Jump to content

താൾ:VairudhyatmakaBhowthikaVadam.djvu/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു



പണക്കാർക്ക് മാത്രമല്ലെ ഈ 'ജനാധിപത്യ' അവകാശങ്ങൾ അനുഭവിക്കാൻ കഴിയൂ? ചൂഷകന്റെ ആധിപത്യമല്ലേ ഇവിടത്തെ ജനാധിപത്യ പ്രതിഭാസത്തിന്റെ പിന്നിലുള്ള സത്ത? ഇത് മനസ്സിലാകുന്നതോടെ സമൂഹത്തിൽ നടക്കുന്ന മറ്റ് ഒട്ടനേകം പ്രതിഭാസങ്ങളും -സ്വജനപക്ഷപാതം, അഴിമതി, കരിഞ്ചന്ത, കള്ളക്കടത്തു്, ബലാൽസംഗം, തട്ടിപ്പറി, വിഗ്രഹമോഷണം, രാഷ്ട്രീയകൊലപാതകങ്ങൾ എന്നുവേണ്ട, അസംഖ്യം മറ്റു പ്രതിഭാസങ്ങൾ എല്ലാം - സ്വയം വ്യക്തമായിത്തീരില്ലെ?

മുതലാളിത്തസമ്പദ്‌വ്യവസ്ഥയുടെ സത്ത വെളിവാക്കിയതാണു് മാർക്സിന്റെ ഏറ്റവും വലിയ സംഭാവന. മൂലധനം എന്ന കൃതിയുടെ ലക്ഷ്യം അതായിരുന്നു. ബൂർഷ്വാ അർത്ഥശാസ്ത്രജ്ഞർക്കു് അതു് മനസ്സിലാക്കാൻ കഴിഞ്ഞില്ല. അദ്ധ്വാനമാണു് മൂല്യം ഉല്പാദിപ്പിക്കുന്നതെന്നു് അവർ മനസ്സിലാക്കി. എന്നാൽ തൊഴിലാളിക്കു് അവന്റെ അദ്ധ്വാനത്തിന്റെ കൂലികൊടുക്കുന്നതിലൂടെ അതു് സമാസമമായി. മൂല്യത്തിനുള്ള വില കൊടുത്തുകഴിഞ്ഞു. തൊഴിലാളിയെ ചൂഷണം ചെയ്യുന്നു എന്നു് പറയുന്നതിലൊന്നും അർത്ഥമില്ല - ഇതാണു് അവരുടെ നിലപാടു്. എങ്കിൽ പിന്നെ മുതലാളിക്കു് ലാഭം കിട്ടുന്നതു് എവിടെനിന്നു്? അയാൾ മുടക്കിയ മൂലധനമാണു് ലാഭത്തിന്റെ ഉറവിടം എന്നവർ വാദിക്കുന്നു. ഈ മുലധനം അയാൾക്കെങ്ങനെ ലഭിച്ചു. അതെങ്ങനെ ഉണ്ടായി? അതിൽ അയാൾക്കു് എന്തു് അവകാശമാണു് ഉള്ളതു്? എന്ന കാര്യം പോകട്ടെ, മുലധനം -യന്ത്രങ്ങളും മറ്റും- എങ്ങനെയാണു് മൂല്യം ഉൽപാദിപ്പിക്കുന്നതു്? ആ ചോദ്യത്തിനു് ഉത്തരമില്ല. തൊഴിലാളി തന്റെ ജീവൻ നിലനിർത്താൻ വേണ്ട സാധനസാമഗ്രികൾ സമ്പാദിക്കുന്നതിനുവേണ്ടി, മറ്റ് മാർഗ്ഗങ്ങൾ ഒന്നുമില്ലാത്തതിനാൽ തന്റെ അദ്ധ്വാനശക്തിയെ ഉൽപാദന ഉപാധികൾ കൈവശം വെച്ചുകൊണ്ടിരിക്കുന്ന മുതലാളിക്ക് വിൽക്കുന്നു. അദ്ധ്വാനശേഷിക്കു് ഒരു സവിശേഷതയുണ്ട്. സ്വയം പ്രത്യുൽപാദിപ്പിക്കാൻ, അതായതു്, സ്വന്തം ജീവൻ നിലനിർത്താനും വംശം നിലനിർത്താനും, വേണ്ടതിലേറെ ഉൽപാദിപ്പിക്കുവാൻ അതിനു കഴിയും.. ഭൗതികമൂല്യങ്ങൾ ഉൽപാദിപ്പിക്കുവാൻ അതിനു് കഴിയും. അദ്ധ്വാനശേഷിയുടെ ഈ സവിശേഷതയാണു് മിച്ചമൂല്യത്തിനും ലാഭത്തിനും അടിസ്ഥാനം. അങ്ങനെ അദ്ധ്വാനശേഷിയുടെ സവിശേഷത, ഉൽപാദന ഉപാധികളുടെ സ്വകാര്യ ഉടമസ്ഥത, ഇതിൽ രണ്ടിൽ നിന്നുമായി ഉണ്ടാകുന്ന മിച്ചമൂല്യം - ഇതാണു് മുതലാളിത്ത വ്യവസ്ഥയുടെ സത്ത.

മേൽപറഞ്ഞ ചർച്ചകളിൽനിന്ന് വസ്തുക്കളുടെ പ്രക്രിയകളും ബാഹ്യ പ്രതിഭാസവും ആന്തരികസത്തയും തമ്മിലുള്ള വ്യത്യാസം പ്രകടമാകുന്നു.


കാര്യവും കാരണവും

നമ്മുക്ക് ചുറ്റും കാണുന്ന എല്ലാം തന്നെ മാറിക്കൊണ്ടിരിക്കുകയാണു്. ഇന്നലത്തേതിൽ നിന്ന് ഇന്നത്തേതും അതിൽനിന്ന് നാളത്തേയും ഉണ്ടാകുന്നു. ചില പ്രവൃത്തികൾ ചെയ്യുമ്പോൾ ചില ഫലങ്ങൾ അനിവാര്യമായും ഉണ്ടാകുന്നു. അനേകം തവണ ഇത് നിരീക്ഷിക്കുമ്പോൾ മനുഷ്യൻ അവയെ തമ്മിൽ

75
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/74&oldid=172118" എന്ന താളിൽനിന്ന് ശേഖരിച്ചത്