Jump to content

താൾ:Vayichalum vayichalum theeratha pusthakam.djvu/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ചോദിച്ചു.

“അതെ. അറുത്താൽ പ്രകൃതി നശിക്കും; അതിൻറെ ഒരു ഭാഗമായ മനുഷ്യനും നശിക്കും. കറന്നാലോ പ്രകൃതി പിന്നെയും പിന്നെയും വിഭവങ്ങൾ ചുരത്തിത്തരും. അങ്ങനെ പ്രകൃതി നിലനിൽക്കും. മനുഷ്യനും നിലനിൽക്കും."

"പ്രകൃതിയെ അറക്കരുത്; കറക്കാം. ഹായ്! മനോഹരമായ ആശയം." അപ്പുക്കുട്ടൻ ആ ആശയത്തിന്റെ മനോഹാരിതയിൽ ലയിച്ചു നിന്ന് തലയാട്ടി.

"മനോഹരം മാത്രമല്ല അപ്പുക്കുട്ടാ, ഏറ്റവും മഹത്തായ ആശയം കൂടിയാണിത്. പ്രകൃതിയെപ്പറ്റിയുള്ള ഏറ്റവും പുതിയ ആശയം. ഈ ഭൂമിയുടെ ഭാവിയെപ്പറ്റി ചിന്തിക്കുന്ന എല്ലാ മനുഷ്യരും ഉയർത്തിപ്പിടിക്കുന്ന ആശയം."

"ഞങ്ങൾ ആ മഹത്തായ ആശയം പൂർണമായും ഉൾക്കൊള്ളുന്നു മാസ്റ്റർ?"

"അപ്പോൾ നാം നമ്മുടെ സുഖകരമായ ജീവിതത്തിനുവേണ്ടി ഈ ലോകത്തു നടത്തുന്ന എല്ലാ വികസന പ്രവർത്തനങ്ങളും പ്രകൃതിയെ കറന്നെടുക്കുന്ന പ്രവർത്തനങ്ങൾ മാത്രമായിരിക്കണം. പ്രകൃതിയെ അറുത്തു കൊല്ലുന്നവയായിരിക്കരുത്. ഇത്തരം വികസനത്തിനാണ് സുസ്ഥിരമായ വികസനം എന്ന് പറയുന്നത്. അതായത് പ്രകൃതിയുടെ നിലനിൽപ്പ്‌ ഉറപ്പാക്കി കൊണ്ടുള്ള വികസനം. ഇംഗ്ലീഷിൽ സസ്റ്റേനബിൾ ഡിവലപ്പ്മെൻറ് (sustainable development) എന്നു പറയും"

"അത് ഒന്നുകൂടി പറയൂ മാസ്റ്റർ"

"സസ്റ്റേനബിൾ ഡിവലപ്പ്മെൻറ്"

"സസ്റ്റേനബിൾ ഡിവലപ്പ്മെൻറ്" റീനി അതു പല പ്രാവശ്യം പറഞ്ഞ് ഉറപ്പിച്ചു.

"ലോകത്ത് ഇന്നു നടന്നു കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾ ഭൂരിഭാഗവും സുസ്ഥിരമല്ല. അതുമൂലം ഭൂമി നശിച്ചേക്കും എന്നാണ് ശാസ്ത്രജ്ഞന്മാരുടെ ആശങ്ക.

"https://ml.wikisource.org/w/index.php?title=താൾ:Vayichalum_vayichalum_theeratha_pusthakam.djvu/92&oldid=172258" എന്ന താളിൽനിന്ന് ശേഖരിച്ചത്