താൾ:Vayichalum vayichalum theeratha pusthakam.djvu/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

കൂട്ടുകാർ കുറെനേരം ആലോചിച്ചിരുന്നു. "മാസ്റ്റർ ആ പക്ഷി തീരെ ചെറുതായിരിക്കും. അതായിരിക്കും കാണാൻ വിഷമം." അപ്പുക്കുട്ടൻ ഊഹിച്ചു പറഞ്ഞു.

"അപ്പുക്കുട്ടൻറെ ഊഹം ശരിയാണ്. ആ പാട്ടുകാരൻ പക്ഷി ചെറുതു തന്നെയാണ്. പക്ഷേ, അടക്കാകുരുവി അതിലും ചെറുതാണ്. എന്നിട്ടും നിങ്ങൾ അതിനെ കാണുന്നുണ്ടല്ലോ. അപ്പോൾ കാരണം വേറെ ഉണ്ട്. ഒന്നുകൂടി ആലോചിക്കൂ."

എല്ലാവരും ആലോചിച്ചിരുന്നു, എന്താ ആരും കാണാതെ പോയത്? മരത്തിലേക്ക് നോക്കിയവരും കാണാതെ പോയതല്ലേ അതിശയം! എന്തായിരിക്കും കാരണം? പെട്ടെന്ന് ദീപുവിനൊരു ബുദ്ധിതോന്നി. മരക്കൊമ്പിൽ നിന്നുമല്ലേ പാട്ട് കേൾക്കുന്നത്. അവിടെ ഇരിക്കുന്ന കിളിയുടെ നിറം പച്ചയാണെങ്കിൽ അതിനെ കാണാൻ വിഷമമായിരിക്കും. കാരണം പച്ചിലകൾക്കിടയിലിരിക്കുന്ന പച്ച നിറക്കാരനെ തിരിച്ചറിയാൻ പാടാണ്. ദീപു തൻറെ ഊഹം മാസ്റ്ററോട് പറയുകയും ചെയ്തു.

"മിടുക്കൻ" മാസ്റ്റർ അഭിനന്ദിച്ചു.

"ശരിയായ വഴിക്കായിരുന്നു ദീപുവിൻറെ ചിന്ത. യുക്തിപൂർവ്വം ചിന്തിച്ചപ്പോൾ ശരിയായ നിഗമനത്തിലെത്തിയതു കണ്ടോ? കാണാത്ത പക്ഷിയുടെ നിറം വരെ ശരിയായി ഊഹിച്ചു." മാസ്റ്റർ പറഞ്ഞു.

"ഓ പച്ച നിറക്കാരനാണോ? എങ്കിൽ ഞാൻ കണ്ടിട്ടുണ്ട് മാസ്റ്റർ" രാജു പറഞ്ഞു.

"എന്നിട്ട് നേരത്തെ പറയാഞ്ഞതെന്താ?"

"അവനാണ് പാട്ടുകാരൻ എന്നറിയില്ലായിരുന്നു." രാജു സമ്മതിച്ചു.

"അത് അവനെ ശ്രദ്ധിക്കാഞ്ഞിട്ടല്ലേ. 'കുട്ടുറുവൻ' എന്നാണ് അവൻറെ പേര്."

"കുട്ട്രൂ കുട്ട്രൂ എന്ന് കരയുന്നത് കൊണ്ടാണ് ആ പേരിട്ടത്, അല്ലേ മാസ്റ്റർ?"

"അതെ, പക്ഷെ കരയുകയല്ല വിനൂ, പാടുകയാണ്."

"ഓ ശരി, പാട്ടു തന്നെ, സമ്മതിച്ചു."

"https://ml.wikisource.org/w/index.php?title=താൾ:Vayichalum_vayichalum_theeratha_pusthakam.djvu/23&oldid=172182" എന്ന താളിൽനിന്ന് ശേഖരിച്ചത്