താൾ:VairudhyatmakaBhowthikaVadam.djvu/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു



ങ്ങളെ, അല്ലെങ്കിൽ ജീവൻറെ സ്വഭാവത്തെ എങ്ങനെ നിർവചിക്കാം. എങ്ങനെയാണ് ഇത്തരം സങ്കീർണ പദാർഥരൂപങ്ങൾ ഉടലെടുത്തത് എന്നിവയെക്കുറിച്ച് അഭിപ്രായവ്യത്യാസങ്ങൾ ഇല്ലെന്ന് പറയുക വയ്യ. എകീകൃതമായ ഒരു അഭിപ്രായം ഇനിയും രൂപം കൊള്ളേണ്ടതായാണിരിക്കുന്നത്. പ്രപഞ്ചത്തിൽ ജീവൻ എന്നും എവിടെയും ഉണ്ടായിരുന്നു എന്ന് അടുത്തകാലം വരെ പലരും വിശ്വസിച്ചിരുന്നു. എന്നാൽ, അചേതന പദാർഥങ്ങളിൽ നിന്ന്, സുദീർഘമായ ഒരു കാലയളവിൽ വൈവിധ്യമാർന്ന പരിവർത്തനങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ചലനാത്മകമായ ഒരു പരിത:സ്ഥിതിയിൽ സങ്കീർണങ്ങളായ ഭൌതിക-രാസിക പ്രക്രിയകളിലൂടെയാണ് ജീവനെന്ന പ്രത്യേക സ്വഭാവത്തോടുകൂടിയ സചേതനവസ്തുക്കൾ രൂപം കൊണ്ടതെന്ന കാര്യത്തിൽ ഇന്ന് പരക്കെ യോജിപ്പാണ്. അതേസമയം, ജീവനെന്ന സ്വഭാവവിശേഷത്തിന് പൂർണമായ ഒരു നിർവചനം കൊടുക്കുക എളുപ്പവുമല്ല.

ജീവവസ്തുവിൻറെ ഏറ്റവും അടിസ്ഥാനപരമായ സ്വഭാവം വർഗവർധനവിനുള്ള, അതായത് തന്റേതിന് തുല്യമായ രൂപങ്ങളെ സ്വയം സൃഷ്ടിക്കാനുള്ള കഴിവ് ആണ്. ഇതിന് പ്രത്യുൽപാദനശേഷി എന്നു പറയുന്നു. ഇത്ര തന്നെ പ്രധാനമായ മറ്റൊരു സ്വഭാവവിശേഷം കൂടി ഉണ്ട്. സ്വരൂപങ്ങളെ പ്രത്യുൽപാദിപ്പിക്കുന്നതിനോടൊപ്പം അതിൽ പുതുമ കലരുവാനുള്ള സാധ്യതയാണിത്. ഈ കഴിവാണ് വിവിധ ജീവരൂപങ്ങൾ ഉണ്ടാകുന്നതിനും പരിണാമത്തിനും ഉള്ള കാരണം. പ്രത്യുല്പാദനത്തിനാവശ്യമായ ഘടകപദാർഥങ്ങൾ പുറമെനിന്ന് ലഭിക്കണമെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. ജീവൻ എന്ന സ്വഭാവത്തിന് ഏറ്റവും ലളിതമായ ഒരു നിർവചനം നൽകുകയാണെങ്കിൽ അതിങ്ങനെ ആകാം.

“ഒരു വസ്തുവിന് തനതായ സംഘടിതരൂപം ഉണ്ടായിരിക്കുകയും അത് ചുറ്റുമുള്ള മാധ്യമത്തിൽ നിന്ന് ഭക്ഷണം (ഊർജ്ജം) സ്വീകരിക്കുകയും അതുപയോഗിച്ച് സ്വയം വളരുകയും സ്വരൂപങ്ങളെ പ്രത്യുല്പാദിപ്പിക്കുകയും, അങ്ങനെ ചെയ്യുന്നതോടൊപ്പം അവയിൽ എന്തെങ്കിലും പുതുമ കലരുവാനുള്ള സംഭാവ്യത ഉണ്ടായിരിക്കുകയും ചെയ്യുന്നുവെങ്കിൽ അത് സചേതനമാണ്, അതിന് ജിവൻ ഉണ്ട് എന്നുപറയാം.”

കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ...തുടങ്ങി സാധാരണ അചേതനവസ്തുക്കളിൽ കാണുന്ന അതേ മൂലകങ്ങൾ തന്നെയാണ് ജീവനുള്ള വസ്തുക്കളിലും കാണുന്നത്. അപ്പോൾ അവർക്കെപ്പൊഴാണ് ഈ സചേതന സ്വഭാവം കൈവരുന്നത്? എന്താണിതിന്റെ മെക്കാനിസം? ആധുനിക ജീവശാസ്ത്രത്തിൻറെയും ഭൌതികത്തിന്റെയും രസതന്ത്രത്തിന്റെയും ചക്രവാളങ്ങളിലേക്കാണ് ഈ ചോദ്യങ്ങൾ നമ്മെ നയിക്കുന്നത്. അവിടെ എത്തുമ്പോൾ ചില പദങ്ങൾ ആവർത്തിച്ച് ആവർത്തിച്ച് കേൾക്കാൻ തുടങ്ങുന്നു. ഡി.എൻ.എ ആർ.എൻ.എ അമിനോ അമ്ലങ്ങൾ, ന്യൂക്ലിയോടൈഡുകൾ, പ്രോട്ടീനുകൾ തുടങ്ങിയവയാണ് ഈ പദങ്ങൾ. ഇവയെല്ലാം സങ്കീർണങ്ങളായ രാസയൌഗികങ്ങളാണ്. പലതും പോളിമറുകൾ എന്ന പേരിൽ അറിയപ്പെടുന്നവ-

41
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/40&oldid=172081" എന്ന താളിൽനിന്ന് ശേഖരിച്ചത്