Jump to content

താൾ:VairudhyatmakaBhowthikaVadam.djvu/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു



അല്ല സംഭവിച്ചത് എന്നും മറിച്ച്, മനുഷ്യൻറെ സാമൂഹ്യ പ്രവർതനങ്ങളുടെ, സാമൂഹ്യബന്ധങ്ങളുടെ, അധ്വാനത്തിൻറെ ഫലമായാണ് അതുണ്ടായതെന്നും നാം കാണുകയുണ്ടായി. നിലവിലുള്ള സാമൂഹ്യബോധങ്ങളെ ചരിത്രപരമായി വിലയിരുത്താനും 'അലംഘനീയമായ വിധി'യെ ലംഘിക്കാനും വിപ്ലവപ്രവർതനങ്ങളിൽ ഏർപെട്ടിരിക്കുന്ന തൊഴിലാളിവർഗത്തിന് ഇത് കരുത്തേകുന്നു. ഈ കരുത്ത് നൽകുന്നതാകട്ടെ, മനുഷ്യൻറെ ബോധത്തിൻറെ വളർചക്ക് അടിസ്ഥാനമായ അതേ തത്വം തന്നെ, പ്രായോഗിക പ്രവർതനം തന്നെ ആണുതാനും. മനുഷ്യൻറെ ചിന്തക്ക്, ബോധത്തിന് ഉള്ള 'സർഗാത്മകശേഷി'യെപ്പറ്റി അതായത്, സമൂഹത്തിൻറെ ഉൽപന്നമെങ്കിലും സമൂഹത്തിൻറെ മേൽ തിരിച്ച് പ്രവർതിക്കാനുള്ള കഴിവിനെപ്പറ്റിയുള്ള അറിവും, ഈ പ്രവർതനം സമൂഹത്തിലെ വസ്തുനിഷ്ഠസാഹചര്യങ്ങൾകൊത്ത് മാത്രമേ സാധ്യമാകൂ എന്ന വസ്തുത അംഗീകരിക്കലും അതിപ്രധാനമായ കാര്യങ്ങളാണ്. വിപ്‌ളവ പ്രവർതനങ്ങളിലെ വസ്തുനിഷ്ഠഘടകങ്ങളെപ്പറ്റിയും ശരിയാംവിധം വിലയിരുത്തുവാൻ ഇത് നമ്മെ സഹായിക്കുന്നു.

അണുവിൻറെ ഘടകങ്ങളായ ഇലക്ട്രോണുകൾ മുതൽ വികസിക്കുന്ന വിശ്വംവരെയുള്ള പദാർഥപ്രപഞ്ചത്തിൻറെ ചലനസ്വഭാവത്തെക്കുറിച്ച് നാം പഠിക്കുകയുണ്ടായി. സമയവും സ്പേസും പദാർഥത്തിൻറെ ഈ ചലനത്തോട് എപ്രകാരം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും. 'പ്രപഞ്ചത്തിന്റെ ഉദ്ഭവം' എന്ന സങ്കല്പം എത്ര അർഥശൂന്യമാണെന്നും നാം കണ്ടു. അതു പോലെതന്നെ ജീവൻറെ തികച്ചും ഭൌതികമായ സ്വഭാവത്തെപ്പറ്റിയും, പരിണാമപ്രക്രിയകളിലൂടെയുള്ള വിവിധ ജീവിവർഗങ്ങളുടെ രൂപീകരണത്തെപ്പറ്റിയും, വളർചയെപ്പറ്റിയും, ചിന്ത, ബോധം മുതലായവയുടെ ഭൗതികമായ അടിസ്ഥാനത്തെപ്പറ്റിയും ഒക്കെക്കൂടി, നാം പരിശോധിക്കുകയുണ്ടായി. ഇതിൽനിന്നെല്ലാം 'ആശയ'വാദത്തിൻറെ പൊള്ളത്തരവും ഭൗതികവാദത്തിൻറെ ശരിയും വ്യക്തമാകുന്നതാണ്. ഇതൊക്കെക്കഴിഞ്ഞിട്ടും ഈ ഇരുപതാം നൂറ്റാണ്ടിൻറെ അവസാനപാദത്തിലും ആശയവാദികളും 'ദൈവവിശ്വാ'സികളും നിലകൊള്ളുന്നുണ്ടെങ്കിൽ, പേരുകേട്ട ശാസ്ത്രജ്ഞൻമാരുടെ ഇടയിൽ തന്നെ അവരെ കാണുന്നുണ്ടെങ്കിൽ, അതിനുത്തരവാദി തലച്ചോറല്ല, 'വയറാ'ണ്. എന്നുവച്ചാൽ, സ്വന്തം നിക്ഷിപ്തതാല്പര്യങ്ങൾ, സ്വന്തം വർഗത്തിൻറെയും 'യജമാന'വർഗത്തിൻറെയും നിക്ഷിപ്തതാല്പര്യങ്ങൾ. അക്കൂട്ടരെ നമുക്ക് തൽകാലം വിടാം. അവരെ പഠിപ്പിക്കേണ്ട രീതി വേറേയാണ്.


ചോദ്യങ്ങൾ

  1. ജീവൻറെ മൗലികസ്വഭാവങ്ങൾ ഏവ?
  2. ജീവൻറെ ഉൽപത്തിയെക്കുറിച്ച് എന്ത് പറയാൻ സാധിക്കും?
  3. വാനരനിൽനിന്ന് നരനിലേക്കുള്ള പരിവർതനത്തിൻറെ പ്രധാന ഘടകങ്ങൾ ഏവ? ഘട്ടങ്ങൾ ഏവ?
  4. എന്താണ് ബോധം? അതിൽ ഭാഷകൾക്കുള്ള പ്രാധാന്യം എന്ത്?
    56
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/55&oldid=172097" എന്ന താളിൽനിന്ന് ശേഖരിച്ചത്