കൂട്ടുകാരുടെയടുത്തേക്ക് കൊണ്ടു ചെന്നു. "ഇവൻ ഇണങ്ങുകയില്ല. വിട്ടാൽ ഓടിപ്പോകും. ദാ എല്ലാവരും നീർക്കോലിയെ ശരിക്കു കാണൂ."
സാവധാനം എല്ലാവരും അടുത്തു വന്നു. മാസ്റ്റർ നീർക്കോലിയുടെ പുറവും അകവും കാണിച്ചു കൊടുത്തു. "നോക്കൂ എത്ര വൃത്തിയുള്ള ജീവി." മാസ്റ്റർ പുറത്തു തടവി. "തൊട്ടു നോക്കൂ."
ആർക്കും അതിന് ധൈര്യം വന്നില്ല. അവസാനം കൊച്ചുമുഹമ്മദ് അതിനെ തൊട്ടു. പിന്നെ അപ്പുക്കുട്ടനും തൊട്ടു. "ഞാൻ അവനെ പിടിക്കട്ടെ?" ദീപു അതിന് ധൈര്യം കാണിച്ചു.
"ഓഹോ പിടിച്ചോളൂ." മാസ്റ്റർ ശ്രദ്ധിച്ച് ദീപുവിനെക്കൊണ്ട് തലയിൽ പിടിപ്പിച്ചു.
"അധികം ഞെക്കി പിടിക്കേണ്ടാ." മാസ്റ്റർ പറഞ്ഞു. പിന്നെ നീർക്കോലിയെ തിരിച്ചു വാങ്ങി അവന്റെ വാ പൊളിച്ച് പല്ലുകൾ കാണിച്ചു കൊടുത്തു.
"ദാ കണ്ടോ? ഇത്രയുമേ അവന്റെ പല്ലുകൾക്ക് വലുപ്പമുള്ളൂ... ഇനി അവനെ വിട്ടേക്കാം" മാസ്റ്റർ അവനെ വെള്ളത്തിലേക്കിട്ടു. അവൻ വെള്ളത്തിലൂടെ ഒറ്റ മുങ്ങ്!
"ഇനി ഒരു ദിവസം ഞാൻ ഒരു ചേരയെ പിടിച്ചു പരിചയപ്പെടുത്താം..." മാസ്റ്റർ പറഞ്ഞു തീരും മുൻപ് തോമസ് ഇടക്ക് കയറി ചോദിച്ചു.
"ഇതെന്താ മാസ്റ്റർ വെള്ളത്തിൽ പച്ച നിറത്തിൽ കിടക്കുന്നത്?" വെള്ളത്തിലിറങ്ങി നിൽക്കുകയായിരുന്നു തോമസ്.
"അത് ഒരിനം പായലാണ് തോമസേ, കുളത്തിൽ ശ്രദ്ധിച്ചു നോക്കൂ. ഇനിയെന്തെല്ലാം കാണുന്നുണ്ട് എന്ന് നോക്കൂ."
"ദാ ചെറിയ കടുക് പോലെന്തോ." അനു വെള്ളത്തിൽ ശ്രദ്ധിച്ചു നോക്കി പറഞ്ഞു.
"അതും ഒരു ജീവിയാണ്. ധാരാളമുണ്ട്, അല്ലേ"
"ഉവ്വ്, ഒരു ഞവണിക്കാ കണ്ടോ മാസ്റ്റർ?"
"കണ്ടു. ശ്രദ്ധിച്ചു നോക്കിയാൽ അങ്ങനെ എന്തെല്ലാം ഇവിടെ കാണാൻ കഴിയുമെന്നോ. കുളം