി­ക.
2 അകൃ­ത­ക­പ്ര­ണ­യ­മ­നു­രാ­ഗ­മാർദ്ര­ഭാ­വവും
സുകൃ­ത­സാ­ധ്യ­മെ­ന്നിൽ മുന്നേ ഭൈമി­ക്കതു ദൃഢം;
അവ­നി­സു­രന്റെ വാക്കി­നു­മോർക്കണം ഇതിഹ കാരണം;
അതിനു ശാസ്ത്രം കാമ­ശാസ്ത്രം
സൂത്രം താന­റി­യാ­തോ, സുന്ദരീ വിദുഷീ സാ? വരി­ക.
3 നള­ന­തി­സു­കൃ­തീ, അതു­മൂ­ല­മ­ന്ന­സാ­ധ്യ­മായി
ലളി­ത­ഗാ­ത്രീ­മേ­ളനം; ഇന്നു ലഭി­ക്കു­മെന്നു മേ.
തെളി­വി­നൊടേ തേർ നീ തെളി­ക്കേണം ഗളി­ത­സം­ശ­യം,
നളി­ന­ബ­ന്ധു­താ­നു­ദി­ക്കിൽ നാള­പ്പോൾ
നളി­നാക്ഷീ നമ്മൊടു ഘട­നീയാ നന്മ­ണി­ര­മ­ണീ­യാ. വരി­ക.
രങ്ഗം പതി­നൊന്ന്‌: രഥം
ദിജാ­വ­ന്തി­-­ചെ­മ്പട
ശ്ളോ. സുദേ­വോക്താ വാണീ സ്വദ­യി­ത­ത­മോ­ദ­ന്ത­പി­ശുനാ
സുധാ­മിശ്രാ പൂർവ്വം ശ്രവസി വിഷ­ധാ­രേവ പതിതാ
അഥോ­ല്ക്കേ­വാ­സഹ്യാ നൃപ­ത­ദൃ­തു­പർണ്ണസ്യ ച ഗിരാ
തതശ്ചിന്താ­മാ­പ­ത്ത­ര­ള­ഹൃ­ദയോ ബാഹുക ഇമാം. 13

 ബാഹു­കൻ രങ്ഗ­ത്തിന്റെ നടു­വി­ലി­രു­ന്നു­കൊണ്ട്‌
ആത്മ­ഗതം
പദം 21 ബാഹു­കൻ:
പ. മറി­മാൻക­ണ്ണി­മൗ­ലി­യുടെ മറി­വാർക്കി­ത­റിയാം!
അ­നു. ഒരു­മ­യായ്‌ രമി­ച്ചി­രു­ന്നൊരു മയാ­പ­രാധം
അവശം ചെയ്യ­പ്പെ­ട്ട­തോർത്താൽ
വിധുരം നിതരാം ചെയ്‌വാനോ?
ച.1 ആർത്തി പാരം വരു­ന്നേരം ഓർത്തുചൊ­ല്ലു­മോ­രോന്നേ
പേർത്തു കർണ്ണാ­കർണ്ണി­കയാ ധൂർത്ത­ര­ത­റിഞ്ഞു
ഓർത്തു­റ­ച്ചേ­വ­രു­മങ്ങു പാർത്ഥി­വ­ന്മാ­രെ­ത്തു­കിലും
തീർത്തു­ചൊ­ല്ലാം,­നി­ന്ദ്യ­കർമ്മം­താർത്തേൻമൊഴി ചെയ്ക­യി­ല്ല. മറി.

2. അന­വധി മമ പുന­ര­പ­രാ­ധം,
അതി­നിതു സമു­ചി­ത­മ­തി­വാ­ദം,
അഴൽ മന­മ­തി­ലെ­ഴു­മൊ­രു­പോ­ത­ങ്ങവൾ പറ­കി­ലാമേ;
അതൊ­ഴികെ അനു­ചി­ത­മൊ­രു­നാളും
അപ­ഥിഷു മതി­ഗതി അവൾക്കില്ല
അതി­പ­രി­ചിതമെനി­ക്ക­വൾശീലം;
അല­മ­ലമതിചല­വി­ല­പി­ത­വി­ല­സി­ത­മിതു നൂനം. മറി.
വാർഷ­ണേ­യനും ഋതു­പർണ്ണനും പ്രവേ­ശി­ക്കുന്നു
ഋതു­പർണ്ണ­നോട്‌:
3 പ്രക­ടി­ത­മ­ഭി­മ­ത­മൃ­തു­പർണ്ണ,
വധൂ­മ­ണി­ഗു­ണ­ഗ­ണ­ഹൃ­ത­കർണ്ണ,
മമ മതിഗതി പുന­രി­തി­വ­ണ്ണ­മ­രു­തെ­ന്നു­മി­ല്ലാ,
ഇവ­നൊ­ടു­മ­ഹ­മിഹ തവ സൂതൻ;
അണി­മ­ണി­ര­ഥ­വ­ര­മ­ധി­രോ­ഹ,
ഭജ പുര­ന­ഭി­മ­ത­മ­തി­വേഗം മുന്നം,
അഹി­മ­കി­ര­ണ­നഥ ചര­മ­ഗി­രി­സി­രസി നിപ­തതു. മറി.
ശ്ളോ. "എന്നി­വർണ്ണ­മൃ­ത്യു­പർണ്ണ­ഭൂ­പ­നു­പ­കർണ്ണ്യ
ബാഹു­ക­ഗിരം തദാ,
'നന്നു നന്നു തവ നൈപുണം സഫ­ല­മി­ന്നെ-
നിക്കി­തു­പ­കാ­ര­മായ്‌'
എന്നു ചൊല്ലി­യു­ട­ന­ന്യ­രാ­രു­മ­റി­യാതെ
തേർ കയറി മൂവരും
മന്ദ­മെന്യെ നട­കൊ­ണ്ടി­തങ്ങു രഥ­വേ­ഗ-
മെന്തു പറ­യാ­വതോ!"

ബാഹു­കൻ, ഋതു­പർണ്ണൻ, വാർഷ്ണേ­യൻ
കല്യാ­ണി- മുറി­യടന്ത
ശ്ളോ. കാണു­മ്പോൾ ക്ഷണ­മപി പിന്നി­ലാ­മ­ശേഷം
വീണും­പോ­മ­പ­രി­ചി­തൻ വ്യപേ­ത­ധൈര്യം;
തീക്ഷ്ണേയം രഥ­ഗ­തി­വേ­ഗ­ശക്തി യെന്നും
വാർഷ്ണേ­യൻ വലി­യൊരു ചിന്ത പൂണ്ടു നിന്നാൻ.15
പദം 22 വാർഷ്ണേ­യൻ (ആ­ത്മ­ഗ­തം)
പ. ആരയ്യാ! ഈ ബാഹു­കൻ
ദേവേ­ന്ദ്ര­സൂ­തനോ! പാർക്കിൽ ആരയ്യോ!
അനു. വീരാധിവീരൻ കോസ­ല­പ­തി-
സാര­ഥി­യായി ഭൂതലേ വാണി­ടു­ന്നോ­നി­വൻ- ആരയ്യാ!
ച.1 ആർക്കു പാർക്കിൽ നൈപു­ണ്യ­മേ­വം, മ-
റ്റാർക്കുമേ പാരിൽ കണ്ടീല ഞാനോ,
നേർക്കു­നേരെ നിഖി­ലവും വിദ്യാ
വാക്കി­നു­ള്ളൊരു കൗശ­ല­വും,
ഇല്ല തമ്മി­ല­ക­ലവും താര­ത­മ്യ­ശ­ക­ല­വും,
ഈഷ­ലു­ണ്ടി­വൻ നൈഷ­ധൻ
സൂത­വേ­ഷ­ധാരി മാന­വൻ. ആരയ്യാ!
2 മാർഗ്ഗം പാർക്കി­ല­ങ്ങോളം നന്നു
പാർക്കാ­വോ­ന്നെ,­ല്ലാ­മൊ­ടു­ക്ക­മ­ടു­ക്കത്തു
തേർക്കു, വേഗ­മ­നു­പ­മം, ഇതു
നോക്കുവാൻപോ­ലു­മാ­ള­ല്ലേ,
ഇക്കർമ്മ­ത്തിൽനാ­മ­ല്ലെ, പരി­ശ്ര­മി­പ്പോ­രി­ല്ലേ,
ഈഷ­ലു­ണ്ടി­വൻ നൈഷ­ധൻ
സൂത­വേ­ഷ­ധാരി മാന­വൻ. ആരയ്യാ!
3 മൂഢനാ­കിൽ ഞാനത്രേ പാരിൽ
പ്രൗഢ­പ­രി­ചയം കൂടി­വ­സി­ച്ചി­ട്ടും,
പാട­വം­കണ്ടു രസി­ച്ചി­ട്ടും, തമ്മി-
ലൂഢ­സൗ­ഹൃദം രമി­ച്ചിട്ടും
തേടീ­ടി­നേ­നി­ല്ലൊട്ടും ശങ്കാ­ല­വം, ഇതു കഷ്ടം,
ഈഷ­ലെ­ന്തി­ലൻ നൈഷ­ധൻ
സൂതവേ­ഷ­ധാരി മാന­വൻ. ആരയ്യാ!
വേക­ട­-­അ­ടന്ത

ശ്ളോ. കണ്ടീലേ രഥ­വേ­ഗ­മേ­വ­മി­വ­നി-
ക്കൗശല്യമോർത്തീല ഞാൻ,
മിണ്ടീ­ലെ­ന്നോടു ജീവ­ലൻ മിക­വെഴും
വാർഷ്ണേ­യനും ചെറ്റു­മേ,
വേണ്ടീ­ലെന്നു വരും നമു­ക്ക­വ­ര­തോർ-
ത്തല്ലീ തദി, ത്യാദി­യോർ-
ത്തുണ്ടാ­യു­ത്ത­ര­വ­സ്ത്ര­പാ­ത­മൃ­തു­പ-
ർണ്ണോബോ­ധ­യദ്‌ ബാഹു­കം.
പദം 23 ഋതു­പർണ്ണൻ:
പ. മന്ദം മന്ദ­മാക്ക ബാഹു­ക, രഥ­ഹ­യ­വേഗം
മന്ദം മന്ദ­മാക്ക ബാഹു­ക,
അനു. നിന്നു ചൊല്ലേ­ണ്ട­തു­ണ്ടൊരു വാക്കെ­നി-
ക്കെന്നു­മ­ല്ല,­യെ­ന്നു­ത്ത­രീയം വീണു. മന്ദം
ച.1 ഓർത്തിട്ടു­ണ്ടൊന്നു ചൊല്ലു­വാ­നു­ള്ളിൽ, ചൊല്ലു­വൻ
അതു­മൊ,­രോ­രൂഴം കൊടുക്ക ഹയ­ങ്ങൾക്കു പല്ല­വാൻ,
തേർത്ത­ട്ടി­ന്മേൽ നാം നിൽക്കവേ വാർഷ്ണേ­യൻ മെല്ലവേ
പിന്നിൽ തിരി­ഞ്ഞി­റങ്ങി എടു­ക്കേ­ണ­മെൻ പട­ത­ല്ല­ജം,
അന­ന്ത­ര­മീ­വി­ധ­വേ­ഗ­മോ­ടി­ത­ങ്ങോ­ടി­ക്ക-
യെന്ന­തു­കൊ­ണ്ടെ­നി­ക്കി­ല്ല­തി­വൈ­കു­വാൻ;
ഏവമാ­കേണം ബാഹു­ക, കേൾക്ക നീ;
ഭാവ­മെ­ന്തി­തി­നേയും തരാഞ്ഞു നീ? മന്ദം.
പദം 24 ബാഹു­കൻ:
ച.1 അന്തിയാം മുമ്പെ കുണ്ഡി­നം­ത­ന്നിൽ ചെന്നു­ചേ­രേ­ണ­മെ­ങ്കി-
ലെന്തി­നു­ണ്ടാ­ക്കുന്നു കാല­വി­ളം­ബ­ന­കാ­രണം?
അന്തി­ക­ത്തി­ങ്ക­ലല്ലാ പടം ബഹു-
യോജന വഴി ചെന്നേ ലഭിപ്പൂ;
അതു­നല്ല ചിന്തി­ത­നാ­ശ­നം, അതെ­ന്നിയേ
പാർത്തു­പോ­കിലോ രാത്രി­യാ­യ്പ്പോ­കുമേ
പാഴി­ലാ­മി­പ്ര­യാ­സ­മി­തൊ­ക്കെയും
ഓർത്തുപോ­ന്ന­തീ­നേർത്ത വസ­നമോ
താർത്തേൻവാ­ണി­തൻ പാണി­ഗ്ര­ഹ­ണമോ?
പ. എന്തു ചിന്ത ഹന്ത ഭൂപതേ! ഹൃദയേ നിനക്ക്‌
എന്തു ചിന്ത ഹന്ത ഭൂപതേ!
പദം 23 ഋതു­പർണ്ണൻ:
ച.2 പാർത്തു ­കണ്ടു ഞാൻ നിന്നുടെ വിദ്യാ­വൈ­ഭ­വം, അസ്തു
തോർത്തുന്ന വസ്ത്ര­മി­പ്പോ­യ­തി­നാ­ലെന്തു ലാഘവം?
ധൂർത്തെന്നു തോന്നേ­ണ്ടാ, ചൊല്ലു­മാ­റില്ല ഞാൻ കൈത­വം,
പര­മാർത്ഥം നിന­ക്ക­റി­വാ­നുള്ള വിദ്യയും ചൊല്ലു­വൻ,
വിദൂ­ര­ത്തിൽ താന്നി­യെന്ന മര­ത്തിൽ ദല­ഫലം
ഞാൻ നിന­ച്ച­പ്പോൾ തോന്നി­യ­തി­നെണ്ണം
മൂന്നു­ല­ക്ഷവും മുപ്പ­തി­നാ­യിരം
ചേർന്ന­തി­ല്ലെ­ങ്കിൽ ചെന്ന­ത­ങ്ങെ­ണ്ണു­ക. മന്ദം.
ബാഹു­കൻ പോയി ദല­ഫ­ല­ങ്ങ­ളെണ്ണി ശരി­യെന്നു കണ്ട്‌ വിസ്മ­യ­പ്പെ­ടു­ന്നു.
പ. 24 ബാഹു­കൻ:
2 ഓർത്തു നീ ചൊന്ന­തെ­ത്ര­യു­മ­തി­വി­സ്മ­യം, നന്നി-
തോർക്കി­ലെ­നിക്കു പഠി­ക്കേ­ണ­മി­ന്നീ­വി­ദ്യ­യും,
പാത്ര­മ­തിന്നു ഞാനോർത്താലും നമ്മിലേ വേഴ്ച­യും, ചെറ്റു
പാർത്താ­ല­തു­കൊ­ണ്ടു­വ­ന്നീ­ടു­ക­യില്ലവീഴ്ച­യും, ഋതു­പർണ്ണ,
നന്നു വന്നിതു നല്ലൊരു സങ്ഗ­തി-
യിന്നു­ത­ന്നെ­യെ­നിക്കു പഠി­ക്കണം;
തന്നുടെ വിദ്യ­യ­ന്യനു വേണ്ടുകിൽ
നന്നു നല്കു­കി­ലെ­ന്നല്ലോ കേൾപ്പ­തു. എന്തു.

രങ്ഗം പന്ത്രണ്ട്‌: താന്നി­മ­ര­ച്ചു­വട്‌
നളൻ,­കലി
ചൂർണ്ണിക
ഇത്യേ­വ­മൈ­ക­മ­ത്യാ­പ­സൃ­ത-
നിത്യ­പ­രി­വാ­ര­ഹൃ­ദ്യ­പ­രി­ച്ഛാ­ദാ­ദി­രാ­ജ­ചി­ഹ്നേന
സുദേ­വ­ഭൂ­ദേ­വ­പ്ര­ഗ­ല്ഭ­താ­ക­ല്പി­ത-
വിദർഭ­ജോ­ദ്വാ­ഹോ­പാ­യോ­പ­ദാ­സു­ധാ-
പാന­ലാ­ഭ­ലോ­ഭ­ലു­പ്ത­ധൈ­ര്യ­സു­വർണ്ണേന
ഋതു­പർണ്ണേന മദ്ധ്യേ­മാർഗ്ഗം
വിദ്യാ­ഗ്ര­ഹ­ണാ­ഭി­ലാ­ഷു­ക­ബാ­ഹു­ക-
നിർബ­ന്ധ­സു­പ്ര­സ­ന്നേന വിതീർണ്ണായാം
വിക്ഷ­പി­ത­ക­ലി­മ­ലാ­യാ­മ­തി­ഹൃ­ദ്യാ­യാ-
മക്ഷ­ഹൃ­ദ­യ­വി­ദ്യാ­യാം,

നളൻ,­കലി
കല്യാ­ണി­-­ചെ­മ്പട
ശ്ളോ. വൈദർഭീ­ശാ­പ­രൂ­പോ­ദ്ധ­ത­ദ­ഹ­ന­ശി­ഖാ-
ദഗ്ദ്ധ­ശേഷം സശോഷം
ബീഭത്‌ കാർക്കോ­ട­കാ­ഖ്യോ­ത­ഗ­വി­ഷ­ത­ടി­നീ-
ഗാഢ­മങ്ഗം വിമൂഢഃ
രുദ്ധ­പ്രാ­ര­ബ്ധ­സി­ദ്ധിർന്ന­ള­മ­ന­ല­ധിയാ
ത്യക്ത­വാൻ സിദ്ധ­വി­ദ്യാ-
സുപ്രാ­കാ­ശ്യാ­സ­ഹിഷ്ണുഃ കലി­രഥ ജഗൃഹേ
സാസിനാ നൈഷ­ധേ­ന.
പദം 25 ബാഹു­കൻ:
പ. എന്നെ­ച്ച­തിച്ച നീ എവി­ടേക്കു പോയീ­ടുന്നു?
എനി­ക്കതു കേൾക്ക­യിൽ മോഹം.
അനു. സന്നച്ഛവി­വ­ദനം ഭിന്ന­സ്ഥി­തി­ച­രിതം
ഇന്നു മന്ദ, മമ നിന്നെ കണ്ടു­കി­ട്ടി. എന്നെ.
ച.1 കുത്സി­ത­രൂ­പ­മാ­പാ­ദ­ചൂഡം സജ്ജ­ന­ങ്ങ­ളിൽ
മത്സ­രി­ഭാവം ബിഭ്രാണം മൂഢം,
(ഭർത്സ­ന­മ­ല്ലി­തു) മന്യേ ത്വാം കീടം, സക­ല­ജ­നാനാ-
മുത്സ­വ­കാ­രണം ത്വന്നി­ധനം രൂഢം, നന്നെന്റെ ഭാഗ്യം
ദണ്ഡ­നീ­യ­ത­രെ, മന്നിൽ നീ സപധി
ഖണ്ഡ­നീ­യ­ഗ­ള­നിന്നു നീ, ചപല
ഷണ്ഡ, നീച, ഖല, മന്ദ, നീയു­ഴറി
മണ്ടു­വാൻ കൊതി­ച്ച­തെങ്ങു നീ?
അന്ധ­നായ്‌ പുറ­പ്പെ­ട്ടോരു നിന്നെയു
ണ്ടന്ത­കൻ വിളി­ക്കുന്നു വിരു­ന്നി­ന്‌.
വെന്തു നീറി­യെ­ഴു­മ­ന്ത­ര­ങ്ഗ­മ­തിൽ
ചിന്ത­യെ­ന്തി­നി­യൊ­ഴി­ഞ്ഞു­പോ­വ­തിന്‌? എന്നെ.
നീലാം­ബ­രി­-­ചെ­മ്പട
പദം 26 കലി:
പ. നിന്നെ­ച്ച­തി­ച്ചതു നിയതം ഞാനെ­ങ്കിലും
നിന്ദി­ച്ചീ­ടൊല്ലാ നീയെ­ന്നെ.
ച.1 ഇന്ദ്രമുഖാമരനിന്ദനമാചരിതം നിന്നാൽ ത്രൈലോക്യ-
സുന്ദരീംഭൈമീം പരിണയതാ നിയതം,
എന്നതു സഹിയാഞ്ഞെന്നാലാചരിതം നിന്നൊടിവണ്ണം
ഉന്നതദുർന്നയസന്മഹിമാ ഫലിതം, ചൂതിൽ തോറ്റതും
കാനനങ്ങളിലുഴന്നതും മനസി കാമിനീമപി മറന്നതും
കായവൈകൃതമിയന്നതും, കിമപി കാളിമാ യശസി വന്നതും,
അന്യസേവനകർമ്മം തുടർന്നതും
മന്യസേ മമ വഞ്ചനമെന്നതും
നിഹ്നുതാത്മകൃതദോഷ, നരാധിപ,
നിന്നൊടെന്തു ബത! ഞാൻ പറയേണ്ടതു? നിന്നെ.
മദ്ധ്യാമവതി - മുറിയടന്ത
പദം 27 ബാഹുകൻ:
പ. വഞ്ചക, നീ വരിക നേരേ വാഞ്ഛയെന്തിപ്പോൾ?
അനു. ലുഞ്ഛനം ചെയ്‌വനസിനാ നൂനം ഗളനാളീം. വഞ്ചക.
1. കനക്കെക്കൊതി നിനക്കെന്തു ചൊല്ലൂ,
മറുത്തതാരൊടു മറന്നിതോ ഇപ്പോൾ?
മനസ്സു മറിഞ്ഞങ്ങു തിരിച്ചു നീ, അപ-
മാർഗ്ഗമതിലേ സഞ്ചരിച്ചു നീ
വിധിച്ച വിധിയും വീഴ്ച വരുമോ,
വിശേഷിച്ചുമിതു കേൾക്ക കലേ,
വിദഗ്ദ്ധനെന്നങ്ങു ഭാവം നിനക്കെങ്കിൽ
നിയുദ്ധകേളിക്കു വരികെടോ! വഞ്ചക.
പുറനീര - ചെമ്പട
പദം 28 കലി:
പ. ക്ഷമിക്കവേണമേ അപരാധം, ശക്തി-
ക്ഷയവാനോടോ വേണ്ടൂ വിരോധം?
അനു. ശമിക്ക നിൻ കോപം ഭൂപ, കലി ഞാൻ മലിനൻ,
ബലക്ഷയവാനെങ്കിലും ബലി ഞാൻ. ക്ഷമിക്ക.
ച. 1 ബലമെന്തു? മറ്റൊന്നല്ലേ ബത! മേയുലകിൽ,
ഫലമെന്തു? ദുശ്ശീലശതമേ, ലോകേ
ഭവദശക്യനിധനന്മാർ കതമേ? ക്ഷമിക്ക.
പദം 27 ബാഹുകൻ:
2 വധിച്ചുകളവാനൊഴിച്ചു തോന്നാ
പിണച്ച ചതിയെല്ലാം നിനച്ചോളം, അസത്‌-
കരിച്ചു ചതിച്ചുടൻ ചിരിച്ചു നീ, നമസ്‌-
കരിച്ചു പിന്നെ എന്നെ സ്തുതിച്ചു നീ,
പഠിച്ചതെവിടെ പാപ, കപടം?
അനൗചിത്യഫല, മകാരണം
അനർത്ഥമോരോന്നേ വരുത്തിനാ, നതു
പൊറുത്തു നിന്നെയങ്ങയയ്ക്കുമോ? വഞ്ചക.
പദം 28 കലി:
2 പരപീഡനമെനിക്കു വ്രതമെന്നറിക,
പരിചെഴുമധർമ്മമെന്മതമേ,
പരമിപ്പോൾ ദുശ്ശീലമെല്ലാം ഗതമേ, ഇനിമേൽ
ഭവദാജ്ഞ കേട്ടിരിക്ക നിശ്ചിതമേ. ക്ഷമിക്ക.
പദം 27 ബാഹുകൻ:
3 കണക്കിൽ ചതിച്ചതു നിനയ്ക്കിലെന്നുടെ
മനസ്സിൽ വരും കോപം തണുക്കുമോ? ഇപ്പോൾ
വണക്കം കണ്ടിട്ടൊന്നുറച്ചു ഞാൻ, ഒരു
വാക്കു കേൾക്ക, വൈരം കുറച്ചു ഞാൻ,
ജനത്തിനിനി നിൻ ബാധയരുതേ,
യഥാകാലമഥവാ യഥാരുചി
വിവൃത്തനാകിലും സുവൃത്തകാരിക-
ളൊരുത്തരെയുമുപദ്രവിക്കൊലാ. വഞ്ചക.
പദം 28 കലി:
3 ബഹുമാനിയാ ഞാനാരെയും തൃണവത്‌, തദപി
ബഹുമതം തവ ചരിതം ഗുണവത്‌;
ഭവദാദേശമെനിക്കൊരു സൃണിവത്‌, ഇനിമേൽ
തവ കീർത്തി തെളഞ്ഞിരിക്കും മണിവത്‌. ക്ഷമിക്ക.
മദ്ധ്യാമവതി
ശ്ളോ. കലി നളനെയും കൈവിട്ടേവം കഴൽക്കു വണങ്ങിനാൻ;
കലിയെ നളനും കൈവിട്ടാജ്ഞാവശീകൃതനാക്കിനാൻ;
അവിദിതമിദം വാർഷണേയോപേതനാമൃതുപർണ്ണനാ-
ലവർ തെരുതെരെത്തേരോടിച്ചെന്നണഞ്ഞിതു കുണ്ഡിനം. 18


നളചരിതം മൂന്നാം ദിവസം സമാപ്തം

"https://ml.wikisource.org/w/index.php?title=നളചരിതം_മൂന്നാം_ദിവസം&oldid=214652" എന്ന താളിൽനിന്ന് ശേഖരിച്ചത്