താൾ:VairudhyatmakaBhowthikaVadam.djvu/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മനുഷ്യൻ തന്നത്താൻ കാണുന്നു, തന്നെപ്പോലെയുള്ള മറ്റു മനുഷ്യരെ കാണുന്നു. സ്വന്തം നിലനില്പിനാവശ്യമായ ഉല്പാദന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. മറ്റു മനുഷ്യരുമായി പലതരം ബന്ധങ്ങളിൽ ഏർപ്പെടുന്നു. പ്രഭാതം മുതൽ പ്രദോഷം വരെ എല്ലുമുറിയെ പണിതിട്ടും ചിലർ പട്ടിണികിടക്കുന്നു. ചിലർ പണിയൊന്നും ചെയ്യാനുള്ള സാഹചര്യമില്ലാതെ പട്ടിണികിടക്കുന്നു. മറ്റു ചിലർ കായികമായി യാതൊരു അധ്വാനവും ചെയ്യുന്നില്ല. ചിലർ മാനസികമായ അധ്വാനവും കൂടി അതായത് യാതൊരു ഉൽപാദന പ്രവർത്തനവും നടത്തുന്നില്ല. എങ്കിലും പണം കൊണ്ട് എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണവർ. തിന്നിട്ടും കുടിച്ചിട്ടും വ്യഭിചരിച്ചിട്ടും ചൂതാടിയിട്ടും പണം തീരാഞ്ഞ് അവർ വിഷമിക്കുന്നു. പൂട്ടിയിട്ട കൊട്ടാരങ്ങളേറെ; പെരുവഴിയിൽ അന്തിയുറങ്ങുന്നവർ നിറയെ. കള്ളപ്പണവും കരിഞ്ചന്തയും പൂഴ്ത്തിവയ്‌പ്പും തടയേണ്ട ഭരണകൂടം അതിനരുനിൽകുന്നു. അതിനെതിരായി ശബ്ദമുയർത്തുന്ന, അരവയർ ചോറിനു വേണ്ടി നിലവിളിക്കുന്ന പട്ടിണിക്കോലങ്ങളെ വെടി വച്ചു വീഴ്തുന്നു. ഇതെല്ലാം മനുഷ്യർ കണ്ടിട്ടുണ്ട്. കണ്ടൂകൊണ്ടിരിക്കുകയാണു താനും.

ചിന്തിക്കാൻ തുടങ്ങിയതു മുതൽ, അതായത് മനുഷ്യൻ എന്ന പേരിന് അവൻ അർഹനായി തീർനതു മുതൽ തനിക്കു ചുറ്റുമുള്ള പ്രകൃതിയിലെ വൈവിധ്യങ്ങളെ ലഘൂകരിക്കാനും അവയിൽ ഏകത്വം കാണാനും ലളീതങ്ങളായ നിയമങ്ങൾ കൊണ്ട് അവയുടെ പെരുമാറ്റങ്ങൾ വിശദീകരിക്കാനും മനുഷ്യർ ശ്രമം തുടങ്ങി.

നമുക്കു ചുറ്റുമുള്ള വസ്തുക്കളും ഈ ഭൂമിയും ആകാശവും സൂര്യനും നക്ഷത്രങ്ങളും ഒക്കെ എന്നും ഇങ്ങനെതന്നെ ആയിരുന്നുവോ? അതിന് വല്ല മാറ്റങ്ങളും വന്നിട്ടുണ്ടോ? വന്ന് കൊണ്ടിരിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ കാരണമെന്ത്? എന്നെങ്കിലും ഒരു ദിവസം സൃഷ്ടിക്കപ്പെട്ടതാണോ ഈ പ്രപഞ്ചം? എങ്കിൽ ആരാണ് സ്രഷ്ടാവ്? എന്നെങ്കിലും പ്രപഞ്ചം മുഴുവൻ നശിക്കുമോ? എങ്കിൽ അവശേഷിക്കുന്നതെന്ത്! മനുഷ്യൻ ചോദിക്കാത്ത ചോദ്യങ്ങൾ ഇല്ല.

തനിക്കു ചുറ്റുമുള്ള അചേതന വസ്തുക്കളും ബ്രഹ്മാണ്ഡവും മറ്റും മാത്രവുമല്ല മനുഷ്യന്റെ താൽപര്യത്തിന് വിഷയീഭവിച്ചത്. തന്നെപ്പറ്റി തന്നെ അവന് ഒരുപാടു ചോദ്യങ്ങൾ ഉണ്ട്. ചിലപ്പോൾ സന്തോഷിക്കുന്നു. ചിലപ്പോൾ വ്യസനിക്കുന്നു. എന്താണ് സുഖദുഃഖങ്ങൾ? എന്തുകൊണ്ട് മനുഷ്യൻ മറ്റു ജന്തുക്കളെയും മനുഷ്യനെ തന്നെയും കൊല്ലുന്നു? വിശ്വസ്നേഹത്തിൻ‌മേൽ പണിതുയർതിയിട്ടുള്ള മതങ്ങൾ തമ്മിൽ അടിക്കുമ്പോൾ അവയുടെ സ്രഷ്ടാവായ മനുഷയൻ മരിച്ചു വീഴുന്നു. എന്തൊരു വിരോധാഭാസം? മനുഷ്യനെയും മനുഷ്യനെയും തമ്മിൽ ഇണക്കുന്ന ശക്തികളേവ? മനുഷ്യരും മനുഷ്യരും തമ്മിലുള്ള ബന്ധത്തിന് ഇത്രയും വൈരുധ്യമുണ്ടായതെങ്ങനെ! വിവിധ രൂപത്തിലുള്ള സമൂഹങ്ങളുടേയും സമൂഹബന്ധങ്ങളുടെയും എല്ലാം അടിസ്ഥാനമെന്ത്? വ്യക്തിയും സമൂഹവും തമ്മിലുള്ള ബന്ധമെന്ത്! മനുഷ്യനും ചുറ്റുമുള്ള പ്രകൃതിയും തമ്മിലുള്ള ബന്ധമെന്ത്? ഇങ്ങനെയും നൂറ് നൂറ് ചോദ്യങ്ങൾ.

15
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/14&oldid=210697" എന്ന താളിൽനിന്ന് ശേഖരിച്ചത്