താൾ:Sarada.djvu/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നല്ലത്, അതല്ല പരദേശങ്ങളിൽ തന്നെ വല്ല ദിക്കലും താമസിക്കുന്നതോ എന്നിങ്ങനെ വിചാരിച്ചും സംശയിച്ചും വിഷാദിച്ചും മരിച്ചുപോയ തന്റെ പ്രാണവല്ലഭയെ ഓർത്തു കരഞ്ഞും, ശാരദ വ്യസനിക്കുമ്പോൾ ധൈര്യം നടിച്ചും, തന്റെ നേത്രരോഗം നിമിത്തം തനിക്കു സംഭവിച്ച പരാധീനതയെ ഓർത്തും രാമൻ മേനോൻ ദുസ്സഹമായ സങ്കടത്തോടെ രാമേശ്വരത്തിൽതന്നെ തന്റെ ഭാര്യയുടെ മരണശേഷം ഒരു മാസത്തോളം ഒന്നു ചെയ്‌വാൻ ഉറയ്ക്കാതെ ശരീരത്തിലും മനസ്സിലും ഒരുപോലെ അന്ധനായി താമസിച്ചു.

ശാരദാ എന്ന കുട്ടിക്ക് ഇക്കാലം പതിനൊന്നു വയസ്സു പ്രായമാണ്. ഇവൾ അതിബുദ്ധിയും കാഴ്ചയിൽ അതിസൗന്ദര്യവും ഉള്ള ഒരു പെൺകിടാവായിരുന്നു. തന്റെ അമ്മയുടെ മരണത്തിലും അച്ഛന്റെ കഠിനമായ വ്യസനത്തിലും ഈ പെൺകിടാവിനുണ്ടായ സങ്കടം ഇന്നപ്രകാരമെന്ന് പറവാൻ പ്രയാസം. അച്ഛൻ കഠിനമായി വ്യസനിക്കുന്നതു കാണുമ്പോൾ ചിലപ്പോൾ താൻ അതിനു സമാധാനം ചെയ്‌വാൻ ശ്രമിക്കും. ചിലപ്പോൾ താനും കൂടെ കരയും. ഇങ്ങനെ ഇവർ ദിവസങ്ങൾ കഴിക്കുംകാലം രാമൻമേനോൻ ഒരു രാത്രി ഊണുകഴിഞ്ഞ് തന്റെ സമീപത്തിൽ കിടന്ന് ഉറങ്ങുന്ന ശാരദയുടെ അതികാന്തമായി വിളങ്ങുന്ന മുഖത്തെ നോക്കിക്കൊണ്ട് ഇങ്ങനെ പറഞ്ഞു.

"ഹാ ദൈവമേ! ഇത്ര കഠിനം ചെയ്യുന്നുവല്ലോ. എന്റെ മകൾ ഇങ്ങനെ നിസ്സഹായമായ സ്ഥിതിയിലായല്ലോ. ഞാൻ എന്റെ കുട്ടിയേയുംകൊണ്ട് ഇനി എന്താണു ചെയ്യേണ്ടത്. ഈശ്വരാ."

ഈ ഒടുവിൽ പറഞ്ഞ വാക്കു കുറെ ഉച്ചത്തിലായതിനാലും രാമൻമേനോന്റെ കണ്ണിൽനിന്ന് പ്രവഹിക്കുന്ന ജലം തന്റെ ശരീരത്തിൽ വീണതിനാലും ശാരദ ഉണർന്ന് കുവലയങ്ങൾപോലെയുള്ള കണ്ണുകൾ മിഴിച്ചുനോക്കി. അച്ഛൻ അടുക്കെ ഇരുന്ന കരയുന്നതുകണ്ട് ഉടനെ ശാരദ എഴുന്നേറ്റ് അച്ഛനെ ആലിംഗനം ചെയ്തുംകൊണ്ട് പറയുന്നു.

ശാരദ:- എത്ര ദിവസമായി അച്ഛൻ ഇങ്ങിനെ കരയുന്നു. അമ്മ ഇനി നമ്മളുടെ അടുക്കെ വരികയില്ല നിശ്ചയം, എന്ന് അച്ഛൻ തന്നെ പറഞ്ഞുവല്ലൊ. പിന്നെ എന്തിനു കരയുന്നു. കരഞ്ഞിട്ട് എന്തു കാര്യം.

രാ:- ശരിയാണ് മകളെ, കരഞ്ഞിട്ട് യാതൊരു കാര്യവുമില്ല. ഞാൻ നിന്റെ അമ്മയെ വിചാരിച്ചിട്ടല്ല കരഞ്ഞത്. അവൾ സൗഖ്യത്തോടെ ഇപ്പോൾ സ്വർഗ്ഗത്തിൽ എന്നെ കാത്തുംകൊണ്ട് ഇരിക്കുന്നുണ്ട്. ഞാനും ഒടുവിൽ അവിടെ പോയി അവളുടെകൂടെ ഇരിക്കുകയും ചെയ്യും.

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/5&oldid=169855" എന്ന താളിൽനിന്ന് ശേഖരിച്ചത്