Jump to content

താൾ:Sarada.djvu/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒളിച്ചു് മലയാളരാജ്യം വിട്ടു പൊയ്ക്കളഞ്ഞു. കൂടെ സഹായത്തിനു് ആദ്യത്തിൽ ഒരു പട്ടരും ചെറുവയസ്സായ ഒരു നായർ ഭൃത്യനും മാത്രം ഉണ്ടായിരുന്നു. ആ ഭൃത്യനാണു് നമ്മുടെ കൂടെയുള്ള ഈ കൃഷ്ണൻ. സ്വന്തം വകയായി ഉള്ള ചില പണ്ടങ്ങൾ കയ്യടക്കമായി എടുക്കാൻ പാടുള്ളതുംകൂടെ കൊണ്ടുപോയി. ഒന്നാമതു കാശിയിലേക്കു പോകണമെന്നുള്ള ഉദ്ദേശത്തിന്മേൽ പുറപ്പെട്ടു. കാശിയിൽ വെച്ചു് നിന്റെ അമ്മ എന്നെ കണ്ടു പരിചയമായി. ഞാൻ ഒരു ചിത്രമെഴുത്തുകാരനായിരുന്നു. എന്റെ രാജ്യവും മലയാളമാണു്. വടക്കേ ഇൻഡ്യയിൽ പലേ രാജസ്ഥലങ്ങളിലും ചിത്രമെഴുതി കുറെ പണം സമ്പാദിച്ചു കാശിയാത്ര ചെയ്തു. പക്ഷെ നാട്ടിലേക്കു മടങ്ങണമെന്നുള്ള ഉദ്ദേശത്തോടുകൂടി ഇരിക്കുന്ന കാലത്താണു് മകളെ, ഞാൻ അതിരൂപവതിയും ഭാഗ്യവതിയും എന്റെ പ്രാണപ്രിയയുമായ നിന്റെ അമ്മയെ കണ്ടെത്തിയതു്. പിന്നെ ഞങ്ങൾ ഭാര്യാഭർത്താക്കന്മാരുടെ നിലയിലായി. ഞാൻ ജാതിയിൽ നിന്റെ പൂഞ്ചോലക്കര എടക്കാരോടു സമം തന്നെ ആയിരുന്നു എങ്കിലും നിന്റെ എടക്കാർക്കു് പ്രഭുത്വം ഉണ്ടാകയാൽ അവിടെയുള്ള സ്ത്രീകൾക്ക് സാധാരണ ശൂദ്രർ ബാന്ധവം ആവുന്ന നടപ്പുണ്ടായിരുന്നില്ല. പൂഞ്ചോലക്കര എടത്തിൽ ബ്രാഹ്മണർ മാത്രമാണു സംബന്ധം നടന്നു വരുമാറു്. ഇങ്ങനെയായിരുന്നു സ്ഥിതി. എങ്കിലും ഞങ്ങൾ അതൊന്നും സാരമാക്കാതെ ഭാര്യഭർത്താക്കന്മാരായിത്തീർന്നു. നാട്ടിലേക്കു തൽക്കാലം മടങ്ങേണ്ട എന്നു ഞങ്ങൾ നിശ്ചയിച്ചു. ഉജ്ജയിൽ എന്ന പട്ടണത്തിലേക്കു പോയി അവിടെ താമസിച്ചു. ഞാൻ ചിത്രമെഴുത്തുകൊണ്ടു് അഹോവൃത്തിക്കു സമ്പാദിച്ചു് ഞങ്ങൾ വളരെ സുഖമായി കാലക്ഷേപം ചെയ്തു. ഒരു നാലു് സംവത്സരങ്ങൾ അങ്ങനെ കഴിഞ്ഞു: ഈ കാലത്തിനുള്ളിൽ എനിക്കു ചിത്രമെഴുത്തിൽ വിശേഷവിധിയായ സമ്പാദ്യം ഉണ്ടായിത്തുടങ്ങി. ഇങ്ങിനെ ഇരിക്കുമ്പോൾ ഞങ്ങൾക്കു് എന്റെ മകൾ പുത്രിയായി ജനിച്ചു. അതിന്നുശേഷം ഉജ്ജയിൻ എന്ന പട്ടണം വിട്ടു് വടക്കേ ഇൻഡ്യയിൽ പലേ രാജസ്ഥലങ്ങളിലും പോയി താമസിച്ചു. എനിക്കു് അധികമായ ധനസമ്പാദ്യം ഉണ്ടായി. സമ്പാദ്യങ്ങൾ ഞാൻ ഉജ്ജയിനിൽ നാട്ടുകാർ ചേർന്നു് ഉണ്ടാക്കിയ ഒരു ബേങ്കിൽ പലിശയ്ക്കു് ഇട്ടുവന്നു. ഇങ്ങനെ ഒരു പത്തുസംവത്സരങ്ങൾ സഞ്ചരിച്ചശേഷം നമ്മൾ നല്ല ധനവാന്മാരുടെ അവസ്ഥയിൽ ആയി മകളെ. ഇങ്ങനെ ഇരിക്കുമ്പോൾ നിർഭാഗ്യവശാൽ എനിക്കു കഠിനമായി ഒരു നേത്രരോഗം ഉണ്ടായി. അതു നിമിത്തം കേവലം അന്ധനായി എന്നു പറയുവാൻ പാടില്ലെങ്കിലും കണ്ണിനു കാഴ്ച വളരെ കുറവായി. ഈ രോഗം നിമിത്തവും എന്റെ മകളെ

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/10&oldid=169731" എന്ന താളിൽനിന്ന് ശേഖരിച്ചത്