കൊച്ചുമുഹമ്മദും കൂടെക്കൂടി.
“ഹൊ!” കാമധേനുവിനെ വെട്ടിക്കൊല്ലുന്ന കാര്യം കേട്ടപ്പോഴെ രൂപക്കുട്ടി ഞെട്ടി. മറ്റുള്ളവർ അറവുകാരൻറെ മനോഭാവമോർത്ത് ‘കഷ്ടം കഷ്ടം’ എന്നു പറഞ്ഞു.
"ആരും ഞെട്ടണ്ട. തോമസ്സും കൊച്ചുമുഹമ്മദും അപ്പുക്കുട്ടനും പറഞ്ഞത് ശരിയാ. അറവുകാരൻ കാമധേനുവിനെ കൊല്ലുന്ന കാര്യമേ ഓർക്കൂ. തൽക്കാലത്തെ ലാഭമേ അയാൾ ഓർക്കൂ. കാമധേനുവിന്റെ അകിട്ടിലെ പാൽ കണ്ടാലൊന്നും അയാളുടെ നാവിൽ വെള്ളമൂറില്ല!" മാസ്റ്റർ തുടർന്നു.
"എന്തൊരു ഹീനമായ മനോഭാവം!" കൊച്ചുറാണിക്ക് ദേഷ്യം വന്നു.
"പക്ഷേ അതാണ് കൊച്ചുറാണീ ലാഭക്കൊതിയന്മാരായ ഇന്നത്തെ മുതലാളിമാരുടെയും മനോഭാവം. എന്തും നശിപ്പിച്ച്, ആരെയും കുരുതികൊടുത്ത് ലാഭമുണ്ടാക്കലേ അവർക്കു ലക്ഷ്യമുള്ളൂ. അതാണല്ലോ ബോംബും വിഷങ്ങളും എല്ലാമുണ്ടാക്കി വിറ്റ് അവർ പണമുണ്ടാക്കുന്നത്! യഥാർത്ഥ പ്രകൃതിസ്നേഹികൾക്ക് ഈ ലാഭക്കൊതിയന്മാരുടെ കൂടെ ചേരാനാവുകയില്ല. ഇത്തരം ഭ്രാന്തിനെതിരെ നീങ്ങാതിരിക്കാനും പറ്റില്ല." മാസ്റ്റർ പറഞ്ഞു.
"ഞാനാണെങ്കിൽ ഇളം പുല്ല് ചെത്തിക്കൊണ്ടുവന്ന് കാമധേനുവിന് കൊടുക്കും. നല്ല കഞ്ഞി വെള്ളം അവളെ കുടിപ്പിക്കും. അവളെ കുളിപ്പിച്ച് നിർത്തും. ഓമനിച്ചു വളർത്തും. അവളുടെ അകിട്ടിലൂറുന്ന പാൽ മാത്രം കറന്നു കുടിക്കും." കൊച്ചുറാണി വിശദമായി പറഞ്ഞു.
"മിടുക്കി. അതാണ് പ്രകൃതിയോടും വേണ്ട ശരിയായ സമീപനം. പ്രകൃതിയുടെ ഒരു ഭാഗത്തെയും നശിപ്പിക്കരുത്. പ്രകൃതിയെ ചൂഷണം ചെയ്യണമെന്ന ഭ്രാന്തൻ ചിന്ത വെടിയണം. പ്രകൃതിയെ സ്നേഹിക്കണം. അതിന്റെ നിലനില്പിന് തകരാറുണ്ടാക്കുന്ന ഒരു പ്രവർത്തനവും നടത്തരുത്. അത്തരം ഫാക്ടറിയും വ്യവസായവും ഒന്നും നടത്തുകയോ അരുത്. പ്രകൃതിക്ക് തകരാറുണ്ടാക്കാതെ പ്രകൃതി സ്നേഹപൂർവ്വം മനുഷ്യന് ചുരത്തിത്തരുന്ന പാൽ കറന്നു കുടിക്കുക മാത്രം ചെയ്യണം. അതുകൊണ്ട് തൃപ്തിപ്പെടുകയും വേണം." മാസ്റ്റർ വിശദീകരിച്ചു.
"ചുരുക്കത്തിൽ പ്രകൃതിയെ അറക്കരുത്. കറക്കണം, അല്ലേ മാസ്റ്റർ?" അപ്പുക്കുട്ടൻ എടുത്തു