Jump to content

താൾ:Vayichalum vayichalum theeratha pusthakam.djvu/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

"അവന്റെ പച്ചനിറം കാരണം അവനെ 'പച്ചിലക്കുടുക്ക' എന്നും വിളിക്കാറുണ്ട്. സ്മാൾ ഗ്രീൻ ബാർബെറ്റ് (small green barbet) എന്നാണ് ഇംഗ്ലീഷിൽ പറയുന്നത്."

"ഓ, ഈ ഇംഗ്ലീഷ് പേരൊന്നും പഠിക്കാൻ എനിക്ക് വയ്യ." കൊച്ചുമുഹമ്മദ് പരാതി പറഞ്ഞു.

"അത് പഠിക്കാൻ അത്ര വിഷമമൊന്നുമില്ല മുഹമ്മദേ. രണ്ടു മൂന്നു പ്രാവശ്യം കേൾക്കുമ്പോൾ ആരും പഠിക്കും. ഇംഗ്ലീഷ് പേരുകൂടി പഠിച്ചില്ലെങ്കിൽ കുഴപ്പമാണ്."

"എന്താ മാസ്റ്റർ കുഴപ്പം?" അനുവിന് സംശയം.

"ഓരോ നാട്ടിലും ഓരോ പേരായിരിക്കും. കോട്ടയത്തുകാരുടെ പേരായിരിക്കില്ല പയ്യന്നൂർക്കാരുടേത്. അപ്പോൾ പറയുന്നത് മനസ്സിലാവുകയില്ല. എന്നാൽ ഇംഗ്ലീഷ് പേര് എല്ലായിടത്തും ഒന്നായിരിക്കും. അതാണ് അതുകൂടി പഠിക്കണമെന്ന് പറഞ്ഞത്."

"ഓ ശരി, എങ്കിൽ നമ്മുടെ ബാലവേദിയിൽ നമുക്കൊരു ചാർട്ടുണ്ടാക്കാം. പക്ഷികളുടെ ചിത്രവും നാടൻ പേരും ഇംഗ്ലീഷ് പേരും കാണിച്ചുള്ള ചാർട്ട്." സൂസിക്കുട്ടി നിർദ്ദേശിച്ചു.

"ഭേഷ്, നല്ല ആശയം. സൂസിക്കുട്ടിക്ക് നല്ലവണ്ണം പെയിന്റ് ചെയ്യാനറിയാമല്ലോ. ഈ ജോലിയുടെ നേതൃത്വം സൂസിക്കുട്ടിക്ക് തന്നെ."

"മാസ്റ്റർ സഹായിക്കണം."

"പിന്നില്ലേ. സഹായത്തിന് നല്ല പുസ്തകങ്ങളും കാണിച്ചു തരാം."

"https://ml.wikisource.org/w/index.php?title=താൾ:Vayichalum_vayichalum_theeratha_pusthakam.djvu/24&oldid=172183" എന്ന താളിൽനിന്ന് ശേഖരിച്ചത്