തമ്മിൽ ബന്ധപ്പെടുത്തുന്നു. ഇങ്ങനെ ആദ്യം അബോധപൂർവവും, പിന്നീട് ബോധപൂർവവും വസ്തുക്കളെയും പ്രതിഭാസങ്ങളെയും തമ്മിൽ തമ്മിൽ ബന്ധപ്പെടുത്താൻ മനുഷ്യർ പണ്ടുതന്നെ പഠിച്ചിരുന്നു. മനുഷ്യൻ രൂപം കൊടുത്തിട്ടുള്ള ഏറ്റവും ആദ്യത്തെ സംവർഗ്ഗങ്ങളിൽപെടും കാര്യവും കാരണവും. ഭാരതീയ തർകശാസ്ത്രത്തിൽ ഇതിന് അതിപ്രധാനമായ സ്ഥാനവുമുണ്ട്. "തീയില്ലാതെ പുകയുണ്ടാകില്ല" - നാം പറയാറുണ്ട്. കാര്യം എപ്പോഴും കാരണത്തെ അനുഗമിക്കുന്നു. അതിനുശേഷം വരുന്നു. ഇതിൽ സംശയമില്ല. എന്നാൽ കാലത്തിലെ ഈ പിൻതുടർച പലപ്പോഴും കപടകാരണങ്ങളിലേക്ക് മനുഷ്യനെ നയിച്ചിട്ടുണ്ട്. അതുകൊണ്ട് ഒന്നിനുശേഷം വരുന്ന മറ്റൊന്ന് എന്നത് അവ തമ്മിലുള്ള കാരണ-കാര്യബന്ധത്തിന് തെളിവല്ല എന്നും പണ്ടേ വാദിക്കേണ്ടിവന്നിട്ടുണ്ട്. പ്രയോഗികജീവിതത്തിൽ ഈ കാരണ-കാര്യബന്ധം പല സമയങ്ങളിലും സ്വയം വ്യക്തമായിക്കൊള്ളണമെന്നില്ല. ഇന്ന് നടക്കുന്ന ഒട്ടനവധി പ്രതിഭാസങ്ങൾ, പ്രവർതനങ്ങൾ, ഉണ്ടാകുന്ന വസ്തുക്കൾ - നാളെയും അതുപോലെ ഒട്ടനവധി പ്രതിഭാസങ്ങളും പ്രവർതനങ്ങളും ഒക്കെ ഉണ്ടായിരിക്കും - ഇവയിൽ ഏതേത് തമ്മിലാണ് കാര്യ-കാരണ ബന്ധമുള്ളത്? ഇത് കണ്ടുപിടിക്കുക എളുപ്പമല്ല. ഇതിൽ പറ്റുന്ന തെറ്റുകളും നമ്മുടെ പൗരാണികർക് അറിയാമായിരുന്നു. പല പഴംചൊല്ലുകളിലും ഇത് കാണാം.. "ഒരിക്കൽ ചക്ക വീണപ്പോൾ മുയലിനെ കിട്ടി എന്നുവെച്ചിട്ട് എല്ലായ്‍പോഴും ചക്ക വീഴുമ്പോൾ മുയലിനെ കിട്ടുമോ?", "കോഴി കൂകുന്നതുകൊണ്ടാണോ സൂര്യൻ ഉദിക്കുന്നതു്?" എന്ന് തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണു്. ഇവിടെ ചക്കയും മുയലും തമ്മിലോ, കോഴിയും സൂര്യനും തമ്മിലോ ഒരു ബന്ധവുമില്ല. അത് വ്യക്തമാണ്. എന്നാൽ ഇത്രതന്നെ സ്വയം വ്യക്തമല്ലാത്ത ചില പരിതഃസ്ഥിതികൾ ഉണ്ടാകാം. കൃഷി ചെയ്യണമെങ്കിൽ വിത്തുവേണം. പക്ഷേ, വിത്തുമാത്രം പോര. മണ്ണ്, വെള്ളം, വളം എന്നിവയൊക്കെ വേണം. ഇതൊക്കെ അവശ്യം വേണ്ട സാഹചര്യങ്ങൾ ആണ്. എന്നാൽ ചെടിയുടെ കാരണം വിത്തുതന്നെ; ഉപകരണങ്ങൾ കൊണ്ട് അസംസ്കൃതപദാർത്ഥങ്ങളിൻ മേൽ അധ്വാനിക്കുമ്പോൾ മൂല്യം ഉണ്ടാകുന്നു. മൂല്യത്തിന്റെ കാരണം അധ്വാനം ആണ്. മണ്ണും വളവും ഉപകരണങ്ങളും അസംസ്കൃത പദാർത്ഥങ്ങളും ഒക്കെ അവശ്യംവേണ്ട സാഹചര്യങ്ങൾ അഥവാ പരിതഃസ്ഥിതി മാത്രമാണു്.
ഇവിടെയെല്ലാം കാര്യവും കാരണവും തമ്മിൽ വസ്തുനിഷ്ഠമായ ബന്ധമുണ്ടു്. ഈ ബന്ധത്തിന്റെ അടിത്തറയിലാണു് ആധുനിക ശാസ്ത്രസൗധം ആകെ കെട്ടിപ്പടുത്തിരിക്കുന്നതു്. ഈ ബന്ധത്തെ വെളിവാക്കുന്നവയാണ് പ്രകൃതിനിയമങ്ങൾ. അനേകം പരീക്ഷണ-നിരീക്ഷണങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും, 'ശ്രമിക്കൽ-പിഴക്കൽ' വഴിയാണു് ഈ ബന്ധങ്ങൾ നമ്മുക്ക് വെളിവാകുന്നതു്. എന്നാൽ പല സന്ദർഭങ്ങളിലും നമുക്ക് ഈ ബന്ധം വ്യക്തമായി കാണാൻ കഴിയുന്നില്ല. ചിലപ്പോഴൊക്കെ ഇല്ലാത്ത ബന്ധങ്ങൾ ഉണ്ടെന്ന് തോന്നുകയും ചെയ്യും. മനുഷ്യന്റെ ജനനസമയത്തെ ഗ്രഹനിലകളും അവന്റെ ഭാവിജീവിതവും തമ്മിൽ നമ്മുടെ പൗരാണികർ കണ്ടിരുന്ന, ഇന്നും പലരും