താൾ:Sarada.djvu/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വളരെ കുണ്ഠിതവും വ്യസനവും ഉണ്ടായിവരും. അതിനാൽ എനി കുട്ടിയോട് എല്ലാ വിവരങ്ങളെക്കുറിച്ചും പറയുന്നതാണു നല്ലത് എന്നു തന്നെ രാമൻമേനോൻ ഒടുവിൽ ഉറച്ചു. എന്നിട്ട് ഇങ്ങനെ പറഞ്ഞു.

രാ:- എന്റെ മകൾ ഇന്നു ഞാൻ പറഞ്ഞുതരാമെന്നു പറഞ്ഞ വിവരങ്ങൾ കേൾപ്പാൻ ഉത്സാഹത്തോടുകൂടി ഇരിക്കുകയാണെന്നു തോന്നുന്നു. മനുഷ്യജന്മം എടുത്താൽ പലേ പ്രകാരമുള്ള വ്യസനങ്ങളും സന്തോഷങ്ങളും മനുഷ്യർക്കു ഉണ്ടായിവരുന്നതു സാധാരണയാണ് മകളെ. ചിലപ്പോൾ മനസ്സിനു സന്തോഷമുണ്ടാക്കുന്ന കാര്യങ്ങൾ ഉണ്ടാവും. ചിലപ്പോൾ മനസ്സിനു വ്യസനമുണ്ടാക്കുന്ന കാര്യങ്ങൾ ഉണ്ടായിവരും. ഇങ്ങനെ എടകലർന്നിട്ടാണ് നുമ്മൾ മനുഷ്യർക്കു എല്ലായ്പ്പോഴും ഉള്ള അനുഭവം. അതുകൊണ്ട് മനസ്സിനു സന്തോഷം വരുമ്പോഴും മനുഷ്യന് ധൈര്യം എന്നുള്ള ശക്തി ഉണ്ടായിരിക്കണം. സന്തോഷം ഉണ്ടായാൽ അഹങ്കരിച്ചു മദിക്കരുത്. വ്യസനകരമായ അവസ്ഥകൾ വരുമ്പോൾ മനസ്സിനെ ദു:ഖിപ്പിച്ചുകരയരുത്. മകളെ , അങ്ങിനെ മനസ്സിനു നല്ല മിടുക്ക് എന്റെ മകൾക്കുണ്ടെങ്കിൽ ഞാൻ സകല വിവരങ്ങളും പറയാം.

ശാ:-ഞാൻ അച്ഛൻ പറയുന്ന വിവരങ്ങൾ കേട്ടാൽ ഒരിക്കലും വ്യസനിച്ചു കരയുകയില്ല. നിശ്ചയംതന്നെ. എന്റെ അമ്മയുടെ വർത്തമാനങ്ങൾ കേട്ടാൽ ഞാൻ എന്തിനാണ് കരയുന്നത്. എനിക്ക് അതു കേൾക്കണമെന്നു വളരെ ആഗ്രഹമുണ്ട്. അച്ഛൻ പറയുകയേ വേണ്ടു.

രാ:- എന്നാൽ ഞാൻ പറയാം. നിന്റെ അമ്മ കല്യാണി മലയാളത്തിൽ പൂഞ്ചോലക്കര എടം എന്ന കീർത്തിപ്പെട്ട നായർതറവാട്ടിൽ ഉള്ള ഒരു സ്ത്രീയായിരുന്നു. ഈ പൂഞ്ചോലക്കര തറവാട് വലിയ ദ്രവ്യപുഷ്ടിയോടും പ്രബലതയോടം പ്രഭുത്വത്തോടും കൂടിയുള്ള ഒരു തറവാടാകുന്നു. നിന്റെ കാരണവന്മാർ പൂഞ്ചോലക്കര അച്ചന്മാർ എന്ന സ്ഥാനപ്പേരുള്ളവരാകുന്നു. നിന്റെ അമ്മ വളരെ രൂപവതിയായ ഒരു സ്ത്രീയായിരുന്നു മകളെ. ഏകദേശം പതിനെട്ട് ഇരുപത് വയസ്സുപ്രായമായപ്പോൾ നിന്റെ അമ്മയെ മഹാവിരൂപനും ബുദ്ധിശൂന്യനുമായ ഒരു എടപ്രഭുവിന് , നിന്റെ തറവാട്ടിൽ കാരണവൻ പൂഞ്ചോലക്കര അച്ചൻ, എന്തോ തറവാട്ടിലേക്ക് ആദായമുള്ള ഒരു കാര്യത്തിനു വേണ്ടിമാത്രം , സംബന്ധം കഴിച്ചു കൊടുത്തു. നിന്റെ അമ്മയ്ക്ക് ഈ ബുദ്ധിശൂന്യനായ പുരുഷനോടുകൂടി ഇരിപ്പാൻ കേവലം നിവൃത്തിയില്ലാതെ ആയിത്തീർന്നതിനാൽ ഇപ്പോഴേക്കു ഒരു പതിനഞ്ചു സംവത്സരങ്ങൾ മുമ്പ് നിന്റെ അമ്മ പൂഞ്ചോലക്കര എടത്തിൽനിന്നു

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/9&oldid=169899" എന്ന താളിൽനിന്ന് ശേഖരിച്ചത്