പഠിക്കുന്നതിന് അനേകായിരം വർഷങ്ങളിലെ അധ്വാനം ആവശ്യമായി വന്നു. പക്ഷേ ഈ പ്രവർത്തനങ്ങളുടെ അതിവിദൂരമായ സാമൂഹ്യഫലങ്ങളെക്കുറിച്ച് പഠിക്കുവാനാകട്ടെ, ഇതേക്കാൾ വളരെയേറെ വിഷമകരമായിരുന്നു. ഉരുളക്കിഴങ്ങ് കൃഷിയെക്കുറിച്ചും അതിന്റെ ഫലമായി പടർനു പിടിക്കാനിടയായ കണ്ഠമാല രോഗത്തെപ്പറ്റിയും നേരത്തെ സൂചിപ്പിച്ചുവല്ലൊ. പക്ഷേ, തൊഴിലാളികൾ മുഴുവനും വെറും ഉരുളക്കിഴങ്ങ് മാത്രം ഭക്ഷിക്കാനായി വിധിക്കപ്പെട്ട നിരവധി രാജ്യങ്ങളിലെ ജനജീവിതത്തിലാകെ സംഭവിച്ച കെടുതികളുമായോ, പത്തുലക്ഷത്തോളം ഐറിഷുകാരെ ശവക്കുഴിയിലേക്ക് അയക്കുകയും ഇരുപത് ലക്ഷത്തിലധികം പേരെ നാടുവിടാൻ നിർബന്ധിതരാക്കുകയും ചെയ്ത 1847-ലെ ഉരുളക്കിഴങ്ങ് ബ്‌ളൈറ്റ് രോഗം കൊണ്ടുവന്ന ക്ഷാമവുമായോ താരതമ്യപ്പെടുത്തുമ്പോൾ ഇതെത്ര നിസാരമാണ്? അറബികൾ മദ്യം വാറ്റുന്ന വിദ്യ പഠിച്ചപ്പോൾ അതുവരെയും കണ്ടുപിടിക്കപ്പെടാതിരുന്ന അമേരിക്കൻ വൻകരയിലെ ആദിമനിവാസികളുടെ മുഴുവൻ നാശത്തിന് പിൽകാലത്ത് കാരണമായിത്തീർന ഒരായുധമാണ് തങ്ങൾ കണ്ടുപിടിക്കുന്നതെന്ന് അവർ സ്വപ്‌നേപി കരുതിയിരുന്നില്ല. അതുപോലെ, അമേരിക്ക കണ്ടുപിടിച്ച കൊളംബസ്, തന്റെ കണ്ടുപിടിത്തം വഴി യൂറോപ്പിൽനിന്ന് അതിനകം അപ്രത്യക്ഷമായി കഴിഞ്ഞിരുന്ന അടിമ വ്യവസായത്തിന് ഒരു പുതുജീവൻ നൽകുകയും നിഗ്രോകച്ചവടത്തിന് അടിത്തറയിടുകയുമാണ് താൻ ചെയ്യുന്നതെന്ന് ഒരിക്കലും കരുതിയിരിക്കില്ല. പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളിൽ ആവി എൻജിൻ നിർമിക്കുന്നതിനുവേണ്ടി അധ്വാനിച്ചവരൊന്നുംതന്നെ, പിൽകാലത്ത് ലോകത്താകമാനമുള്ള സാമൂഹ്യപരിതഃസ്ഥിതികളിൽ വിപ്‌ളവാത്മകമായ മാറ്റങ്ങൾ വരുത്തിത്തീർകുന്ന കാര്യത്തിൽ, മറ്റെന്തിനേക്കാളുമുപരി സ്വാധീനം ചെലുത്തിയ ഒരു ഉപകരണമാണ് തങ്ങൾ നിർമിക്കുന്നതെന്ന് ധരിച്ചിരുന്നതേയില്ല. യൂറോപ്പിൽ പ്രത്യേകിച്ചും സ്വത്തിന്റെ ഭൂരിഭാഗവും ചുരുക്കം ചിലരുടെ കൈപ്പിടിയിലൊതുക്കാനും ഭൂരിപക്ഷം ജനങ്ങളെയും നിർധനരാക്കാനും അങ്ങനെ ബൂർഷ്വാസിയുടെ രാഷ്‌ട്രീയ-സാമൂഹ്യ ആധിപത്യം സ്ഥാപിതമാക്കാനുമാണ് തുടക്കത്തിൽ ഈ ഉപകരണങ്ങൾ സഹായകമായത്; പിന്നീടാകട്ടെ, ബൂർഷ്വാസിയും തൊഴിലാളിവർഗവും തമ്മിൽ സമരം വളർതുന്നതിനും ഈ വർഗസമരമാകട്ടെ ബൂർഷ്വാസിയെ സ്ഥാനഭ്രഷ്ടരാക്കുകയും അങ്ങനെ എല്ലാ വർഗവൈരുധ്യങ്ങളും പാടെ നീക്കം ചെയ്യുകയും ചെയ്യുന്നതോടെ മാത്രമേ അവസാനിക്കു. ദീർഘവും പലപ്പോഴും ക്രൂരവുമായ അനുഭവങ്ങളിലൂടെയും, ചരിത്രവസ്തുതകൾ ശേഖരിക്കുകയും അപഗ്രഥിക്കുകയും ചെയ്യുന്നതിലൂടെയും, ഈ മണ്ഡലത്തിലും നമ്മുടെ ഉൽപാദനപ്രക്രിയകൾ ചെലുത്തുന്ന പരോക്ഷവും വിദൂരവുമായ സാമൂഹ്യഫലങ്ങളെപ്പറ്റിയുമുള്ള വ്യക്തമായ ഒരു രൂപം ആവിഷ്കരിക്കാൻ ക്രമേണ നാം പഠിച്ചുകൊണ്ടിരിക്കയാണ്. അങ്ങനെ നമുക്ക് ഇവയെയും