ദേവീമാനസപൂജാസ്തോത്രം/സ്തോത്രങ്ങൾ/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ദേവീമാനസപൂജാസ്തോത്രം
രചന:ചട്ടമ്പിസ്വാമികൾ
സ്തോത്രം-63


മുക്താകുന്ദേന്ദുഗൗരാം മണിമയമകുടാം
     രത്നതാടങ്കയുക്താ-
മക്ഷസ്രക്പു‌ഷ്പഹസ്താമഭയവരകരാം
     ചന്ദ്രചൂഡാം ത്രിണേത്രാം
നാനാലങ്കാരയുക്താം സുരമകുടമണി-
     ദ്യോദിതസ്വർണ്ണപീഠാം
സാനന്ദാം സുപ്രസന്നാം ത്രിഭുവനജനനീം
     ചേതസാ ചിന്തയാമി.        (63)

വിഭക്തി -
മുക്താകുന്ദേന്ദുഗൗരാം - ആ. സ്ത്രീ. ദ്വി. ഏ.
മണിമയമകുടാം - ആ. സ്ത്രീ. ദ്വി. ഏ.
രത്നതാടങ്കയുക്താം - ആ. സ്ത്രീ. ദ്വി. ഏ.
അക്ഷസ്രക്പു‌ഷ്പഹസ്താം - ആ. സ്ത്രീ.ദ്വി. ഏ.
അഭയവരകരാം - ആ. സ്ത്രീ. ദ്വി. ഏ.
ചന്ദ്രചൂഡാം - ആ. സ്ത്രീ. ദ്വി. ഏ.
നാനാലങ്കാരയുക്താം - ആ. സ്ത്രീ. ദ്വി. ഏ.
സുരമകുടമണിദ്യോതിതസ്വർണ്ണപീഠാം - ആ. സ്ത്രീ. ദ്വി. ഏ.
സാനന്ദാം - ആ. സ്ത്രീ. ദ്വി. ഏ.
സുപ്രസന്നാം - ആ. സ്ത്രീ. ദ്വി. ഏ.
ത്രിഭുവനജനനീം - ഈ. സ്ത്രീ. ദ്വി. ഏ.
[ 101 ] ചേതസാ - സ. ന. തൃ. ഏ.
ചിന്തയാമി - ലട്ട്. പര. ഉ. ഏ.

അന്വയം - മുക്താകുന്ദേന്ദുഗൗരാം മണിമയമകുടാം രത്നതാടങ്കയുക്താം അക്ഷസ്രക്പു‌ഷ്പ ഹസ്താമയവരകരാം ചന്ദ്രചൂഡാം ത്രിണേത്രാം നാനാലങ്കരയുക്താം സുരമകുടമണി ദ്യോതിതസ്വർണ്ണപീഠാം സാനന്ദാം സുപ്രസന്നാം ത്രിഭുവനജനനീം ചേതസാ ചിന്തയാമി.

അന്വയാർത്ഥം - ഞാൻ മുക്താകുന്ദേന്ദു ഗെരൗയായി മണിമയമകുടമായി രത്നതാടങ്കയുക്തയായി അക്ഷസ്രക്പു‌ഷ്പ ഹസ്തയായി അഭയവരകരയായി ചന്ദ്രചൂഡയായി ത്രണേത്രയായി നാനാലങ്കാരയുക്തമായി സുരമകുടമണിദ്യോതിത സ്വർണ്ണപീഠ യായി സാനന്ദയായി സുപ്രസന്നയായിരിക്കുന്ന ത്രിഭൂവന ജനിയെ ചേതസ്സുകൊണ്ട് ചിന്തിക്കുന്നു.

പരിഭാ‌ഷ - മുക്താകുന്ദേന്ദുഗൗരാ - മുക്തംപോലെയും കുന്ദംപോലയും ഇന്ദുപോലെയും ഗൗരാ. മുക്തം - മുത്ത്. കുന്ദം - മുല്ലപ്പൂവ്. ഇന്ദു - ചന്ദ്രൻ. ഗൗരാ - വെളുപ്പുള്ളവൾ. മണിമയം - രത്നനിർമ്മിതം. മകുടം - രത്നതാടങ്കയുക്താ - രത്നതാടങ്കത്തോടുകൂടിയവൾ. രത്നതാടങ്കം - രത്നംകൊണ്ടുണ്ടാക്കിയ തോട. അക്ഷസ്രക്പു‌ഷ്പഹസ്താ - അക്ഷസ്രക്കുംപു‌ഷ്പവും ഹസ്തത്തിലുള്ളവൾ. അക്ഷസ്രക് - ജപമാല. പു‌ഷ്പം - താമരപ്പൂവ്. ഹസ്തം - കൈയ്. അഭയവരകരാ - അഭയവും വരവും കരത്തിങ്കൽ ഉള്ളവൾ. കരം - കൈയ്. ചന്ദ്രചൂഡാ - ശിരസ്സിൽ (തലമുടിക്കെട്ടിൽ) ചന്ദ്രനെ ധരിക്കുന്നവൾ. ത്രിണേത്രാ - മൂന്നു നേത്രങ്ങളോടുകൂടിയവൾ. നാനാലങ്കാരയുക്താ - പലവിധത്തിലുള്ള ആഭരണങ്ങൾ ധരിച്ചിട്ടുള്ളവൾ, സുരമകുടമണിദ്യോതിതസ്വർണ്ണപീഠാ- സുരന്മാരുടെ മകുടങ്ങളിലുള്ള മണികളാൽ ദ്യോതിതമായിരിക്കുന്ന സ്വർണ്ണപീഠത്തോടുകൂടിയവൾ. സുരന്മാർ - ദേവന്മാർ.[ 102 ] മകുടങ്ങൾ - കീരീടങ്ങൾ. മണികൾ - രത്നങ്ങൾ. ദ്യോതിതം - ശോഭിക്കപ്പെട്ടത്. സാനന്ദാ - ആനന്ദത്തോടുകൂടിയവൾ. സുപ്രസന്നാ - ഏറ്റവും സന്തുഷ്ടാ (മന്ദഹാസത്തോടുകൂടിയവൾ) ത്രിഭുവനജനനി - ത്രിഭുവനങ്ങളുടെ ജനനി. ത്രിഭുവനങ്ങൾ - മൂന്നു ലോകങ്ങൾ. ജനനി - സൃഷ്ടികർത്രീ. ചേതസ്സ് - മനസ്സ്. ചിന്തിക്ക - വിചാരിക്ക.

ഭാവം - മുത്ത്, മുല്ലപ്പൂവ്, ചന്ദ്രൻ എന്നിവയെപ്പോലെ വെളുത്തനിറത്തോടുകൂടിയവളും ശിരസ്സിൽ രത്നമയമമായ കിരീടം ധരിച്ചിരിക്കുന്നവളും കർണ്ണങ്ങളിൽ രത്നത്തോടകൾ അണിഞ്ഞിരിക്കുന്നവളും ജപമാല, താമരപ്പൂവ്, അഭയം, വരം ഇവയെ കൈകളിൽ ധരിച്ചിരിക്കുന്നവളും ചന്ദ്രാലംകൃതമായ ശിരസ്സും മൂന്നു നേത്രങ്ങളും ഉള്ളവളും അനേകവിധത്തിലുള്ള ഭൂ‌ഷങ്ങൾ അണിഞ്ഞിട്ടുള്ളവളും ദേവകളുടെ കീരിടത്തിലെ രത്നങ്ങളുടെ ശോഭകൊണ്ട് ശോഭിച്ചിരിക്കുന്ന പാദം വെച്ചിരിക്കുന്ന സ്വർണ്ണപീഠത്തോടുകൂടിയവളും ഏറ്റവും സന്തോ‌ഷത്തോടും മന്ദസ്മിത്തോടും കൂടിയവളും ആയിരിക്കുന്ന മൂന്ന് ലോകങ്ങളുടേയും അമ്മയെ ഞാൻ മനസ്സു കൊണ്ട് വിചാരിക്കുന്നു.