ഒരു കൊട്ടാരമാണ്."
"കൊട്ടാരമോ?" കൊച്ചുറാണിക്ക് ചിരിവന്നു.
മാളികയും രാജകുമാരിയുമില്ലാത്ത കൊട്ടാരമോ? കൊച്ചുറാണി ചോദിച്ചു.
"അതെ കൊച്ചുറാണി, കൊട്ടാരം തന്നെ. അനേകം ജീവികൾ ആഹ്ലാദത്തോടെ ജീവിക്കുന്ന കൊട്ടാരം. കുളത്തിലെ ചേറിൽ ആമ്പലുകൾ വേരുറപ്പിച്ചിരിക്കുന്നു. നെയ്യാമ്പലും മുള്ളൻപായലും മറ്റുമായി വലുതും ചെറുതുമായി അനേകം സസ്യങ്ങൾ, കൊച്ചും വലുതുമായി അനേകം മീനുകൾ, മറ്റു ജന്തുക്കൾ. എല്ലാവരും ആഹ്ലാദത്തോടെ ഈ കൊട്ടാരത്തിൽ കഴിയുന്നു."
"വാലുമാക്രിക്ക് ആഹ്ലാദമില്ല." മീനയ്ക്കു സങ്കടം.
"ങ്ങും, അതെന്താ മീനേ?"
"നീർക്കോലി പിടിച്ചു തിന്നുകയില്ലേ?"
"ഓ അതിൽ കാര്യമില്ല. നോക്കൂ. എത്ര ആയിരം വാലുമാക്രികൾ! അവ ആഹ്ലാദത്തോടെ കുളത്തിൽ നീന്തിക്കളിക്കുന്നു. വെള്ളത്തിൽ ഉള്ള കൊച്ചു സസ്യഭാഗങ്ങൾ തിന്ന് വലുതാകുന്നു. നീർക്കോലികൾ അഞ്ചെട്ടെണ്ണമേ കാണൂ. അവർ വയറ് നിറച്ചു തിന്നാലും തീരാത്തത്ര വാലുമാക്രികൾ ഉണ്ട്. കുറെ വാലുമാക്രികൾ നീർക്കോലിയുടെ വയറ്റിൽ പെടും. പക്ഷേ, കുറെ വളരും. വലുതാകും, വാലു കുറുകും. കാലുകൾ പുറത്തു വരും. അവ ചാടി കരയ്ക്കുമെത്തും. കുട്ടിമാക്രികളാവും. അവരിൽ ചിലരേയും നീർക്കോലികൾ ശാപ്പിടും. ചിലരെ ചേര പിടിക്കും. എന്നാൽ ബാക്കി വലുതാകും. വലിയ മാക്രികളാകും."
"ക്രോ ക്രോ ക്രോ ക്രോ." കൊച്ചുമുഹമ്മദ് കുളക്കരയിൽ കുത്തിയിരുന്ന് മാക്രി കരയുന്നതു പോലെ കരഞ്ഞു തവളച്ചാട്ടം നടത്തി. കൂട്ടുകാർ ചിരിച്ചു.
"ദാ കണ്ടോ ഈ മുഹമ്മദ് മാക്രി ചാടും പോലെ ചാടി നടക്കും. കൊതുകിനേയും മുഞ്ഞയെയും മറ്റു കീടങ്ങളേയും പിടിച്ചു തിന്നും. വലുതാകും, മുട്ടയിടും. പിന്നെയും പുതിയ വാലു മാക്രികളുണ്ടാകും."