താൾ:Vayichalum vayichalum theeratha pusthakam.djvu/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

"നോക്കൂ, ആ ആൽമരത്തെ തന്നെ നോക്കി നിൽക്കൂ. എത്രയെത്ര ഇലകൾ. അവയെല്ലാം വെയിലിൽ നൃത്തം വയ്ക്കുന്നു. വെയിൽ പിടിച്ചെടുക്കുന്നു. വെയിലിന്റെ ഊർജ്ജമുപയോഗിച്ച് വെള്ളവും കാർബൺ‌ഡൈഓക്സൈഡും കൂട്ടിച്ചേർത്ത് ആഹാരമുണ്ടാക്കുന്നു. ഇലപ്പച്ചയുടെ ഇന്ദ്രജാലമാണത്. ആ പാചകവിദ്യ."

"ഹോ, ഓരോ ഇലയും ഓരോ അടുക്കള!" കൊച്ചുറാണി അതോർത്ത് അത്ഭുതപ്പെട്ടു.

"അതെ, ആയിരക്കണക്കിനിലകൾ പകൽ മുഴുവൻ പാചകം തന്നെ പാചകം. ലോകത്ത് ജീവൻ നിലനിർത്തുന്നത് ആ പാചക കലയാണ്. ആലില ആഹാരമുണ്ടാക്കി മരത്തിന്റെ പലഭാഗത്തേക്കും അയക്കുന്നു. അതുപയോഗിച്ച് മരം വളരുന്നു. പഴങ്ങൾ ഉണ്ടാക്കി പക്ഷികൾക്ക് നൽകുന്നു. വംശം നിലനിറുത്താൻ വിത്തുകൾ വിതരണം നടത്തുന്നു. പക്ഷികൾക്ക് അഭയം നൽകുന്നു. നമുക്ക് തണൽ തരുന്നു. വായു ശുദ്ധമാക്കുന്നു....."

"എന്തൊരു തിരക്കുപിടിച്ച പണി."

"അതെ. അതിനായി ആലിന്റെ വേരുകൾ മണ്ണിനടിയിലേക്ക് ആഴ്ന്നിറങ്ങി നാലുപാടും ഏറെ ദൂരം പടർന്ന് വളർന്നിട്ടുമുണ്ട്."

"ഓ അത് ഞാൻ ഓർത്തില്ല." അപ്പുക്കുട്ടൻ സമ്മതിച്ചു.

"നമ്മൾ ആൽമരത്തെയല്ലെ കാണുന്നുള്ളൂ. എത്ര വലിയ കൊടുങ്കാറ്റ് വന്നാലും മറിയാതെ നിൽക്കുകയല്ലെ ഈ കൂറ്റൻ മരം. അങ്ങനെ അതിനെ എപ്പോഴും പിടിച്ച് നിർത്തണമെങ്കിൽ എത്രമാത്രം ശക്തി പ്രയോഗിക്കണം. വേരുകളാണ് മരത്തെ അങ്ങനെ താങ്ങിനിർത്തുന്നത്."

"ഹൊ, അതിന് എന്തു വേരുകൾ വേണം."

"അതെ, ഒത്തിരി വേരുകൾ വേണം. അവ നാലുപാടും പടർന്നു വളർന്ന് മണ്ണിൽ പിടിച്ചു നിൽക്കണം. അവയിലൂടെ വെള്ളവും പോഷകവസ്തുക്കളും മരത്തിന്റെ തലപ്പത്തുവരെ കയറ്റിവിടണം. അങ്ങനെ ആൽമരത്തിന്റെ വേരുപടലത്തിലും വലിയ പണികൾ എപ്പോഴും നടക്കുന്നു!"

"https://ml.wikisource.org/w/index.php?title=താൾ:Vayichalum_vayichalum_theeratha_pusthakam.djvu/80&oldid=172245" എന്ന താളിൽനിന്ന് ശേഖരിച്ചത്