Jump to content

താൾ:VairudhyatmakaBhowthikaVadam.djvu/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു




ഭാരതീയ ദർശനങ്ങളിൽ ചാർവാകം, ലോകായതം എന്നീ പേരുകളിൽ അറിയപ്പെടുന്ന ദർശനം ഭൗതിക പ്രപഞ്ചമാണ് പ്രാഥമികമായിട്ടുള്ളത് എന്ന വാദത്തെ അംഗീകരിക്കുന്നു. വേദാന്തമാകട്ടെ, ആശയവാദത്തിൽ അധിഷ്ഠിതമായ ദർശനമാണ്. സാംഖ്യം, ന്യായം, വൈശേഷികം, യോഗം എന്നീ ദർശനങ്ങളിലെല്ലാം രണ്ടു സിദ്ധാന്തങ്ങളുടെയും സ്വാധീനങ്ങൾ കാണാം. ആദ്യകാലങ്ങളിൽ ഇവയെല്ലാം ഭൗതികവാദത്തെ അംഗീകരിച്ചവയായിരുന്നു. ഭാരത്തിൽ പരമാണുവാദം ആദ്യമായി ഉന്നയിച്ച് കണാദനും മറ്റും ഇവരില്പെടും. പിന്നീട് വന്ന വ്യാഖ്യാതാക്കളുടെ കൈയിൽകൂടെ കടന്നുപോയപ്പോൾ ഈ ദർശനങ്ങൾ എല്ലാറ്റിനും വേദാന്തത്തിന്റെ ആവരണം നൽകപെട്ടു.

പാശ്ചാത്യദാർശനികരുടെ ഇടയിലും ഭൗതികവാദികളെന്നും ആശയവാദികളെന്നും ഉള്ള ചേരിതിരിവ് ആദ്യം മുതൽകേ ഉണ്ടായിരുന്നു. എപ്പിക്യൂറസ്, ലുക്രേഷ്യസ്, ദമോക്രിത്തസ് തുടങ്ങിയ പുരാതനചിന്തകർ മുതൽ മാർക്സ് വരെയുള്ള ഭൗതികവാദികളെയും അരിസ്തോതിൽ, സെന്റ് തോമസ് അക്വിനാസ്, ഇമ്മാനുവൽ കാന്റ്, ഹെഗൽ തുടങ്ങിയ ആശയവാദികളെയും നമുക്കവിടെ കാണാൻ സാധിക്കും.

ലോകത്തിന്നോളമുണ്ടായിട്ടുള്ള ദർശനങ്ങളുടെ ചരിത്രമെല്ലാം തന്നെ പരിശോധിച്ചാൽ ഒരു കാര്യം കാണാൻ പറ്റുന്നതാണ്; ഭൗതികവാദവും ആശയവാദവും തമ്മിലുള്ള സംഘട്ടനത്തിന്റെ ചരിത്രമാണതെന്ന്. മറ്റൊന്നുകൂടി കാണാൻ സാധിക്കും. ഏറ്റവും ആദ്യത്തിലുണ്ടായ ദർശനങ്ങൾ, ലോകത്തിന്റെ ഏതുഭാഗത്തായാലും വേൺറ്റില്ല എല്ലാം തന്നെ ഭൗതികവാദത്തിൽ അധിഷ്ഠിതമായിരുന്നു എന്ന്. ഇത് തികച്ചും സ്വാഭാവികമാണുതാനും. ചുറ്റുമുള്ള ഭൗതികവസ്തുക്കളും പ്രകൃതിശക്തികളും എല്ലാം മനുഷ്യന് നിരന്തരമായി അനുഭവപ്പെടുന്നു. അവയിൽ അവാസ്തവമായോ മിഥ്യയായോ യാതൊന്നും കാണാനില്ലായിരുന്നു. അധ്വാനിക്കുന്നവർ മാത്രമായിരുന്ന, വർഗരഹിതമായ, മനുഷ്യസമൂഹം അധ്വാനിക്കുന്നവരെന്നും അധ്വാനഫലമുണ്ണുന്നവരെന്നും രണ്ടു വർഗങ്ങളായി വേർതിരിഞ്ഞപ്പോൾ മാത്രമാണ്, ആശയവാദത്തിൽ അധിഷ്ഠിതങ്ങളായ ദർശനങ്ങൾ ഉണ്ടാകാൻ തുടങ്ങിയത്. മനുഷ്യസമൂഹത്തിന്റെയും ദർശനങ്ങളുടെയും ചരിത്രം ഒരുമിച്ചു പരിശോധിച്ചാൽ രസാവഹമായ മറ്റൊരു വസ്തുത കൂടി കാണാൻ സാധിക്കുന്നതാണ്. അധ്വാന ഫലമുണ്ണുന്ന വർഗമായിരുന്നു എല്ലാ കാലത്തും ആശയവാദത്തിന്റെ കൊടുക്കൂറ ഏന്തി നടന്നിരുന്നവർ. അതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ലെന്ന് വഴിയെ കാണാവുന്നതാണ്.

പ്രാകൃതമനുഷ്യൻ ദിവസത്തിന്റെ മുക്കാൽപങ്ക് ഭക്ഷണം സമ്പാദിക്കാനായി ചുറ്റി നടന്നു. ബാക്കിഭാഗം സ്വയം മറ്റു ഹിംസ്രജന്തുക്കൾക് ഭക്ഷണമായിത്തീരാതെ നോക്കുവാനും. അവിടെനിന്ന് ചന്ദ്രഗോളത്തെപ്പോലും കീഴടക്കിയ ഇന്നത്തെ മനുഷ്യനിലേക്കുള്ള പുരോഗതി ചെറുതൊന്നുമല്ല. ഭൗതികപ്രപഞ്ചം മിഥ്യയാണ് എന്ന അടിസ്ഥാനത്തിൽ നിശ്ചയമായും ഈ പുരോഗതി സാധ്യമാകുമായിരുന്നില്ല. സാങ്കേതികവിദ്യകളും ശാസ്ത്രവും വസ്തുനിഷ്ഠ പ്രപഞ്ചത്തെ യഥാർഥമെന്നു തന്നെ അംഗീകരിക്കുന്നു. എല്ലാ മനു-

19
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/18&oldid=172056" എന്ന താളിൽനിന്ന് ശേഖരിച്ചത്