ഇപ്പോഴത്തെ പരിശോധനക്ക് സമൂഹത്തെയാകെ രണ്ടേ രണ്ട് ഗ്രൂപ്പുമാത്രമായി-മുതലാളിമാരും തൊഴിലാളികളും മാത്രമായി-വേർതിരിക്കാം. മുതലാളിമാരുടെ കയ്യിൽ തുടക്കത്തിൽ കുറെ യന്ത്രങ്ങളും കുറെ അസംസ്കൃത പദാർത്ഥങ്ങളുമുണ്ട്. തൊഴിലാളികളെ കൂലിക്ക് നിർതി ഇവയുപയോഗിച്ച് അവർ ചരക്കുകളുണ്ടാക്കുന്നു. യന്ത്രങ്ങളും അസംസ്കൃതപദാർത്ഥങ്ങളും മുഴുവൻ 'മുതലാളിസമൂഹ'ത്തിന്റെയാണ്. ആയതിനാൽ അവയ്ക്ക് തൽക്കാലം പ്രത്യേകമായി വില കൊടുക്കേണ്ടതില്ല എന്നു കരുതാം. മുതലാളിമാർ തമ്മിൽ തമ്മിലുള്ള അഡ്ജസ്റ്റുമെന്റിന്റെ പ്രശ്നം മാത്രമേയുള്ളൂ. തൽകാലത്തേക്ക് ചരക്കുണ്ടാക്കുന്നതിൽ മുതലാളിക്കുള്ള ചെലവ് കൂലിച്ചെലവ് മാത്രമാണെന്ന് കരുതാം. എല്ലാ തൊഴിലാളികളും കൂടി ഒരുനൂറൂ യൂണിറ്റ് ചരക്കുകള് -എല്ലാ തരത്തിലും പെട്ടവ- ഉണ്ടാക്കുന്നു എന്ന് കരുതുക. കൂലിയായി മുതലാളിമാർ തൊഴിലാളികൾക്ക് 100 യൂണിറ്റ് പണം നൽകുന്നു എന്നും കരുതുക. അതുകൊണ്ടുവേണം തൊഴിലാളികൾക്ക് നിത്യവൃത്തി കഴിയുവാൻ, അവർക്കാവശ്യമുള്ള സാധനങ്ങൾ വാങ്ങുവാൻ. തൊഴിലാളികൾ ഉണ്ടാക്കിയ 100 യൂണിറ്റ് ചരക്കുകളുടേയും ഉടമസ്ഥർ മുതലാളിമാരാണ്. അരിയും തുണിയും മരുന്നുമൊക്കെ ഓരോരോ മുതലാളിയുടെ വകയാണ്. അതിലെ വളരെ ചെറിയ ഒരു ശതമാനമേ അവർക്ക് സ്വന്തം ഉപയോഗത്തിന് ആവശ്യമുള്ളൂ. അവർക്ക് വേണ്ടത് ലാഭമാണ്. തങ്ങൾ ചെലവാക്കിയതിനേക്കാൾ കൂടുതൽ പണം. അതാണല്ലൊ മുതലാളിമാരുടേയും മുതലാളിത്തത്തിന്റെയും മൌലികസ്വഭാവം. എങ്ങനെയാണവർക്ക് പണം കിട്ടുന്നത്? ഇറക്കിയതിനേക്കാൾ കൂടുതൽ പണം കിട്ടുന്നത്? ചരക്കുകൾ വില്ക്കണം. എത്ര പണത്തിന് വിൽക്കണം. 10 ശതമാനം ലാഭം കിട്ടണം എന്നുവെക്കുക. എങ്കിൽ 110 യൂണിറ്റ് പണം കിട്ടണം. ആർകാണ് വിൽകുക, ആരാണ് വാങ്ങുക? തൊഴിലാളികൾ (നാം നേരത്തെ തന്നെ പറഞ്ഞല്ലൊ തൊഴിലാളികളും മുതലാളികളും മാത്രമെ ഉള്ളു സമൂഹത്തിൽ എന്ന്). അപ്പോൾ തൊഴിലാളികൾ 110 യൂണിറ്റ് പണംകൊടുത്ത് ഇവ വാങ്ങണം. എവിടെനിന്നാണ് തൊഴിലാളികൾക്ക് പണം കിട്ടുന്നത്? മുതലാളി നൽകിയ കൂലിയിൽനിന്ന്. അതെത്രയാണ് നൽകിയിട്ടുള്ളത്? 100 യൂണിറ്റ്. പിന്നെ എങ്ങനെ അവർ 110 യൂണിറ്റ് പണം മുതലാളിമാർക് കൊടുക്കും? കൊടുക്കാൻ പറ്റില്ല. അപ്പോൾ മുതലാളിമാർക് എങ്ങനെ ലാഭം ഉണ്ടാകും? ഉണ്ടാക്കാൻ പറ്റില്ല. മുതലാളിത്തത്തിലെ അടിസ്ഥാനപരമായ ഒരു വൈരുധ്യമാണിത്, ആഭ്യന്തരമായ ഒരു വൈരുധ്യം. മുതലാളിക്ക് ലാഭം സാക്ഷാത്കരിക്കാൻ പറ്റുന്നതല്ല. മുതലാളിത്തത്തിന്റെ മൗലിക സ്വഭാവത്തിൽ നിന്നുതന്നെ ഉദ്ഭവിക്കുന്ന ഈ വൈരുധ്യം മുതലാളിയും തൊഴിലാളിയുമായുള്ള കാലത്തോളം നിലനിൽകും. അതിനാൽ ചരക്കുകൾ സ്വന്തം ആവശ്യങ്ങൾകുവേണ്ടി ധൂർതമായി ഉപയോഗിച്ചുകൊണ്ട്, ധൂർത് കൂട്ടിക്കൊണ്ട്, ലാഭം സാക്ഷാത്കരിക്കാൻ മുതലാളിമാർ ശ്രമിക്കുന്നു. നമുക്കുചുറ്റും കാണാവുന്ന കാര്യമാണിത്. എന്നാൽ ഇതുകൊണ്ട് മുതലാളിത്തം ശക്തിപ്പെടുകയില്ല. തളരുകയേ ഉള്ളൂ. കാരണം, ഉല്പാദനം വർധിപ്പിച്ചുകൊണ്ടു വന്നാലെ മുതലാളിത്തം വളരുകയുള്ളു.