Jump to content

നളചരിതം ഒന്നാം ദിവസം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
നളചരിതം ഒന്നാം ദിവസം (ആട്ടക്കഥ)

രചന:ഉണ്ണായിവാര്യർ
ഉണ്ണായി വാര്യർ രചിച്ച നളചരിതം ആട്ടക്കഥ ഒന്നാം ദിവസം. കാന്താരതാരകം ആധാരം.


നളചരിതം ആട്ടക്കഥ
ഒന്നാം ദിവസം
രാഗം-തോടി (ഭൈരവി). താളം- ചെമ്പട

ശ്ളോകം 1

ആസീത്‌ പുരാ പരമപാവനകീർത്തിഭൂമാ
നാകോപമേ നിഷധനീവൃതി നീതിശാലീ
രാജാ രതീശസുഭഗോ ജഗദേകവീരഃ
ശ്രീവീരസേനതനയോ നളനാമധേയഃ

(അന്വയവും അർത്ഥവും - പുരാ = പണ്ട്, നാകോപമേ = സ്വർഗ്ഗതുല്യമായ, നിഷധനീവൃതി = നിഷധരാജ്യത്ത്, പരമപാവനകീർത്തിഭൂമാ = ഏറ്റവും പരിശുദ്ധമായ കീർത്തിപ്പൊലിമയുള്ളവനും, നീതിശാലീ = നീതിമാനും, രതീശസുഭഗഃ = കാമദേവനെപ്പോലെ സുന്ദരനും, ജഗദേകവീരഃ = ലോകൈകവീരനും, ശ്രീവീരസേനതനയഃ = ഐശ്വര്യവാനായ വീരസേനൻ്റെ പുത്രനുമായി, നളനാമധേയഃ = നളൻ എന്നു പേരുള്ള, രാജാ ആസീത്‌ = രാജാവുണ്ടായിരുന്നു.)

(ചന്ദ്രവംശാലങ്കാരവും നാനാഗുണസമ്പന്നനുമായ നായകനെ വർണ്ണിച്ചവതരിപ്പിച്ചുകൊണ്ട് ആട്ടക്കഥ ആരംഭിക്കുന്നു)


നിലപ്പദം
പദം 1. പല്ലവി

അരമതാമിതകൗതുകമാലയേ
നരപതി നൈഷധവീരൻ.

(നരപതി = രാജാവായ, നൈഷധവീരൻ = നൈഷധവീരൻ, ആലയേ = കൊട്ടാരത്തിൽ, അമിതകൗതുകം = അളവറ്റ സന്തോഷത്തോടെ, അരമത= സുഖിച്ചു വാണു)

അനുപല്ലവി

ചിരമവനീമനുശാസദനാകുലം
ശീതഗുവംശകരീരൻ (അരമത).

(അവനീം = ഭൂമിയെ, അനാകുലം = ഒരു ദുഃഖവും കൂടാതെ, ചിരം = ഏറെക്കാലം, അനുശാസത് = ഭരിച്ച, ശീതഗുവംശകരീരൻ = ചന്ദ്രവംശാലങ്കാരമായവൻ(നളൻ) )

ചരണം 1

പെരിയൊരു ദോർബലപാവകദേവനു
വിറകാക്കീ വിമതൗഘം
പരിമിതിസരണിവിദൂരഗഗുണഗണ-
പരിമളപൂരിതലോകൻ (അരമത).

(അർത്ഥം -ശത്രുസമൂഹത്തെ കൈയൂക്കാകുന്ന അഗ്നിദേവനു വിറകാക്കിക്കൊണ്ട് അളന്നുതിട്ടപ്പെടുത്തലിൻ്റെ വഴികളിൽനിന്നെല്ലാം അകലെ വർത്തിക്കുന്ന(അളക്കാനാകാത്ത) ഗുണഗണങ്ങളുടെ സുഗന്ധംകൊണ്ട് ലോകം നിറച്ചവൻ)


ചരണം 2

വിശ്വമനോഹരചാരുശരീരൻ
വിശ്രുതസചിവസമേതൻ
വിദ്യാജലനിധി വിശ്വസനീയൻ
വിഷ്ടപപാലനശീലൻ (അരമത).

(അർത്ഥം - ലോകരുടെ മുഴുവൻ മനം കവരുന്ന ശരീരസൌന്ദര്യമുള്ളവനും കേഴ്വിപ്പെട്ട മന്ത്രിമാരോടുകൂടിയവനും വിദ്യാസാഗരവും വിശ്വസിക്കാവുന്നവനും ലോകസംരക്ഷണതത്പരനുമായ നളൻ)


ചരണം3

കലിശമനൗഷധരസമയചരിതൻ
കുലിശധരോപമവീര്യൻ
ശാർങ്ഗിപിനാകിപദാർച്ചനശീലൻ
വാങ്മനസാതിവിദൂരൻ (അരമത).

(അർത്ഥം - കലിദോഷം ശമിപ്പിക്കാനുള്ള ഔഷധമാകുന്ന രസപൂർണ്ണചരിതമുള്ളവനും ഇന്ദ്രതുല്യവീരനും വിഷ്ണുവിൻ്റേയും ശിവൻ്റേയും പാദങ്ങളെ പൂജിക്കുക ശീലമാക്കിയവനും വാക്കിനും മനസ്സിനും കണ്ടെത്താൻ പറ്റാത്തവനുമായ നളൻ)

രങ്ഗം ഒന്ന്‌: നളന്റെ കൊട്ടാരം
നാരദൻ നളനെസ്സന്ദർശിച്ച്‌
ദമയന്തീവൃത്താന്തം അറിയിക്കുന്നു.

രാഗം മുഖാരി - താളം അടന്ത

ശ്ളോകം 2.

നളനവരനേവം ഭൂതലം കാത്തു വാഴു-
ന്നളവിലവനിലേറ്റം പ്രീതി കൈക്കൊണ്ടൊരുന്നാൾ
മിളിതരസമെഴുന്നള്ളീടിനാൻ തത്സമീപേ
നളിനഭവതനൂജൻ നാരദൻ മാമുനീന്ദ്രൻ.

(അർത്ഥം - നളമഹാരാജാവ് ഈ വിധത്തിൽ (നിലപ്പദത്തിൽ വർണ്ണിച്ച വിധത്തിൽ) രാജ്യപാലനം നടത്തിക്കൊണ്ടിരിക്കവെ, അവനോട് ഏറെ ഇഷ്ടം തോന്നി ബ്രഹ്മപുത്രനായ നാരദൻ ഒരു ദിവസം നളൻ്റെ അടുത്തക്ക് എഴുന്നള്ളി)

പദം 2 നളൻ:

പല്ലവി.
ഭഗവൻ, നാരദ, വന്ദേഹം.

അനുപല്ലവി.
അഘവും നീങ്ങി മേ സർവ്വം
ഗൃഹവും പൂതമായിപ്പോൾ. (ഭഗ).

(അർത്ഥം - ഭഗവാനേ, നാരദാ, ഞാൻ വന്ദിക്കുന്നു. എൻ്റെ എല്ലാ പാപവും നീങ്ങി.ഗൃഹം പരിശുദ്ധമാവുകയും ചെയ്തു.)


ചരണം. 1

അരവിന്ദഭവയോനേ, വരവിന്നെങ്ങുനിന്നിപ്പോൾ?
ഹരിമന്ദിരത്തിൽനിന്നോ പുരിയീന്നോ നിലിമ്പനാം? (ഭഗ).

(അർത്ഥം - അല്ലയോ ബ്രഹ്മപുത്രാ,അങ്ങയുടെ ഈ വരവ് എവിടെ നിന്നാണാവോ? വൈകുണ്ഠത്തുനിന്നോ അമരാവതിയിൽ നിന്നോ)


ചരണം2

മുദിതം മാനസം മമ ഭവദങ്ഗദർശനേന
മുഴുതിങ്കളുദയേന കുമുദമെന്നതുപോലെ. (ഭഗ).

(അർത്ഥം - അവിടത്തെ ശരീരം തൃക്കൺപാർക്കയാൽ എൻ്റെ മനസ്സ് മുഴുതിങ്കളിൻ്റെ ഉദയംകൊണ്ട് ആമ്പൽ എന്നതുപോലെ സന്തുഷ്ടമായിരിക്കുന്നു)


ചരണം3

എന്തിനിച്ചെയ്യേണ്ടുഞാൻ നിന്തിരുവടിചൊല്ലാൽ
എന്നതരുൾചെയ്യേണം ഉന്നതതപോനിധേ! (ഭഗ).

(അർത്ഥം - ഉത്കൃഷ്ടമായ തപസ്സുകൾക്ക് ഇരിപ്പിടമായിട്ടുള്ളവനേ, അവിടത്തെ ആജ്ഞയനുസരിച്ച് ഈയുള്ളവൻ ഇനി എന്താണ് ചെയ്യേണ്ടതെന്ന് അരുളിച്ചെയ്താലും!)


രാഗം സൗരാഷ്ട്രം - താളം മുറിയടന്ത

പദം 3 നാരദൻ:

പല്ലവി.
ഭീഷിതരിപുനികര, നൈഷധ! നീ കേൾക്ക വീര!
ഊഴി തൻ നായകനാം നീ പാഴിലാക്കീടൊല്ലാ ജന്മം. (ഭീഷിത)

(അർത്ഥം - ശത്രുഭയം തീരെ ഇല്ലാത്തവനും വീരനും നിഷധരാജ്യാധിപതിയുമായ നീ സ്വജന്മം പാഴാക്കാൻ പാടില്ല)


ചരണം 1

നാഴിക തികച്ചൊരുനാൾ വാഴുവേനല്ലൊരേടത്തും
ഏഷണയ്ക്കു നടപ്പൻ ഞാൻ ഏഴുരണ്ടു ലോകത്തിലും.
(ഭീഷിത).

(അർത്ഥം - ഞാൻ ഒരിടത്തും ഒരു ദിവസം നാഴിക തികച്ചൂ കഴിയുന്നവനല്ല. ധർമ്മാദികാര്യാന്വേഷണത്തിനായി പതിനാലു ലോകങ്ങളിലും ഞാൻ സഞ്ചരിച്ചുകൊണ്ടിരിക്കുന്നൂ)


ചരണം 2

കുണ്ഡിനപുരിയിലുണ്ടു സുന്ദരീ ദമയന്തീതി
കന്യകാരത്ന, മവളിൽ വൃന്ദാരകന്മാർക്കും മോഹം. (ഭീഷിത).

(അർത്ഥം - കുണ്ഡിനനഗരത്തിൽ ദമയന്തി എന്നു പേരുളള സുന്ദരിയായ കന്യകാരത്നമുണ്ട്. അവളെ ദേവന്മാർ പോലും മോഹിക്കുന്നു)


ചരണം3

രത്നമെല്ലാം നിനക്കുള്ളൂ, യജ്ഞമേ ദേവകൾക്കുള്ളൂ,
യത്നമേതദർത്ഥം നൃപസത്തമ, നിനക്കു യോഗ്യം. (ഭീഷിത).

(ഓരോ വിഭാഗത്തിലും ശ്രേഷ്ഠമായുള്ളതെല്ലാം നിനക്ക്(രാജാവിന്) അവകാശപ്പെട്ടതാണ്.യാഗം മാത്രമേ - യാഗത്തിൽ അർപ്പിക്കുന്ന ഹവിസ്സു മാത്രമേ - ദേവകൾക്കവകാശപ്പെട്ടതായുള്ളൂ. അതിനാൽ,(നൃപസത്തമ,ഏതർത്ഥം യത്നം നിനക്ക് യോഗ്യം) അല്ലയോ രാജശ്രേഷ്ഠാ, ഇതിനുവേണ്ടിയുള്ള(കന്യകാരത്നത്തെ നേടാൻ വേണ്ടിയുള്ള) പരിശ്രമം നിനക്ക് ഉചിതം തന്നെയാകുന്നു )

രാഗം കല്യാണി.താളം ചെമ്പട


ശ്ലോകം 3.

ഏവം ശ്രുത്വാ ഭാരതീം നാരദീയാം
പൂർവ്വം തസ്യാം പാന്ഥലോകാച്ഛ്‌റുതായാം
സക്തം ചിത്തം തസ്യ വൈദർഭപുത്ര്യാം
ജാതം സാതങ്കാതിരേകാതിദൂനം.

(ഏവം = ഇപ്രകാരം, നാരദീയാം = നാരദൻ്റെ, ഭാരതീം = വാക്കു, ശ്രുത്വാ = കേട്ടിട്ട്, പൂർവ്വം = മുൻപുതന്നെ, പാന്ഥലോകാത് = സഞ്ചാരികളിൽനിന്നു, ശ്രുതായാം = കേൾക്കപ്പെട്ടിരുന്ന(കേട്ടറിഞ്ഞിരുന്ന)വളായ തസ്യാം =ആ, വൈദർഭപുത്ര്യാം = വിദർഭരാജപുത്രിയിൽ, സക്തം =അഭിനിവേശം പൂണ്ട, തസ്യ = അവൻ്റെ(നളൻ്റെ), ചിത്തം =മനസ്സ്, സാതങ്കാതിരേകാതിദൂനം ജാതം = ഏറെ ഉത്കണ്ഠിതവും അതീവ ദുഃഖിതവുമായിത്തീർന്നു)



പദം 4 നളൻ: (ആത്മഗതം)

പല്ലവി.
കുണ്ഡിനനായകനന്ദിനിക്കൊത്തൊരു
പെണ്ണില്ലാ മന്നിലെന്നു കേട്ടു മുന്നേ.

(കുണ്ഡിനാധിപതിയായ ഭീമരാജൻ്റെ മകൾക്ക് കുലമഹത്വം കൊണ്ടും സൗന്ദര്യസൗശീല്യാദി ഗുണങ്ങൾകൊണ്ടും തുല്യയായ ഒരു കന്യക ഭൂമിയിലെങ്ങുമില്ലെന്നു നേരത്തെ കേട്ടിരുന്നു)

അനുപല്ലവി.
വിണ്ണിലുമില്ല നൂനം അന്യലോകത്തിങ്കലും
എന്നുവന്നിതു നാരദേരിതം നിനയ്ക്കുമ്പോൾ. (കുണ്ഡിന).

(ഭഗവാൻ നാരദൻ്റെ ശക്തമായ പ്രേരിപ്പിക്കൽ ഓർത്തുകൊണ്ടു തീർത്തു പറയാം, ഇവളെപ്പോലെ ഇത്രയേറെ കുലപതിയും ഗുണവതിയുമായ ഒരു കന്യക സ്വർഗ്ഗത്തിലോ മറ്റ് ലോകങ്ങളിലോ ഇല്ലെന്ന്)


ചരണം. 1
അവരവർ ചൊല്ലിക്കേട്ടേനവൾതൻ ഗുണഗണങ്ങൾ
അനിതരവനിതാസാധാരണങ്ങൾ,
അനുദിനമവൾ തന്നിലനുരാഗം വളരുന്നു
അനുചിതമല്ലെന്നിന്നു മുനിവചനേന മന്യേ. (കുണ്ഡിന).

(പല തരക്കാരായ എത്രയെത്ര പേരാണ് അവളുടെ അന്യാദൃശ ഗുണഗണങ്ങൾ എന്നെ പറഞ്ഞുകേൾപ്പിച്ചിരിക്കുന്നത് ! അവ കേട്ടുകേട്ട് അവളെക്കുറിച്ച് എന്നിലുളവായ അനുരാഗം ദിവസംതോറും വളർന്നുവരുകയായിരുന്നു. അത് ഒട്ടും അനുചിതമല്ലെന്ന് മുനിയുടെ വാക്കുകൾ വച്ചുകൊണ്ട് ഞാൻ വിചാരിക്കുന്നു)


ചരണം 2.
എന്തൊരു കഴിവനി ഇന്ദുമുഖിക്കുമെന്നിൽ
അന്തരങ്ഗത്തിൽ പ്രേമം വന്നീടുവാൻ?
പെണ്ണിനൊരാണിലൊരു പ്രേമതാമരയ്ക്കിന്നു
കന്ദർപ്പൻ വേണമല്ലോ കന്ദം സമർപ്പയിതും. (കുണ്ഡിന).

(ഇനി ആ സുന്ദരിയുടെ മനസ്സിൽ ഇങ്ങോട്ടും പ്രേമം ഉളവാകുകയാണു വേണ്ടത്.അതിന് എന്ത് വഴി? പെണ്ണിന് ഒരാണിനെച്ചൊല്ലി പ്രേമമാകുന്ന താമര വളർന്നുവരണമെങ്കിൽ അതിൻ്റെ വിത്ത് സമർപ്പിക്കുന്നതിന് കാമദേവൻ തന്നെ വേണമല്ലോ)


ചരണം 3.
വിധുമുഖിയുടെ രൂപമധുരത കേട്ടു മമ
വിധുരത വന്നൂ, കൃത്യചതുരത പോയീ,
മുദിരതതികബരീപരിചയപദവിയോ
വിജനേ വസതിയോ മേ ഗതിയിനി രണ്ടിലൊന്നേ. (കുണ്ഡിന).

(സുന്ദരിയായ ദമയന്തിയുടെ ആകാരശോഭ കേട്ടറിഞ്ഞുളവായ കാമപാരവശ്യത്താൽ എൻ്റെ കൃത്യനിർവഹണസാമർത്ഥ്യമൊക്കെ പോയിരിക്കുന്നു.കാർമേഘനിരപോലുള്ള(ഇരുണ്ട ഇട തൂർന്ന) മുടിയോടുകൂടിയ അവളുമായിച്ചേർന്നുള്ള വാസത്തിൻ്റെ മാർഗ്ഗമോ ഏകാന്തവാസമോ - ഈ രണ്ടിലൊന്നേ എനിക്കിനി ശരണമുള്ളൂ.ദമയന്തീഭർതൃപദം ലഭിച്ചില്ലെങ്കിൽ സന്ന്യസിക്കുകയേ ഗതിയുള്ളൂ എന്ന് സാരം)

രങ്ഗം രണ്ട്‌: നളൻ്റെ കൊട്ടാരത്തിലെ ഉദ്യാനം
വേകട - മുറിയടന്ത

ശ്ളോകം 4
കഥനേന മുനേരനേന രാജാ
കദനേഽസൗ മദനേഷുജേ നിമജ്ജൻ
സചിവേ വിനിയോജ്യ രാജ്യഭാരം
വിജനേ പുഷ്പവനേ തതാന വാസം.

(മുനിയുടെ ഈ കഥനംകൊണ്ട്(വിവരണത്തിൻ്റെ ഫലമായി)കാമശരങ്ങളേറ്റുണ്ടായ ദുഃഖത്തിൽ മുങ്ങിക്കൊണ്ടിരുന്ന ഈ രാജാവ് രാജ്യഭാരം മന്ത്രിയിൽ സമർപ്പിച്ചിട്ട് വിജനമായ പൂവാടിയിൽ വാസം ചെയ്തു)


പദം 5 നളൻ: (ഉദ്യാനമാകെ നിരീക്ഷിച്ചതിനുശേഷം ആത്മഗതം)
പല്ലവി.
നിർജ്ജനമെന്നതേയുള്ളൂ ഗുണമോ
നിശ്ചയമുദ്യാനത്തിൽ.

(മറ്റാരുമില്ല എന്ന ഗുണമേ ഉദ്യാനത്തിലുള്ളൂ. നിശ്ചയം.)

അനുപല്ലവി.
ഇജ്ജനത്തോടു പെരികെ വൈരമായ്‌ വന്നി-
തീശ്വരനുമിന്നിജ്ഝഷകേതനനും. (നിർജ്ജന).

(ഈയുള്ളവനോട് ശിവനും കാമദേവനും പെരുത്ത വൈരമാണെന്ന് വന്നിരിക്കുന്നൂ)

ചരണം. 1
ഈക്ഷണയുഗത്തിനു രൂക്ഷവേദനകളു-
ണ്ടാക്കുവാനതിതരാം ദാക്ഷ്യമുള്ളവകളേ
സാക്ഷാദധുനാ ഇന്നു വീക്ഷേ വിധിനാ ഹരി-
ണാക്ഷീം തു വിനാ വിരഹേണാക്ഷീണരുജാവിവശോ
(നിർജ്ജന).

(രണ്ടു കണ്ണിനും കടുത്ത വേദനയുളവാക്കാൻ ഏറെ സാമർത്ഥ്യമുള്ള വസ്തുക്കളെ മാത്രമേ, സുന്ദരിയായ ദമയന്തിയുടെ വേർപാടുകൊണ്ടുണ്ടായ ശക്തമായ കാമപീഡയാൽ വിവശനായ ഞാൻ വിധിവൈപരീത്യത്താൽ ഇന്നിപ്പോൾ കൺമുന്നിൽ കാണുന്നുള്ളൂ)

ചരണം 2
പടുതമൻ മദനന്റെ പടവീടിതേ; വാപീ-
തടവിടപികളേതത്പടകുടികൾ; കുസുമ-
ഹേതിദ്യുതിയും കുയിൽനാദസ്വരവും മാരുത-
യോധഭ്രമിയും; വിരഹിഭീതിസ്ഥലമേയിതു. (നിർജ്ജന).

(തന്നെ തോല്പിക്കാൻവേണ്ടി എല്ലാവിധ സന്നാഹങ്ങളോടുംകൂടി വന്നിരിക്കുന്ന കാമൻ്റെ പടപ്പാളയമാണ് ഉദ്യാനമെന്ന് നളന് തോന്നുന്നു.അവിടെക്കാണുന്ന വസ്തുക്കളിലോരോന്നും ആ പാളയത്തിൻ്റെ ഘടകമാണെന്നും വിചാരിക്കുന്നു. 'ഇത് അങ്ങേയറ്റം കൌശലക്കാരനായ കാമൻ്റെ പടപ്പാളയമാകുന്നു. ഈ തടാകതീരത്തിലെ വൃക്ഷങ്ങൾ കാമൻ്റെ കൂടാരങ്ങളാണ്. പൂക്കളാകുന്ന ആയുധങ്ങളുടെ തിളക്കവും, കുയിൽനാദമാകുന്ന കാഹളം മുഴക്കലും, ഇളംകാറ്റാകുന്ന സൈന്യവ്യൂഹവും - എല്ലാം കൊണ്ടും വിരഹിയെ പേടിപ്പിക്കുന്ന സ്ഥലം തന്നെയാണിത്'.)


ചരണം 3
വർണ്ണം പലതായി മിന്നീടുമന്നങ്ങൾ
ഉന്നമ്രമോദമിരുന്നു രമിപ്പതിൽ
ഒന്നുണ്ടിവിടെ സ്വർണ്ണവർണ്ണം തടവുമിവൻ
എന്നേ സരസാ! കണ്ടാൽ നന്നേ നിതരാമിവൻ.
മൂന്നാംചരണത്തിന്റെ പല്ലവി
പല്ലവി. കൈക്കൽ വരുന്നാകിൽ നന്നെത്രയും ചിത്രതരാങ്ഗനിവൻ.

(പല നിറങ്ങളോടുകൂടി ശോഭിക്കുന്ന അന്നങ്ങൾ വർദ്ധിച്ച സന്തോഷത്തോടെ പല ലീലകളിൽ ഏർപ്പെട്ടുകൊണ്ടിരിക്കെ, കൂട്ടത്തിൽ സ്വർണ്ണനിറത്തോടു കൂടിയ ഒരു ആൺഹംസം!ആഹാ!അദ്ഭുതം തന്നെ!കാണാൻ എത്ര നന്നായിരിക്കുന്നു! വിചിത്രരൂപനായ ഇവനെ കൈയിൽ കിട്ടിയെങ്കിൽ എത്ര നന്നായിരുന്നു!)

സരസ്തീരം
രാഗം.പന്തുവരാളി
ശ്ളോകം 5.
അന്യേഷു വൃക്ഷലതികാദിഷു വീക്ഷീതേഷു
ഖിന്നേ ദൃശൗ നിഷധഭൂമിപതേസ്തദാനീം
ഹംസേ സുവർണ്ണസുഷമ ദധതുഃ പ്രമോദം
യാവത്‌ സ താവദശയിഷ്ട രതിശ്രമേണ.

(ആ സമയത്ത് മരങ്ങളും വള്ളികളൂം മറ്റുമായ വസ്തുക്കൾ കാൺകെ ഖേദം പൂണ്ടിരുന്ന നളൻ്റെ കണ്ണുകൾ സുവർണ്ണശോഭയാർന്ന ഹംസത്തിൽ എപ്പോഴാണോ സന്തോഷം പൂണ്ടത് അപ്പോൾ അവൻ രതിശ്രമം കൊണ്ട് ഉറങ്ങുകയായിരുന്നു )

 രാഗം.ഘണ്ടാരം - താളം.അടന്ത

ശ്ളോകം 6.
അനക്കം കൂടാതേ നരവരനണഞ്ഞാശു കുതുകാ-
ദനർഘസ്വർണ്ണാഭം ശയിതമരയന്നപ്പരിവൃഢം
ഇണക്കാമെന്നോർത്തങ്ങിതമൊടു പിടിച്ചോരളവിലേ
കനക്കും ശോകം പൂണ്ടവനഥ രുരോദാതികരുണം.

പദം 6 ഹംസം:
പ. ശിവശിവ! എന്തു ചെയ്‌വൂ ഞാൻ! എന്നെ-
ച്ചതിച്ചു കൊല്ലുന്നിതു രാജേന്ദ്രൻ.
അനു. വിവശം നിരവലംബം മമ കുടുംബവുമിനി ശിവശിവ!
ച. 1 ജനകൻ മരിച്ചുപോയി, തനയൻ ഞാനൊരുത്തനെൻ-
ജനനി തന്റെ ദശയിങ്ങനെ;
അപി ച മമ ദയിതാ (കളിയല്ല) നതിചിരസൂതാ പ്രാണൻ
കളയുമതിവിധുരാ; എന്നാൽ
കുലമിതഖിലവുമറുതി വന്നിതു. ശിവശിവ!
2 ചെറുതും പിഴചെയ്യാതോരെന്നെക്കൊന്നാൽ ബഹു-
ദുരിതമുണ്ടു തവ ഭൂപതേ;
മനസി രുചിജനകം എന്റെ
ചിറകു മണികനകം ഇതുകൊ-
ണ്ടാ(ക)കാ നീ ധനികൻ - അയ്യോ!
ഗുണവുമനവധി ദോഷമായിതു. ശിവശിവ!

സാവേരി - അടന്ത
പദം 7 നളൻ:
ച. അറിക ഹംസമേ, അരുതു പരിദേവിതം;
വിരസഭാവമില്ലാ നിന്നിൽ മേ;
ദേഹമനുപമിതം കാണ്മാൻ മോഹഭരമുദിതം-നിങ്കൽ
സ്നേഹമേ വിഹിതം; ന മയാ
ദ്രോഹ,മിതുപൊഴുതമരഖഗവര, ഗുണനിധേ,
ഖേദമരുതു തേ, പറന്നിച്ഛയ്ക്കൊത്തവഴി ഗച്ഛനീ.

കാമോദരി-ചെമ്പട
ശ്ളോ. ഇതി സ നൃപതിനാ ഖഗോ വിസൃഷ്ടോ
നിജജനസന്നിധിമേത്യ ജാതമോദം
അഥ വിഗതഭയോ ദയാപയോധിം
നികടഗതോ നിഷധേശ്വരം നൃഗാദീത്‌ 7

പദം 8 ഹംസം:
പ. ഊർജ്ജിതാശയ, പാർത്ഥിവ, തവ ഞാൻ
ഉപകാരം കുര്യാം.
അനു. ഓർത്തുകണ്ടോളം ഉത്തമനാം നീ
ഉപമാ നഹി തവ മൂന്നുലകിലും. ഊർജ്ജി.
ച. 1 ഭൂതലമഖിലം ഭ്രൂലതികാ പരിപാതി നൃപാധിപ, തേ;
നൂതനസുഷമം വപുരഖിലേക്ഷണകൗതുകമാതനുതേ;
ആദരണീയമശേഷമഹോ! തവ ഭൂതദയാവസതേ,
ചൂതശരാഭ, ഗുണൈരുചിതാ ദയിതാ തവ
ജാതു ന മിളിതാ സുലളിതാ. ഊർജ്ജി.
2 ദർപ്പിതരിപുനൃപകല്പകൃശാനു വിദർഭമഹീരമണൻ
കെല്പുള്ള ഭീമനു ചൊല്പെറുമൊരു മകളപ്രതിമാ ഭുവനേ
ത്വത്പ്രിയയാകിലനല്പഗുണത്വം നിഷ്ഫലമല്ലയി! തേ;
തദ്ഘടനായ പ്രഗല്ഭത മേ മതിയാം
തര വേണമിന്നതിനായനുമതി. ഊർജ്ജി.
3 കാമിനി രൂപിണി ശീലവതീമണി ഹേമാമോദസമാ
ഭീമനരേന്ദ്രസുതാ ദമയന്തീ നാമ രമാനവമാ
സാമരധാമവധൂമദഭൂമവിരാമദകോമളിമാ
ത്വാമനു രാഗിണിയാമതെനിക്കു ഭരം,
അമരാധിപതിമപഹായ രാഗിണം. ഊർജ്ജി.

തോടി - ചെമ്പട
പദം 9 നളൻ:
ച. പ്രിയമാനസാ, നീ പോയ്‌വരേണം
പ്രിയയോടെന്റെ വാർത്തകൾ ചൊൽവാൻ.
അനു. പ്രിയമെന്നോർത്തിതു പറകയോ മമ?
ക്രിയകൊണ്ടേവമിരുന്നിടുമോ മീ? പ്രിയ.
ച. 1 പലരും ചൊല്ലിക്കേട്ടു നളിനമുഖിതൻ കഥാ
ബലവദംഗജാർത്തി പെരുത്തിതു ഹൃദി മേ
ഒരുവൻ സഹായമില്ലെന്നുരുതരവേദനയാ
മരുവുന്നനേരം നിന്റെ പരിചയം വന്നു ദൈവാത്‌. പ്രിയ.
2 അഖിലവും കേട്ടു ധരിച്ചഴകൊടു ചൊല്ലുവാനും
സുഖമായങ്ങുമിങ്ങും നടന്നെത്തുവാനും
(ന ഖലു സന്ദേഹം) വിധി മികവേറും നിന്നെ മമ
സഖിയായിട്ടല്ല, നല്ല നിധിയായിട്ടല്ലോ തന്നു. പ്രിയ.
3 വചനകൗശലേന കാമിനിമാർമണിയെ
വശഗയാക്കി മമ തരിക സഖേ, നീ
ഇതിനു പ്രതിക്രിയയോ വിധിതന്നെ തവ ചെയ്യും
(ചതിയല്ലാ) നീയല്ലാതൊരു ഗതിയില്ലിന്നെനിക്കാരും.
പ്രിയ.

രങ്ഗം മൂന്ന്‌: കുണ്ഡിനോദ്യാനം

പുന്നാഗവരാളി - ചെമ്പട

ശ്ളോ. ഇതി നളഗിരാ യാതേ ഹംസേ വിദർഭപുരീം ഗതേ
തദുപവനദേശാന്തേ ശാന്തേ നിഷീദതി കുത്രചിത്‌
ശ്രുതനളഗുണാ ഭൈമീ കാമാതിഗൂഹനനിസ്സഹാ
വനമുപഗതാ നീതാ ജാതാദരാഭിരഥാളിഭി:

പദം 10 ഭൈമിയും തോഴിമാരും ചേർന്നു സാരീനൃത്തം.
1 പൂമകനും മൊഴിമാതും ഭൂമിദേവി താനും
കാർമുകിലൊളിവർണ്ണനും പൂമാതും ജയിക്ക.
2 ശ്രീമഹാദേവൻ ജയിക്ക മാമലമകളും;
സോമനും രോഹിണി താനും കാമനും രതിയും.
3 ഇന്ദ്രനും ഇന്ദ്രാണി താനും, എന്നുവേണ്ടാ, സർവ-
വൃന്ദാരകദമ്പതികൾ സമ്പദേ ഭവിക്ക.
4 അനസൂയ ലോപാമുദ്രയും അരുന്ധതിമുൻപാകും
മുനിഗൃഹിണിമാരെല്ലാരും അനുഗൃഹ്ണന്തു നമ്മെ.

തോടി (നാഥനാമക്രിയ) - ചെമ്പട
ആകാരൈരവഗതമാളിഭിഃ സ്വവാചാ
നാകാർഷീത്‌ പ്രകടമിയം നളാഭിലാഷം
ആവിഷ്ടാ പ്രമദവനം ത്വഭാഷതാളീ-
രാദീപ്തസ്മരപരിതാപവേപിതാങ്ഗീ. 9
പദം 11 ഭൈമി:
പ. സഖിമാരേ, നമുക്കു ജനകപാർശ്വേ
ചെന്നാലല്ലീ കൗതുകം?

അനു. സകലഭൂതലഗതകഥകൾ ചിലർ പറയും
സമയം കഴിപ്പതിനു സദുപായമിതു നല്ലൂ. സഖി.

ശഹാന - ചെമ്പട

ച. ഒരു സഖി:
പോക പൂങ്കാവിലെന്നു പുതുമധുവചനേ,
വലിയ നിർബ്ബന്ധം തവ വാഴുന്നേരം ഭവനേ,
പോവാൻതന്നെയോ വന്നു? പൂർണ്ണേന്ദുവദനേ,
കാമിനീമൗലേ, ചൊൽക കാതരനയനേ.
ച. സുഖമായ്‌ നമുക്കിന്നിവിടെ നൂനം
തോഴീ, ഭൈമീ, കാൺക നീ.

ദ്വിജാവന്തി - ചെമ്പട
പദം 12 ഭൈമി:
ച. 1 ചലദളിഝങ്കാരം ചെവികളിലങ്ഗാരം,
കോകിലകൂജിതങ്ങൾ കൊടിയ കർണ്ണശൂലങ്ങൾ,
കുസുമസൗരഭം നാസാകുഹരസരസ്സൈരിഭം,
അതിദുഃഖകാരണമിന്നാരാമസഞ്ചരണം. സഖി.
മറ്റൊരു സഖി:
ച. 2 മിന്നൽക്കൊടിയിറങ്ങി മന്നിലേ വരികയോ? വിധു-
മണ്ഡലമിറങ്ങി ക്ഷിതിയിലേ പോരികയോ?
സ്വർണ്ണവർണ്ണമാമന്നം പറന്നിറങ്ങുവരികയോ?
കണ്ണുകൾക്കിതു നല്ല പീയൂഷഝരികയോ?
ഹംസം അല്പം അകലെ വന്നിറങ്ങുന്നു.

ആഹരി (യദുകുലകാംബോജി) - ചെമ്പട

പദം 13 ഭൈമി:
1 കണ്ടാലെത്രയും കൗതുകമുണ്ടിതിനെപ്പണ്ടു
കണ്ടില്ല ഞാനേവംവിധം കേട്ടുമില്ലാ.
(അത്ഭുതത്തോടെ മെല്ലെ ഹംസത്തിന്റെ അടുത്തേക്കു നീങ്ങുന്നു.)

2 സ്വർണ്ണവർണ്ണമരയന്നം മഞ്ജുനാദമിതു
നിർണ്ണയമെനിക്കിണങ്ങുമെന്നു തോന്നും.
(കൂടുതൽ അടുത്തുചെന്ന്‌ പിടിക്കാൻ ശ്രമിക്കുന്നു. ഹംസം കുറച്ച്‌
അകലുന്നു. വീണ്ടും പിടിക്കാൻ നോക്കുന്നു.)

3 തൊട്ടേനേ ഞാൻ കൈകൾകൊണ്ടു തോഴിമാരേ - കൈക്കൽ
കിട്ടുകിൽ നന്നായിരുന്നു കേളി ചെയ്‌വാൻ.
(ഒന്നു തൊടാനെങ്കിലും കഴിഞ്ഞതിൽ ആഹ്ളാദം. വീണ്ടും
പിടിക്കാൻ ശ്രമം. ഹംസം അകലുന്നു).
4 ക്രൂരനല്ല സാധുവത്രേ ചാരുരൂപൻ - നിങ്ങൾ
ദൂരെ നില്പിൻ; എന്നരികിൽ ആരും വേണ്ടാ.

കല്യാണി - അടന്ത

ശ്ളോ. ഇനിയൊരടി നടന്നാൽ കിട്ടുമേ കൈക്കലെന്നും
പ്രതിപദമപി തോന്നുമ്മാറു മന്ദം നടന്നൂ
അത ബത ദമയന്തീമാളിമാരോടു വേറാ-
മതുപൊഴുതരയന്നപ്രൌഢനൂചേ സഹാസം. 10
(ഹംസത്തെ പിടിക്കാൻ പല തവണ ശ്രമിച്ചെങ്കിലും പറ്റാത്തതിൽ നൈരാശ്യവും
കാണെക്കാണെ വളർന്ന താത്പര്യവും പൂണ്ടു നില്ക്കുന്ന ദമയന്തിയോട്‌:)

പദം 14 ഹംസം:
പ. അങ്ഗനമാർമൗലേ, ബാലേ, ആശയെന്തയി! തേ.
അനു. എങ്ങനെ പിടിക്കുന്നു നീ ഗഗനചാരിയാമെന്നെ. അങ്ഗന.
ച. 1 യൗവനം വന്നുദിച്ചിട്ടും ചെറുതായില്ല ചെറുപ്പം;
അവിവേകമിതു കണ്ടാലറിവുള്ളവർ
പരിഹസിക്കും, ചിലർ പഴിക്കും,
വഴിപിഴയ്ക്കും തവ നിനയ്ക്കുമ്പോൾ. അങ്ഗന.
2 ബന്ധനംചെയ്യേണ്ടാ നീ മാം, ബന്ധുവത്രേ തവ ഞാൻ;
സഖിമാരിലധികം വിശ്വസിച്ചീടെന്നെ,
ജഗത്പതിയും രതിപതിയും
തവ കൊതിയുള്ളൊരു പതി വരുമേ. അങ്ഗന.
3 നളനഗരേ വാഴുന്നു ഞാൻ നളിനജന്മവചസാ
നളിനമിഴിമാർക്കെല്ലാം നട പഠിപ്പാൻ
മദലുളിതം മൃദുലളിതം
ഗുണമിളിതം, ഇതു കളിയല്ലേ. അങ്ഗന.
കാമോദരി (കമാസ്‌) - ചെമ്പട
പദം 15 ഭൈമി:

പ. കണ്ടേൻ നികടേ നിന്നെ കളിവാക്കു തവ കേട്ടേനേ.
അനു. കഞ്ജഭവനനുടെ വാഹനമേ,
കമ്രരൂപമതിരമ്യചാടുവചനം.. കണ്ടേൻ.
ച. 1 പ്രേഷകനായതു കമലജനോ തവ!
നൈഷധപുരമോ പരമപദം?
മധുരാകൃതേ, ഗുണവാരിധേ, ഖഗ-
സാർവ്വഭൗമ, ജയ! നൗമി തേ ചരിതം. കണ്ടേൻ.
2 നളിനാസനവരവാഹന, നീ മമ
നളനൃപഗുണഗണമോതുകെടോ,
തവ വാചികം അഴൽമോചകം; മമ
കർണ്ണമാരചയ പുണ്യലേശയുതം. കണ്ടേൻ.
3 സന്തതമുള്ള മനോരഥവും പുന-
രിന്നു ഭവാനൊടു ഞാൻ പറയാം.
തുണയാകിലോ, ഗുരുകൃപാകുലാശയ,
ദീനയാമെനിക്കു മാനനീയഗുണ. കണ്ടേൻ.

ശങ്കരാഭരണം - ചെമ്പട
ശ്ളോ. പുത്തൻതേൻമൊഴിമാർകുലത്തിനരിയോ-
രുത്തംസമാം ഭൈമിതൻ
ചിത്തം താനഥ പത്തിനഞ്ചവനറി-
ഞ്ഞിത്ഥം കൃശാങ്ഗ്യാ ഗിരാ
അത്യന്തം ബത മുഗ്ദ്ധയോടനുസരി-
ച്ചെല്ലാമറിഞ്ഞീടുവാ-
നുദ്യോഗിച്ചു വിദഗ്ദ്ധനാം ഖഗവരൻ
വൈദർഭിയോടുക്തവാൻ. 11
പദം 16 ഹംസം:
പ. പ്രീതിപൂണ്ടരുളുകയേ ചിന്തിതമെല്ലാം
ഭീമനൃപതിതനയേ.
അനു. വീതവിശങ്കം സഖിമാരിലൊന്നെന്നെന്നെ
ഉറച്ചു നീ ലജ്ജാഭരം കുറച്ചു നിരാകുലം... പ്രീതി.
ച. 1 കാതരമിഴിമാർമൗലിമാലികേ, ദമ-
സോദരി, നിനക്കു ബാലികേ,
ഏതൊരൂ പുരുഷനിലുള്ളിൽ കൗതുകം, പാരി-
ലാദരണീയം തസ്യ ജാതകം;
ഏണമിഴി പറവാൻ മടിക്കരുതേ!
        നാണംകൊണ്ടിനിയേതും മറയ്ക്കരുതേ
ഞാനുണ്ടതിനു തുണ തവ സുതനോ,
മാനഹാനി തവ വരുത്തുവാനോ?
ഹസ്തഗതം തവ വിദ്ധി മനീഷിത-
മുക്തമിദം മമ സത്യമദാനീം. പ്രീതി.

ശങ്കരാഭരണം (ആനന്ദഭൈരവി) - ചെമ്പട

പദം 17 ഭൈമി:
പ. അരയന്നമന്നവ, നിന്നോടെന്തിഹ ഞാൻ പറവൂ?
അനു. കുലകന്യകമാരാൽ ഹൃദി
ഗൂഹനീയം വസ്തു പറയാമോ? അര.
ച. 1 പേർത്തുപേർത്തു ജനകീർത്ത്യമാനനള-
പാർത്ഥിവോത്തമസൽകീർത്തികൾ കേട്ടേൻ;
ഓർത്തവനുടൽ കൂർത്തുമൂർത്തങ്ഗജാസ്ത്രമേറ്റു
നേർത്തുടൻ നെടുതായി വീർത്തു ഞാനാർത്തയായേൻ... അര.

പദം 16 ഹംസം: അഠാണ - ചെമ്പട
2 ഉള്ളതു ചൊന്നതിതെന്നാലന്യൂനം നവ-
പല്ലവതുല്യാംഗീ, തവ കല്യാണം;
നല്ലതു നല്ലതിനോടേ ചേരേണം; തവ
വല്ലഭനപരൻ തുല്യൻ നഹി നൂനം.
മേഘവാഹനനെക്കാൾ ബലവാൻ,
മോഹനാങ്ഗനവനതിഗുണവാൻ;
കമനി, രത്നകനകങ്ങളുടെ
ഘടനയേ ഘടന നിങ്ങളുടെ;
വിഷ്ണു രമയ്ക്കു നിശയ്ക്കു ശശാങ്ക-
നുമയ്ക്കു ഹരൻ നളനോർക്കിൽ നിനക്കും.... പ്രീതി.

പദം 17 ഭൈമി:
2 നാളിൽ നാളിൽ വരുമാധിമൂലമിദം,
ആളിമാരൊടുമിതനുദിതപൂർവ്വം,
കാലമേ ചെന്നു നീ മരാള, പറക നര-
പാലനോടെല്ലാം പ്രതിപാലിതാവസരം. അര.

പദം 16 ഹംസം: (ഷണ്മുഖപ്രിയ - ചെമ്പട)
3 ചെന്നിതു പറവൻ നൃപനോടഭിലാശം - എന്നാൽ
നിന്നിലുമുണ്ടാമവനും പരിതോഷം;
അന്യനിലയി! തേ വരുമോ സന്തോഷം? എന്നാൽ
മന്നവനുണ്ടാമെന്നിൽ ബഹുരോഷം;
താതനൊരു വരനു കൊടുക്കും നിന്നെ,
പ്രീതി നിനക്കുമുണ്ടാമവനിൽത്തന്നെ,

വിഫലമിന്നു പറയുന്നതെല്ലാം;
ചപലനെന്നു പുനരെന്നെച്ചൊല്ലാം.
ഇത്ഥമനർത്ഥമുദിത്വരമാം; അതി-
നുത്തരമോതുക സത്വരമിപ്പോൾ... പ്രീതി

പദം 17 ച. 3 ഭൈമി:
ഹന്ത! ഹംസമേ, ചിന്തയെന്തു തേ?
എന്നുടെ ഹൃദയം അന്യനിലാമോ?
അർണ്ണവം തന്നിലല്ലോ നിമ്നഗ ചേർന്നു ഞായം,
അന്യഥാ വരുത്തുവാൻ കുന്നു മുതിർന്നീടുമോ? അര.

രങ്ഗം നാല്‌: നിഷധോദ്യാനം

നളൻ - ഹംസം
സാവേരി - അടന്ത

ശ്ളോ. ഇതി വാചികാനി മധുവാണി തന്നുടെ
വദനോദിതാനി ഹൃദയേ വഹന്നസൗ
ത്വരിതം പറന്നു നിഷധേന്ദ്രസന്നിധൗ
സകലം ജഗാദ മൃഗലോചനാമതം. 12

പദം 18 ഹംസം:
പ. നരപതേ, ഭവദഭിലഷിതമെന്നാൽ
സാധിതപ്രായമിദം.
അനു. നിരവധി മാരാധിനീരധിയിലേ നീന്തി
നിയതം നീ തളരൊല്ലാ പിളരൊല്ലാ മനമിനി. നര.

പദം 19 നളൻ: (മോഹനം)
ച. ഖഗപതേ, തവ കരഗതമേ മമ കാമിതം ജീവിതവും.
അനു. കഥയ കഥയ പുനരെങ്ങനെ നീ ചെന്നു
കമനിയെക്കണ്ടതും ചൊന്നതുമഭിമതം.

പദം 18 ഹംസം: (സാവേരി)
ച. 1 അതുമച്ഛമാം ജവം പൂണ്ടുത്പതിച്ചു കുണ്ഡിനപുരം
ഗമിച്ചു തദുപവനമതിൽ ചെന്നു വസിച്ചേൻ;
അകിൽചെങ്കുങ്കുമച്ചാറും ധരിച്ചു തോഴിമാരോടും
യദൃച്ഛയാ ദമയന്തി കളിച്ചു വന്നിതു തത്ര.. നര.
2 തടഞ്ഞുകൊള്ളുവാനെന്നോടണഞ്ഞാളങ്ങവൾ താനേ;
പിടഞ്ഞീലാ ദൃഢം ഞാനോ നടന്നേനേ സുമന്ദം;
പിണഞ്ഞു വഞ്ചനമെന്നു തിരിഞ്ഞങ്ങു നടപ്പാനായ്‌
തുനിഞ്ഞപ്പോൾ കനിഞ്ഞൊന്നു പറഞ്ഞേൻ-
ഞാനവളോടു.. നര.
3 രാജപുങ്ഗവ, തവ വാചാ, കൗശലത്താലേ
പേശലാങ്ഗി തന്നുടെ ആശയമറിഞ്ഞേൻ,
ആചാരൈരറികയല്ലാ,ശ നിങ്കലെന്നതും
വാചാപി പറയിച്ചൊന്നിളക്കിവച്ചുറപ്പിച്ചേൻ. നര.

ശ്ളോ. 'സന്ധിപ്പിച്ചേൻ തവ ഖലു മനം ഭൈമിതൻ മാനസത്തോ-
ടിന്ദ്രൻതാനേ വരികിലിളകാ; കാ കഥാന്യേഷു രാജൻ?
ചിന്തിക്കുമ്പോൾ വരുവനിഹ നിന്നന്തികേ നിർണ്ണയം ഞാ?-
നെന്നും ചൊല്ലിക്ഖഗപതി പറന്നംബരേ പോയ്മറഞ്ഞാൻ' 13

രങ്ഗം അഞ്ച്‌ : ദേവലോകം

ശ്ളോ. അഥ തദാ ശതമന്യുരഖിന്നധീ-
രഖിലദൈവതയൗവതസേവിതഃ
സഹ പുലോമജയാപ്യനുലോമയാ
നിജഗൃഹേ ജഗൃഹേ സ സുഖാസികാം. 14

സൗരാഷ്ട്രം - ഏകതാളം

ശ്ളോ. നളേനുഷക്താമപബുദ്ധ്യ പുത്രീം
സ്വയംവരോദ്യോഗിനി ഭീമഭൂപേ
സുപർവ്വലോകാഭിമുഖം പ്രയാന്തം
സ പർവ്വതോ നാരദമാബഭേഷേ 15

പദം 20
പർവതൻ: നാരദ, ഭവാനെന്തു ഭാവമിപ്പോൾ?
നാരദൻ: നാകായ ഗമിക്കുന്നേൻ പർവ്വത, ഞാൻ.
പാർവ: എന്തൊരു കാര്യമിപ്പോൾ നാകലോകേ?
നാര: ഇന്ദ്രനെക്കണ്ടു ചില വാർത്ത ചൊൽവാൻ.
പർവ: എന്തതെന്നോടിപ്പോൾ ചൊല്ലിടാമോ?
നാര: സദ്ഭടരണാന്വേഷം ചെയ്യാമല്ലോ.
പർവ: സമരം ഭൂമിയിലില്ലേ ഭൂപാലാനാം?
നാര: ദമയന്തീകാമുകന്മാർ രാജാക്കന്മാർ.

മുഖാരി - അടന്ത

ശ്ളോ. പ്രാപ്തൗ പശ്യൻ നാരദം പർവ്വതഞ്ച
പ്രീത്യാ ചെയ്താനിന്ദ്രനാതിത്ഥ്യമാഭ്യാം;
ശ്രോത്രാനന്ദം വായ്ക്കുമാറേവമൂചേ
ഗോത്രാരാതിർന്നാരദം സോപി ചൈനം. 16

പദം 21 ഇന്ദ്രൻ:
പ. പൂരിതപരസുഖ, നാരദമുനിവര, നീരജഭവനന്ദന,
അനു. ഭൂരിതരതപസാ ദൂരിതദുരിതൗഘ,
ശാരദമുദിരരുചേ, സ്വാഗതം തവ. പൂരിത.

മദ്ധ്യമാവതി - അടന്ത
പദം 22 നാരദൻ:
പ. ഹേ സകലലോകനാഥ. വാസവ, സുമതേ,
അനു. ത്രാസിതരിപുകുല, തേ ഭാസുരഗുണവസതേ, കുശലം?
ഹേ സകല.

പദം 21 ഇന്ദ്രൻ:
1 കുശലമെന്നതേ വേണ്ടൂ സകലം മേ നിനയ്ക്കുമ്പോൾ
സഫലം ദർശനമിന്നു തേ;
വിപുലം സംശയം ചിത്ത-
മതിലൊന്നുണ്ടെനിക്കിപ്പോൾ
ശിഥിലമാക്കുക വചസാ താപസവര്യ... പൂരിത.

പദം 22 നാരദൻ:
1 എനിക്കെന്റെ മനക്കാമ്പിലിരിക്കുന്നോരഭിലാഷം
നിനയ്ക്കുമ്പോൾ നിനക്കുണ്ടു ഫലിപ്പിപ്പാനെളുപ്പവും;
അനർഗ്ഗളമൊരു സമരം കാണാഞ്ഞുള്ളിൽ
കനക്കെയുണ്ടഴൽ; പ്രചുരം അതു സാധിക്കിൽ
പ്രതിക്രിയയായ്‌ പകരം എന്തുചെയ്‌വൂ ഞാൻ?
അനുഗ്രഹം തരുവൻ പരം മഹേന്ദ്ര... ഹേ സകല.

പദം 21 ഇന്ദ്രൻ
2 അനുജന്റെ സുദർശനം ദനുജരെ അമർക്കയാൽ
മുനിവര്യ, രണം ദുർല്ലഭം;
മനുജന്മാർ മിഥോ ജന്യം തുനിയുന്നോർ; മരിച്ചാരും
ത്രിദിവത്തിൽ വരുന്നീലഹോ! എന്തതിൻമൂലം? പൂരിത.

പദം 22 നാരദൻ:
2 വിദർഭമന്നവനുണ്ടങ്ങനല്പസദ്ഗുണാ കന്യാ
വികല്പമില്ല,വൾതന്നോടെതിർപ്പാനില്ലൊരു നാരീ;
കേൾക്കുന്നൂ സ്വയംവരവും ഉണ്ടെന്നു; നീളെ
പാർക്കുന്നിതാൾവരവും; രാജാക്കന്മാർ
നോക്കുന്നു കോപ്പുതരവും, തത്പ്രാപ്തിക്കു
നോല്ക്കുന്നു, പകലിരവും എല്ലാരും. ഹേ സകല.

(മുഖാരി)
പദം 21 ഇന്ദ്രൻ:
3 കേൾക്കേണമവളെ ഇന്നാർക്കു ലഭിച്ചു ഞായം,
ഭാഗ്യവാനവനുലകിൽ;
ഗ്രാഹ്യങ്ങൾ ചെവികൾക്കു
ലേഹ്യങ്ങൾ തദ്ഗുണങ്ങൾ
ഊഹ്യങ്ങളെങ്കിൽ വർണ്ണിക്കാം വാക്യങ്ങൾകൊണ്ടു. പൂരിത.

പദം 22 നാരദൻ:
3 ഉറപ്പുള്ളോരനുരാഗം അവൾക്കുണ്ടങ്ങൊരുത്തനിൽ
ധരിപ്പതിനശക്യമതെ,നിക്കുണ്ടോ വചിക്കാവൂ!
ലഭിച്ചീടുമവനവളെ; ഗുണൈരവൾ
ജയിപ്പവൾ സുരസ്ത്രീകളെ; ആസ്താമിദം;
ഗമിക്കുന്നേനവനീതലേ; തത്സ്വയംവരേ
മിളിതമാം നൃപതികുലേ കലഹമുണ്ടാം. ഹേ സകല.

ശ്ളോ. സപർവ്വതേ ഗതവതി നാരദേ ഭുവം
സുപർവ്വരാഡപി നിരഗാത്‌ ത്രിവിഷ്ടപാത്‌
തമന്വയുഃ ശിഖിയമപാശപാണയഃ
ക്രമാദമീ യയുരഥ കുണ്ഡിനാന്തികം. 17

രങ്ഗം ആറ്‌: കുണ്ഡിത്തിനടുത്ത്‌ ഒരു സ്ഥലം
നളൻ - ഇന്ദ്രൻ, അഗ്നി, യമൻ, വരുണൻ.
മദ്ധ്യമാവതി - ചെമ്പട

ശ്ളോ. ദിക്ചക്രേ മുഖരീകൃതേ നൃപതതി-
പ്രസ്ഥാനഭേരീരവൈർ-
നിശ്ചക്രാമ നളോപി നിശ്ചിതമനാ:
ദൂതോപഹൂതസ്സ്വയം
ആഗച്ഛന്തമമും രഥേന മഹതാ
ഭൂഷാവിശേഷോജ്ജ്വലം
തേഷാമേഷ വൃഷാ ജഗാദ കുതുകീ
തത്പ്രേഷണേ താം പ്രതി.

പദം 23 ഇന്ദ്രൻ.
മിളിതം പദയുഗളേ നിഗളതയാ മാർഗ്ഗിതയാ ലതയാ
അനു. നളനികടം പ്രതി ചലിതാ വയ-
മുപഗതവാൻ നളനിഹ നികടേ. മിളിതം.
1 വീരസേനൻ നിഷധാധീശൻ
വൈരിഘടാവനദവദഹനൻ
അതിപരിചിതൻ, അതിനാൽ നിന്നെയും
അറിവനഹം, നളനല്ലയോ നീ? മിളിതം.

സാവേരി - ഏകതാളം
പദം 24 നളൻ:
ച. അടിയിണ പണിയുന്നേനടിയൻ ഈശ്വരന്മാരേ,
അടിയിണ പണിയുന്നേനടിയൻ
അനു. അറിഞ്ഞരുളിയതും നേര,ഹം നളൻ ഭഗവാനേ. അടി.

പദം 23 ഇന്ദ്രൻ:
2 ശമനനിവൻ, ദഹനനിവൻ താൻ,
വരുണനിവൻ, വലമഥനൻ ഞാൻ;
അമരതരൂനകലെ വെടിഞ്ഞു നി-
ന്നരികിൽ വന്നൂ വയമൊന്നിരപ്പാൻ. മിളിതം.

പദം 24 നളൻ:
1 ഉമ്പർപരിവൃഢന്മാർ നിങ്ങൾ എന്നെ-
സ്സമ്പ്രതി പരീക്ഷിപ്പാനല്ലീ?
ഡിംഭനാമെന്നോടോരോ ദംഭമരുതേ! സ്വാമിൻ,
ദംഭോളിധര, ചൊന്നതൻപോടു ഞാൻ ചെയ്യാം. അടി.

പദം 23 ഇന്ദ്രൻ
3 പാൽപൊഴിയുംമൊഴി ദമയന്തിയെ
കേൾപ്പതിനായ്‌ രാപ്പകൽ പോരാ;
താല്പരിയം വേൾപ്പതിനുണ്ട,തു
ചേർപ്പതിനായ്‌ നീ തുടരേണം. മിളിതം

പദം 24 നളൻ
2 ഭൈമീകാമുകനല്ലോ ഞാനും; ദേവ-
സ്വാമികളേ, കരുണ വേണം;
മാമിഹ നിയോഗിക്കിലാകാ, ചെന്നാൽ
കാണ്മാനും കഴിവരാ, പറവാനുമഭിമതം. അടി.

പദം 23 ഇന്ദ്രൻ:
4 ചെയ്‌വേനെന്നു മുന്നേ ചൊന്നതു
ചെയ്തില്ലെന്നാലധികമധർമ്മം;
മാരശരൈരാകുലമതിയായ്‌
മാ കുരു നീ വംശകളങ്കം. മിളിതം.

പദം 24 നളൻ:
3 നിറയുന്നു ബഹുജനം നഗരേ, ഒന്നു
പറവാനും കഴിവുണ്ടോ വിജനേ?
അരുൾചെയ്തതു കേട്ടില്ലെന്നരുതേ കോപം;
ആകുന്നതിനെച്ചെയ്യാം ആവതെന്തതിലേറ്റം? അടി.

പദം 23 ഇന്ദ്രൻ
5 'വരിക്കണം നീ ഞങ്ങളിൽ നാലരി-
ലൊരുത്തനെ' എന്നുരയ്ക്ക ഭവാൻ പോയ്‌;
തിരസ്കരിണി തവ തരുന്നു; ഞങ്ങൾ
ഇരിക്കുമത്രേ നീ വരുവോളം മിളിതം.

ദണ്ഡകം
1 ദൈത്യാരിപൂർവ്വജനു ദൂത്യം സമേത്യ നിജ-
സാദ്ധ്യം വെടിഞ്ഞു നിഷധേന്ദ്രൻ
സേനയിഹ നിർത്തീ - താനഥ നടന്നൂ
ദാന്തദമഭഗിനിയുടെ കാന്തിനദിയതിൽ മുഴുകി
നീന്തുവതിനുഴറി മിഴി രണ്ടും.

2 ബഹളേ ജനേ പഥിഷു സബലേഷു ഭൂപതിഷു
ചപലേ മഹീസുരസമൂഹേ
പലരെയുമുരുമ്മീ - പരിചൊടു നടന്നു
പെരിയ പരിചയമുടയ പരിഷയുടെ നടുവിലുട-
നവിദിതനു കുതുകമവനാസീത്‌

3 ധന്യോഥ രക്ഷിജനകണ്ണാലലക്ഷ്യതനു
കന്യാപുരത്തിനു കടന്നൂ
കണ്ണിനഴൽ തീർന്നൂ: കണ്ടു ദമയന്തീം.
താഞ്ച നഖനിരകൾ മുതൽ പൂഞ്ചികുരതതിയറുതി
വാഞ്ഛയൊടു നികടഭൂവി കണ്ടൂ.

4 അമരേന്ദ്രദൂതനിവനപരാധമോർത്തു മന-
മുപരോധനേന വശമാക്കീ,
മറവകലുവാനായ്‌ മനസി കൊതി പൂണ്ടൂ.
അതിമധുരതരവപുഷമരികിലുടനൊരു പുരുഷ-
മമൃതമൊഴി സഖികളൊടു കണ്ടൂ.

രങ്ഗം ഏഴ്‌: ഭൈമീഗൃഹം
ഭൈരവി - ചെമ്പട

ശ്ളോ. ചിരശ്രുതിദൃഢീകൃതപ്രിയനളാഭനെന്നാകിലും
തിരസ്കരിണി കാൺകയാലിവനമർത്ത്യനെ-
ന്നോർത്തുടൻ
നിരസ്തവിപുലത്രപാ നിറയുമാദരാശ്ചര്യസം-
ഭ്രമത്തൊടു ദമസ്വസാ നിഭൃതമേവമൂചേ സ്വയം. 19

പദം 25 ഭൈമി:
പ. ഹേ മഹാനുഭാവ, തേ സ്വാഗതം! കിമധുനാ?
അനു. കാമനോ സോമനോ നീ? നി-
ന്നാഗമനം കിന്നമിത്തം? ഹേ.

കല്യാണി - ചെമ്പട

പദം 26 നളൻ:
പ. ഭീമാവനീരമണനന്ദനേ, എന്നെ
ദേവദൂതനെന്നു ധരിച്ചുകൊൾക.
അനു. ശ്രീമാനമരപതി തന്നുടെ ചില
വാചികങ്ങളുണ്ടവകൾ നീ ചെവിക്കൊള്ളേണമേ. ഭീമാ.

പദം 25 ഭൈമി: ഏതൊരു കുലമലങ്കരിച്ചു ജന്മനാ,
ച. 1 ഉരചെയ്തീടണം എന്തു തവ നാമധേയവും?
ദൂതനെന്നു കേട്ടതിങ്ങു ബോധംവന്നീലാ, ജഗ-
ന്നാഥനെന്നെനിക്കു തോന്നി ചേതസി നിന്നെ... ഹേ.

പദം 26 നളൻ:
ച. 1 അപരകുലനാമങ്ങൾ കേൾപ്പതോ യോഗ്യ-
മാർത്തിഭാജി വാസ്തോഷ്പതൗ?
അഖിലഭുവനനാഥൻ വാസവൻ പറ-
ഞ്ഞഞ്ജസാ മമായച്ചതു കേൾക്ക നീ;
അമരാങ്ഗനമാരെയുമമരാധിപൻ വെടിഞ്ഞു
തവ ദാസനായൊഴിഞ്ഞില്ലലർബാണകോപശാന്തി. ഭീമാ.
2 അനലനും നിൻഗുണങ്ങൾ കേൾക്കയാൽ
മദനാധിയിലേ വെന്തു നീറുന്നൂ
അവനിലിന്ധനമെന്ന പോലവേ; ഇപ്പോൾ
അഭിമതയല്ലവനു സ്വാഹയും.
സുമബാണബാണമേറ്റു യമനും മൃതിയടുത്തൂ!
വരുണനു മാരാമയം ബഡവാമുഖാദധികം. ഭീമാ.

പദം 25 ഭൈമി:
2 ഈശന്മാരെന്തു വിചാരലേശം കൂടാതെ അതി-
നീചയോഗ്യമാരംഭിച്ചതാചാരമിപ്പോൾ?
രാജപുത്രി ഞാനിന്നൊരു രാജഭാര്യയെ-
ന്നാശയേ ധരിപ്പതിനെന്തു ക്ളേശം ദേവാനാം? ഹേ.

പദം 26 നളൻ:
3 അമൃതമതിമധുരം പീയതേ, കാല-
മനിശം കളികൾകൊണ്ടു നീയതേ;
അനവധി ഗുണമനുഭൂയതേ. ചിര-
മായുരനവധി ജായതേ;
വൃന്ദാരകാധിപരിച്ചൊന്നതിലൊരുവനെ
നന്നായ്‌ വിചാരിച്ചുറച്ചിന്നേ വരിച്ചുകൊൾക. ഭീമാ.

പദം 25 ഭൈമി:
3 വല്ലഭനുണ്ടുള്ളിൽ, പുറത്തില്ലാ കാണ്മാനും, പാരം
അല്ലലുണ്ടവനെപ്പോലെ നല്ലവൻ നീയും,
വല്ലായ്മ ജീവിപ്പാൻ മമ, തെല്ലുനേരം നീ വാണു
നല്ല വചനം ചൊൽകിലില്ല വൈഷമ്യം ഹേ.

പദം 26 നളൻ:
4 ഹന്ത കേൾ ദമയന്തീ, നിന്നുള്ളി-
ലന്ധഭാവമനന്തമേ;
വന്ദനീയന്മാരെ വെടിയുന്നതിൻ മൂലം
മന്ദിരത്തിലേവം വന്നിരന്നതോ?
വൃന്ദാരകവരരെ നിന്ദചെയ്തൊരു നിന-
ക്കിന്നാരൊരുവൻ ബന്ധു എന്നാലതറിയേണം. ഭീമാ.
5 ഇന്ദ്രയമശിഖിപാശികൾ ഇന്നു
ചൊന്ന വാക്കിനില്ലാദരം
എന്നു വന്നതിൻ കാരണം,
വന്നോരെന്നിലുള്ള നിന്ദ നിർണ്ണയം;
ഇന്ദ്രാദിയോടു ചൊൽവേ,നന്യം നിയോഗിക്കെ?ന്നാൽ
സന്ദേഹമില്ല,വർകൾ നിന്നെയും കൊണ്ടുപോമേ. ഭീമാ.

പദം 25 ഭൈമി:
4 പതിദേവതമാരനവധി ഭുവി കേളതിലൊന്നല്ലോ ഞാൻ;
ചതി ദേവതകൾ തുടർന്നീടുകിലോ ഗതിയാരവനീതലേ?
പതിസമനെന്നോർത്തിതു കേൾ നിന്നോടുദിതം നേരെല്ലാം;
ഇതരനൊടില്ലതു, മോർത്തവരൊടു സദൃശം വദ നീ പോയ്‌.
ഹേ.

രങ്ഗം എട്ട്‌: ഇന്ദ്രാദികൾ കാത്തുനില്ക്കുന്ന സ്ഥലം
നളൻ, ഇന്ദ്രാദികൾ
മോഹനം - മുറിയടന്ത

ശ്ളോ. ഇത്യേവം ദമയന്തിതൻ മൊഴികൾ കേ-
ട്ടത്യന്തമാശ്ചര്യവും
വാത്സല്യം ബഹുമാനവും പ്രണയവും
ചീർത്തൂ നളന്നാശയേ
ആത്താവേശമിമാം പിരിഞ്ഞു തരസാ
പോന്നൂ തിരോഭൂതനായ്‌
വാർത്താമാഹ സഹസ്രനേത്രഹുഭൂ-
ക്കീനാശപാശായുധാൻ. 20

പദം 27 നളൻ:
പ. ശരണം ദേവേശ്വര, ഭവദീയചരണയുഗളും മേ.
അനു. ഹരിണമിഴി തന്നുടെ അരികിലേ ഗമിച്ചേൻ ഞാൻ;
ഒരു ഫലമുളവായീല,റിയിപ്പതിനിയെന്ത്‌? ശരണം.

1 ആരും കാണാതെ കടന്നുചെന്നേനങ്ങു,
നാരീമണി തന്നരികിൽ നിന്നേൻ;
വേറെ വേറെ അഭിമതങ്ങൾ ചൊന്നേൻ; പിന്നെ
സാമസരണിയിലേ ചിരമിരന്നേൻ.
അതിനൊരുത്തരമാഭിമുഖ്യവു-
മവൾ തരാഞ്ഞതികുപിതനായഹ-
മകഥയം ചില ഭേദവാക്കുക-
ളറിക ചൊല്ലിയതനൃതമല്ലിതു. ശരണം

2 ആകുന്ന ഭേദമൊഴി കേട്ടിട്ടുമവൾ-
ക്കാകുലമുള്ളിലുണ്ടായീലൊട്ടും,
ലോകപാലകന്മാരേ, നാകസുഖമാർക്കു
ഭാഗധേയമില്ലെന്നാകിൽ കിട്ടും?
അവളൊരുത്തനിൽ വച്ചു മാനസ-
മസമസായകബാണസാക്ഷിക-
മഖിലസാക്ഷികൾ നിങ്ങളോടിതു
മഹിളമാർമണി നാഹ മാമപി. ശരണം

3 അരുളിച്ചെയ്തപോലിതെല്ലാം കേട്ടേൻ,
അഗതിക്കെനിക്കിനിയാവതെന്തിപ്പോൾ;
അപരനെയങ്ങു നിയോഗിച്ചാലും; ദ്രുത-
മപഹരിച്ചാലുമവളെ വേഗാൽ;
അബലമാരതിചപലമാ, രിതി
പറവതിനു നഹി കുറവു കിഞ്ചന;
ലാളനേന വശീകരിച്ചു രമിച്ചു-
കൊള്ളുക നല്ലൂ വേണ്ടുകിൽ... ശരണം
ഇന്ദ്രൻ
4 പോക ഭവാനും സ്വയംവരത്തിനുയത്നം
ചെയ്ക നിനക്കവളെ ലഭിപ്പാൻ;
സ്നേഹംകൊണ്ടൈവരുമൊന്നല്ലോ നാം; നമ്മി-
ലേകനെ വേണമവൾക്കു വരൻ.
അപരനെപ്പുനരവൾവരിക്കി-
ലനർത്ഥമവനുമവൾക്കുമുണ്ട,തി-
നെത്തുമേ വയമസ്തസംശയ-
മസ്ഥലത്തിലൊരത്തലെന്നിയേ.
പ. സുമതേ, രാജേന്ദ്രാ, നിന്നുടെ മനം ദുരിതസരണിവിമുഖം

രങ്ഗം ഒൻപത്‌: അസുരപുരം
നാട്ടക്കുറിഞ്ഞി - അടന്ത

ശ്ളോ. തുഷ്ടൈരേവം സുരപരിവൃഢൈർന്നൈഷധേന്ദ്രേ വിസൃഷ്ടേ
ഹൃഷ്ടേ മഞ്ചം ഗതവതി വിദർഭേന്ദ്രദിഷ്ടം വിശിഷ്ടം
സപ്തദ്വീപാധിപനൃപകുലേ സോപദേവേ സുരൗഘേ-
പ്യത്രാവാപ്തേ നിശിചരഗണാഃപ്രോചുരഭ്യേത്യ ദൈത്യാൻ 21

പദം 28 രാക്ഷസന്മാർ:
പ. സമർത്ഥരെന്തീവണ്ണം നിങ്ങൾ ദാനവന്മാരേ,
പ്രമത്തരായിരിപ്പതിപ്പോൾ?
അനു. പുമർത്ഥസാരനീതികളത്രലാഭലോഭേന
ചതുർദ്ദിശവാസികളെത്ര സംഭ്രമിക്കുന്നു! സമർത്ഥ.
ച. 1 ധരിത്രിയിൽ വിദർഭമന്ദിരത്തിലുണ്ടൊരുത്തിപോൽ
തരത്തിലില്ലവൾക്കാരും സുരസ്ത്രീനികരത്തിലും;
പ്രവൃത്തം തത്സ്വയംവരം നിമിത്തീകൃത്യ കുണ്ഡിന-
പുരത്തിലേ സമസ്തരും നിരത്തിച്ചെന്നിരിക്കുന്നു. സമർത്ഥ.

ദാനവന്മാർ തമ്മിൽ:
പ. മതി ചൂതുചതുരങ്ഗവും; രാക്ഷസരെന്തു
ചതിയോ ചൊന്നതു നേരോ?
അനു. ക്ഷിതിയിലുള്ളൊരു നാരി അതിരൂപിണി - എന്നാലും
ത്രിദശവാസികൾക്കേവം രതി വന്നതതികുതുകം. മതി.
2 മരിച്ചുപോയ്‌ മഹാലക്ഷ്മി മനുഷ്യഭുവനേ ചെന്നു
ജനിച്ചാളല്ലയോ എന്നു നിനച്ചാലുണ്ടവകാശം.
തനിച്ച നിദ്ര കണ്ടേറ്റം അനിച്ഛ വന്നിതു വിഷ്ണൗ,
ഗുണജ്ഞയ്ക്കില്ലനർഗ്ഗളം ഇണക്കം നിർവ്വികാരനിൽ. മതി.
രാക്ഷസന്മാർ:
3 വധിക്കേണം നൃപന്മാരെ, ചതിക്കേണം സുരന്മാരെ,
ചരിക്കേണമഹികളെ, ഹരിക്കേണമവളെ നാം;
കൊതിക്കേണമശക്തന്മാർ, നടക്ക നാമവിടേക്കു,
മിനക്കെട്ടിങ്ങിരുന്നാലോ കനക്കേടും വരും പാരം. സമ.


രങ്ഗം പത്ത്‌: കുണ്ഡിനപുരം
സാരങ്ഗം - ചെമ്പട

ശ്ളോ. രാക്ഷസദാനവവീരാ
രൂക്ഷരവാഘോഷഭീഷണം ഗത്വാ
കുണ്ഡിനപുരിപരിമിളിതാൻ
കിന്നരസുരപന്നഗാനവദൻ 22
പദം 29 രാക്ഷസന്മാരും ദാനവന്മാരും:
പ. ഹിതമല്ലഹിതന്മാരേ, യുഷ്മദീഹിതം
ഹിതമല്ലഹിതന്മാരേ,
അനു. വിതതം ഗഗനം ക്ഷിതിതലമപിഹിത-
മഭിഹിതമപി ഹിതവചനം ന ശൃണുഥ. ഹിത.
ച. 1 സ്ഥാനങ്ങളിലെല്ലാം മാന്യസ്ഥാനം മാനികളായ
ദാനവരാക്ഷസന്മാർക്കു നൂനം ബ്രഹ്മനിർമ്മിതം
നമ്മുടെ നാടിപ്രപഞ്ചം, നിർമ്മര്യാദികളേ, നിങ്ങൾ
നമ്മുടെ മതമറിഞ്ഞു നമ്മെസ്സേവിച്ചിരിക്കേണം. ഹിത.
ദാനവന്മാർ:
2 ദാരസുഖം പോരായെന്നു ഞങ്ങൾ ലോകസാമ്രാജ്യ-
സാരത്തിലുണർത്തി,രസഭങ്ഗമതു കേട്ടപ്പോൾ
ധാതാവരുൾചെയ്തു ബഹുപ്രീതിയിൽ, ഞങ്ങൾക്കുവേണ്ടി
ചൂതശരദേവതയെ ഭൂതലേ സൃഷ്ടിപ്പനെന്നു- ഹിത.
3 ഈശ്വരമതങ്ങളാരറിഞ്ഞു? നിങ്ങളെന്തോർത്തു?
കാഴ്ചകാണ്മാനിരുന്നു? തെളിഞ്ഞു ദൂരത്തു നിൽപ്പിൻ!
ഇച്ചപലതകൾ കണ്ടാലീർഷ്യയുണ്ടാം ഞങ്ങൾക്കേറ്റം;
തീർച്ചചൊല്ലാം നിങ്ങൾക്കാർക്കും വേഴ്ചവേണ്ടാ കന്യകയിൽ.
ഹിത.

രങ്ഗം പതിനൊന്ന്‌: ഭീമന്റെ കൊട്ടാരം
ഭൈരവി (സുരുട്ടി) - ചെമ്പട

ശ്ളോ. 'മദ്ഭാര്യേയം, മമ ഹി മഹിഷീയം,മമൈവ പ്രിയേയം,
യൂയം മൂഢാ ഇതി കൃതമിഥോരോഷപോഷൈസ്സഘോഷൈഃ
വ്യാപ്തേ ദേവാസുരഫണിനരൈഃ കുണ്ഡിനേ ഭീതിമുഹ്യദ്‌-
ഭീമാരാദ്ധപ്രമുദിതഹരിപ്രേരിതാ വാണ്യഭാണീത്‌. 23

പദം 30 വാണി:
പ. ഭീമകാശ്യപീരമണ, മാ മാ ഭവാനയതു ഖേദം;
അനു. മാമധുനാ മധുവൈരിഭഗവാനരുളി നിൻപുത്രിയാം
ദമയന്തിയെ ബോധയിതുമുപേതാൻ
പുരുഷാനശേഷാൻ സുവേഷാൻ ഭീമ.

1 ചൂതസായകനു ലോകഭേദവും ദ്വീപഭേദവുമതുണ്ടോ?
ഭൂതലത്തിലുള്ളവരെല്ലാവരുമിവിടെയുപഗമിതരായുൾ-
പ്രീതിയോടു നാകത്തിൽവസിപ്പവരൊക്കവേ ഇവിടെ വന്നു
ആദരാതിശയമുൾക്കൊണ്ടസുരന്മാരും ഫണിവരരുമെല്ലാം.
മോദമൊടിന്നിവിടെ വന്നൂ മൂവുലകിലുള്ളവരെല്ലാവരും. ഭീമ.

2 ഇന്നു കേളിവിടെ വന്ന പരിഷയുടെയന്വയം ഗുണവുമെല്ലം
എന്നുടേ മനസി തോന്നുമെന്നിഹ മുകുന്ദനേകി വരവും മേ
നിന്നുടേ തനയ തന്നുടെ സഖിയെന്നെന്നെ നീയറിക രാജൻ;
വർണ്ണനേ സദസി എന്നൊടു നേരിടുമന്യനെന്നരുതു ശങ്കാ,
ദണ്ഡമേതുമില്ലൊന്നിനുമിന്നിഹ മന്നവർമൗലേ, വൃഥാ മാന്ദ്യം.
ഭീമാ
3 തുങ്ഗഭാഗ്യവിളനിലമേ, മങ്ങരുതെ,ങ്ങു നിന്മകളുദാരാ?
മങ്ഗലാങ്ഗനകൾ ധാത്രികൾ വേത്രികൾ കിങ്കരാവലിയുമെങ്ങു?
മങ്ഗലാപ്ളവനമങ്ഗ, വൈകരുതു സങ്ഗം ഖലു മുഹൂർത്തം,
കുങ്കുമാദികൾ ദുകൂലമാഭരണമിങ്ങു സർവ്വമുപനേയം,
ശങ്ഖമദ്ദളമൃദങ്ഗാദികളും ശീഘ്രമാനയിക്ക ശിബികയുമിവിടെ.
ഭീമ.
സാവേരി - ചെമ്പട
പദം 31 ഭീമൻ:
പ. തീർന്നു സങ്കടം, സാമ്പ്രതം വന്നുചേർന്നു മങ്ഗലം പൂർണ്ണമായ്‌.
അനു. പുണ്യപുമാനിന്നു ഞാനെന്നു തെളിഞ്ഞു മന്യേ. തീർന്നു.
ച. 1 ഏതൊരു കാര്യത്തിനും വേണം പൂമകൾ കാന്തൻ-
പാദകമലയുഗദ്ധ്യാനം; എന്നാലൊഴിയും
ബാധകളുണ്ടാകിലും നൂനം; ചിന്തിതമെല്ലാം
സാധിക്കും; തീരുമപമാനം വരുമഭിമാനം. തീർന്നു.
2 താർത്തരുണീരമണൻ തന്റെ ആജ്ഞാകാരിണി
ആർത്തിഹാരിണീ, ദേവി, നിന്റെ കുങ്കുമശോണം
കാൽത്തളിരിണ പണിയുന്നേൻ; വർണ്ണയ ജന-
സാർത്ഥഗുണഗണം; ഞാൻ നിന്നെ വിശ്വസിക്കുന്നേൻ.
തീർന്നു.

(ദമയന്തിയെ വിളിച്ച്‌)
3 ബാലേ, തനയേ, ദമയന്തി, ഹന്ത! നിനക്കൊ-
രാളിയിതല്ലോ വന്നു കാൺക, വന്നിരിക്കുന്ന
മാലോകരെ അറിഞ്ഞു ചൊന്നാൽ, വേണുന്നവരെ
മാലയിട്ടു വരിക്ക നന്നായ്‌, മാൽ തീരുമെന്നാൽ. തീർന്നു.

രങ്ഗം പന്ത്രണ്ട്‌: സ്വയംവരമണ്ഡപം
തോടി - ചെമ്പട

ശ്ളോ. താതവാഗ്ഭിരിതി ജാതമോദഭര-
മാതൃചോദിതവധൂജനൈഃ
സ്ഫീതവാദ്യരവമേദുരാരചിത-
കൗതുകാപ്ളവമനോഹരാ
നൂതനാംശുകനിവീതമൂർത്തിരഥ
ജാതരൂപശിബികാസ്ഥിതാ
സാതിലോലയുവയൂഥഗാ വചന-
നാഥയാകഥി നൃപാത്മജാ. 24
പദം 32 സരസ്വതി:
പ. ബാലേ! സദ്ഗുണലോലേ, മങ്ഗല-
ശീലശാലിനി, കേൾ നീ.
അനു. പ്രാലേയരുചിമുഖി, ദമയന്തി,
മാലകൊണ്ടൊരുവനെ വരിച്ചീടു നീ. ബാലേ.
ച. 1 സമസ്തജനകൃതയശസ്തവം ഏക-
മമർത്ത്യപരിഷയിൽ വരിക്ക നീ, അല്ലെ-
ന്നിരിക്കിലസുരരുണ്ടിരിക്കുന്നൂ, ലോക-
മമർത്തു സുഖിക്കുന്നു സമർത്ഥരായ്‌,
പന്നഗവരരിതല്ലോ, യദി തവ
ചൊന്നതിൽ നഹി കുതുകം,
കാൺക നീ മന്നവർപരിഷകളെ;
ഇവൻ കേൾ പുഷ്കരദ്വീപാധിപൻ;
ഇവനല്ലോ ശാകദ്വീപനായകൻ;
ക്രൗഞ്ചദ്വീപേശ്വരനോ വാഞ്ഛിതൻ? ഭജിക്ക നീ
കുശദ്വീപനാഥനെ, ക്കണ്ടാലുമെടോ
ശാല്മലദ്വീപാധീശം നിർമ്മലസുപ്രകാശം,
പ്രേക്ഷിതനായോ നിന്നാൽ പ്ളക്ഷമഹാദ്വീപേന്ദ്രൻ?
നിന്മൂലം വന്നിരിക്കുന്ന ജംബുദ്വീപഭൂപന്മാരിൽ
കൺമുനയങ്ങയയ്ക്ക നീ കമ്രുമുഖി, ദമയന്തി. ബാലേ.
2 അനന്തഗുണനിധി പരന്തപൻ - ഇവ-
നവന്തിജനപദപുരന്ദരൻ - നിന-
ക്കിവങ്കലഭിരുചി ലവം ന ചേത്‌, പുന-
രിമം കലിങ്ഗനെ വരിക്ക നീ;
കാശീനൃപമഥവാ സുമശരദേശീയം വപുഷാ കുടിലസു-
കേശീകുലകലികേ, ശാരദരാജീവാഭമുഖീ,
ഇവനല്ലോ ദിനകരകുലോദ്വഹൻ,
ഋതുപർണ്ണനെന്നു ലോകവിശ്രുതൻ;
ഗൗഡനൃപതിയിവൻ വീര്യവാൻ, ഇവനല്ലോ
ലാടധരണീശ്വരൻ കന്ദർപ്പനിഭൻ;
പാണ്ഡ്യക്ഷിതിപൻ വീരൻ, ചോളവിനേതാ ശൂരൻ,
ഭീഷിതവൈരിസാരൻ നൈഷധനല്ലോ സോയം;
ഇന്ദ്രനഗ്നിയമൻ പാശി എന്ന നാലരിതാ, നളൻ-
തന്നരികിൽ മരുവുന്നൂ സുന്ദരീ, തത്സ്വരൂപന്മാർ. ബാലേ.
ഭൈമി:
3 ഹരിത്പ്രഭുക്കളെയൊരിക്കലും അസത്‌-
കരിച്ചതില്ലഹം കിനാവിലും, എന്ന-
ങ്ങിരിക്കവേ പുനരിവർക്കഹോ നമ്മെ
ച്ചതിപ്പതിനു നഹി നിമിത്തവും;
എങ്കലൊരപരാധം വരികിലു-
മിങ്ങനെ തുടരാമോ? ത്രിഭുവന-
സങ്കടഹരരിവർപോൽ! ഹരഹര! ശങ്കര! കിം കരവൈ?
ചെറിയ നാളിൽത്തന്നെ തുടങ്ങി ഞാൻ
അറിവൻ കണവൻ മമ നളനെന്നേ
മറിവില്ലതിനിങ്ങെന്നു വരികിലോ, അറിയായ്‌-
വരിക മമ രമണനെ; ഒരുനാളും ഞാൻ
മനസാ വപുഷാ വാചാ ന നളാദിതരം ജാനേ;
അതിനാൽ ദേവാ മുദിതാ ദദതാമേതം രമണം;
ഇത്തൊഴിൽ വെടിഞ്ഞെന്നുടെയത്തലൊഴിച്ചരുളേണം;
ഭക്തജനചിത്തമുണ്ടോ തപ്തമാക്കുമാറീശന്മാർ?

പ. ഇന്ധാനേ ഹൃദി സന്താപേ ഭൃശ-
മെന്തു ചെയ്‌വു ഞാനധുനാ?
പുറനീര-ചെമ്പട
ശ്ളോ. അഥ!ബത! ദമയന്തീചിന്തയാ ദൈവഗത്യാ
സപദി ഹരിദധീശാ ഭേജിരേ സ്വസ്വചിഹ്നം;
തദനു നളഗളാന്തേ ബാലയാ ന്യാസി മാലാ;
പ്രമുദിതമനസസ്തേ വാചമാചക്ഷതൈവം. 25
പദം 33 ഇന്ദ്രൻ:
പ. അനല്പം വാമസ്തു ഭവ്യം മമ പ്രസാദേന
അനു. വിദർഭനൈഷധവംശതിലകൗ യുവാനൗ അനല്പം.
ച. 1 ബുദ്ധിക്ഷയമില്ലേതും ബോധിക്ക ശുഭചിത്ത-
ശുദ്ധിക്ഷപിതദോഷ, ശൂര, നൈഷധഭൂമി-
ക്കദ്ധ്യക്ഷ, നീ ചെയ്യുന്ന യജ്ഞേഷു ഹവിർഭാഗം
പ്രത്യക്ഷം ഭുജിപ്പൻ ഞാൻ, പ്രഥതാം തേ ശിവസായുജ്യം.
അനല്പം.
അഗ്നി:
2 പരിചിൽ ഞാനാഗ്രഹിച്ച ഭൈമി നിന്നെ വരിച്ചു
പരുഷമില്ലെനിക്കേതും, പ്രത്യുത മുദിതോസ്മി
പചനദഹനങ്ങളിൽ ഭവതസ്സ്വാധീനൻ ഞാനെ-
ന്നറിക നീ വച്ചുണ്ടാക്കും കറികളമൃതിനൊക്കും. അനല്പം.
യമൻ:
3 ദമയന്തിയെ ഞാൻ നിന്റെ ദയിതയാക്കുവാൻ വന്നു;
മമ ചിന്തിതം സാധിച്ചു,തരുവാൻ വരങ്ങളെ ഞാൻ;
ആപത്തിലും നിൻബുദ്ധി അധർമ്മവിമുഖിയാകും;
ആയത്തയാകും നിങ്കലായുധവിദ്യയെല്ലാം. അനല്പം.
വരുണൻ:
4 മതിമുഖി ഭൈമിയോടും മദനകേളികൾ പൂണ്ടു
മരുവുക നൈഷധാ, നീ; തരുവൻ വരയുഗളം:
തരുവല്ലീസൂനം കല്പതരുസൂനമാം നീ തൊട്ടാൽ;
മരുഭൂമിയിലും തവ ജലമുണ്ടാം വേണ്ടുവോളം. അനല്പം.
5 കനക്കുമർത്ഥവും സുധ കണക്കേ പദനിരയും
അനർഗ്ഗളം യമകവും അനുപ്രാസമുപമാദി
ഇണക്കംകലർന്നു രമ്യം ജനിക്കും നൽസാരസ്വതം
നിനക്കും നിൻദയിതയ്ക്കും നിനയ്ക്കുന്നവർക്കും നിന്നെ.
അനല്പം.

ശ്ളോ. ഇത്യുക്ത്വാ ത്രിദശവരാസ്തിരോബഭൂവു-
സ്തദ്യുക്താ ത്രിദിവമിയായ സാപി വാണീ.
വൈദർഭോ നിജതനയാം നളേന സാർദ്ധം
വാദിത്രദ്ധ്വനിമുഖരം നിനായ ഗേഹം 26

നളചരിതം ആട്ടക്കഥ ഒന്നാംദിവസം സമാപ്തം.

"https://ml.wikisource.org/w/index.php?title=നളചരിതം_ഒന്നാം_ദിവസം&oldid=218184" എന്ന താളിൽനിന്ന് ശേഖരിച്ചത്