താൾ:VairudhyatmakaBhowthikaVadam.djvu/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു



റ്റിന്റെയും --കാതലായ ചോദ്യം ഇതാണ്; പദാർഥപ്രപഞ്ചവും ആശയപ്രപഞ്ചവും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

ഒന്നാമതായി, പദാർഥം, ആശയം എന്നിവകളിൽ ഒന്നിനെ പ്രാഥമികം എന്നും അതിൽനിന്ന് ജനിച്ചതാണ് മറ്റേത് എന്നും പറയാമോ?

രണ്ടാമതായി, തനിക്ക് ചുറ്റുമുള്ള പ്രപഞ്ചത്തെപ്പറ്റി മനുഷ്യന് അറിയാൻ പറ്റുമോ?

ഇതാണ് രണ്ട് ചോദ്യങ്ങൾ. ഒന്നാമത്തെ ചോദ്യത്തിന് മൂന്ന് ഉത്തരങ്ങളുണ്ട്.

(a) പദാർഥപ്രപഞ്ചമാണ് പ്രാഥമികമായുള്ളത്. ആശയപ്രപഞ്ചം പദാർഥപ്രപഞ്ചത്തിന്റെ ഗുണധർമം മാത്രമാണ്.
(b)സംഗതി നേരെ തിരിച്ചാകുന്നു; പദാർഥപ്രപഞ്ചം മനുഷ്യമനസിന്റെ ആശയപ്രപഞ്ചത്തിന്റെ സൃഷ്ടിയാണ്, മായയാണ്. മനുഷ്യന്റെ മനസില്ലെങ്കിൽ ആത്മാവില്ല, ജ്ഞാനമില്ല, ഒന്നുമില്ല.
(c)പദാർഥപ്രപഞ്ചം ആശയപ്രപഞ്ചത്തിന്റെ സൃഷ്ടിതന്നെയാണ്. പക്ഷേ മനുഷ്യമനസിന്റെ സൃഷ്ടിയല്ല, മറ്റേതോ, 'ദിവ്യമനസി'ന്റെ സൃഷ്ടിയാണ്. അത് മിഥ്യയുമല്ല. ആശയപ്രപഞ്ചത്തെപോലെതന്നെ യഥാർഥമാണ്. പക്ഷേ ആശയപ്രപഞ്ചം അതിൽ നിന്ന് ഉപരിയായി സ്വതന്ത്രമായി നിലകൊള്ളുന്നു.

ആദ്യത്തെ രണ്ടു തരക്കാരും അദ്വൈതവാദികൾ എന്ന പേരിലും മൂന്നാമത്തെ തരക്കാർ ദ്വൈതവാദികൾ എന്ന പേരിലും അറിയപ്പെടുന്നു. അദ്വൈതവാദികൾ ഒന്നിനെ മാത്രമേ --പദാർഥത്തെയോ ആശയത്തെയോ മാത്രമേ--അംഗീകരിക്കുന്നുള്ളു. ദ്വൈതവാദികൾ രണ്ടിനും--പദാർഥത്തിനും ആശയത്തിനും സ്വതന്ത്രമായ നിലനില്പുള്ളതായി അംഗീകരിക്കുന്നു; അതിൽ ആശയത്തിന്'കൂടുതൽ സ്വാതന്ത്ര്യം'ഉണ്ടേന്നും അവർ കരുതുന്നു.

ആദ്യത്തെ തരത്തില്പെട്ടവർ, അതായത് പദാർഥമാണ്പ്രാഥമികമായിട്ടുള്ളതെന്നും ആശയപ്രപഞ്ചം ഈ പദാർഥപ്രപഞ്ചത്തിന്റെ ഗുണധർമമാണെന്നും അംഗീകരിക്കുന്നവർ, ദാർശനിക ലോകത്തിൽ ഭൗതികവാദികൾ എന്ന പേരിൽ അറിയപ്പെടുന്നു. മനുഷ്യന് ചുറ്റുമുള്ള ഭൗതികപ്രപഞ്ചം--പദാർഥ പ്രപഞ്ചം ജ്ഞേയമാണ്, അതായത് മനുഷ്യമനസുകൊണ്ട്, ബുദ്ധിശക്തികൊണ്ട് അറിയാൻ പറ്റുന്നതാണ് എന്ന ഉത്തരമാണ് ഇക്കൂട്ടർ രണ്ടാമത്തെ ചോദ്യത്തിന് നൽകുന്നത്.

രണ്ടും മൂന്നും തരത്തില്പെട്ടവർ ആശയവാദികൾ എന്ന പേരിൽ അറിയപ്പെടുന്നു. അന്തിമമായി, അവർ ആശയത്തെ മാത്രമേ അംഗീകരിക്കുന്നുള്ളു; നിർഗുണബ്രഹ്മം, പരമാത്മാവ്, കേവലചിന്ത, പുരുഷൻ എന്നു തുടങ്ങി പല പേരുകളിലും ഈ 'ആശയം' അറിയപ്പെടുന്നു. അന്തിമമായി, പ്രപഞ്ചരഹസ്യങ്ങൾ മനുഷ്യന് അജ്ഞേയങ്ങളാണ് -- അറിയാൻ പറ്റാത്തവയാണ്-- എന്നും അവർ ശഠിക്കുന്നു.

18
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/17&oldid=172055" എന്ന താളിൽനിന്ന് ശേഖരിച്ചത്