Jump to content

താൾ:Sarada.djvu/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്വാഭാവികമായി ഉണ്ടാവുന്നതാണല്ലോ. എന്നാൽ അങ്ങിനേ പരിചയമില്ലാത്ത ഒരുവൻ എഴുതുന്ന കത്തിൽ കാണിക്കുന്ന സംഗതികൾ അവിടേക്കും എഴുതുന്നവനും ഒരുപോലെ വ്യസനകരമായിട്ടുള്ളവകളായി വരുമ്പോൾ ആ കത്ത് എഴുതുവാനുള്ള സങ്കടം ഇന്നപ്രകാരമാണെന്നു പറഞ്ഞറിയിപ്പാൻ പ്രയാസമാണ്. ഇങ്ങനെയുള്ള സങ്കടത്തോടുകൂടിയാണ് ഞാൻ ഈ കത്ത് അവിടെ ഗ്രഹിപ്പാനായി എഴുതുന്നതു്. മഹാനായി, അതിഭാഗ്യവാനായി, ദയാലുവായിരിക്കുന്ന അവിടുന്നു് ദയവുചെയ്തു ഈ കത്തിലെ വിവരങ്ങൾ ഗ്രഹിച്ച് യഥോചിതം പ്രവർത്തിക്കുമെന്നുള്ള വിശ്വാസം പൂർണ്ണമായി എനിക്കുണ്ടാകയാൽ എന്റെ മനസ്സിന്റെ സങ്കടത്തെ ചുരുക്കി ഈ വിവരങ്ങളെക്കുറിച്ച് എഴുതുന്നു."

അവിടുത്തെ മരുമകളായി കല്യാണി എന്നു പേരായ ഒരു അമ്മ പത്തു പതിനഞ്ചു സംവത്സരങ്ങൾ മുമ്പു സംഗതിവശാൽ ഈ മലയാളദിക്കു വിട്ടു പൊയ്ക്കളഞ്ഞതായി അവിടുത്തെ ഓർമ്മയിൽ നിസ്സംശയമായി ഉണ്ടായിരിക്കുണം. ആ കല്യാണിഅമ്മ ഈ രാജ്യംവിട്ടു നേരെ പോയത് കാശിയിലേക്കായിരുന്നു. ഒന്നിച്ചു സഹായത്തിനു ഒരു ബ്രാഹ്മണനും ചെറുവയസ്സായ ഒരു നായരും ഉണ്ടായിരുന്നു. കാശിയിൽവെച്ചു ഞാൻ ആ അമ്മയെ കണ്ടു. ഞാൻ ഒന്നാന്തരം കിരിയം എന്നു പറയുന്ന നായർ ജാതിയിലുള്ള ഒരു നായരാണ്. ജാതിയിൽ എന്നെക്കാൾ ശ്രേഷ്ഠതയുള്ള നായന്മാർ മലയാളത്തിൽ ഇല്ല. അതിനെക്കുറിച്ച് അവിടേക്ക് ബോദ്ധ്യമുള്ളവിധം തെളിവു തരാം. കാശിയിൽവെച്ചു കണ്ടശേഷം ഞാനും കല്യാണിഅമ്മയും അന്യോന്യം പരിചയമായി. ഞങ്ങൾ ഭാര്യാഭർത്തക്കന്മാരുടെ സ്ഥിതിയിൽ ആയി. കുറെ കാലം ഞങ്ങൾ ക്ഷേമമായിരുന്നു. പിന്നെ ഞങ്ങൾക്ക് ഒരു പെൺകുട്ടി ഉണ്ടായി. അതിന്റെ ശേഷം ഞങ്ങൾ മലയാളത്തിലേക്കു തന്നെ മടങ്ങണം എന്നു നിശ്ചയിച്ച് വടക്കേ ഇന്ത്യ വിട്ടു പുറപ്പെട്ടു. സേതുസ്നാനം കഴിക്കണമെന്നുള്ള ആഗ്രഹത്തോടെ രാമേശ്വരത്തേക്കു വന്നു. അവിടെവെച്ച് കല്യാണിഅമ്മയ്ക്ക് ഒരു ജ്വരരോഗമുണ്ടായി. അതു നിമിത്തം ഇന്നേക്കു ഒരു മാസം പത്തു ദിവസം മുമ്പേ കല്യാണിഅമ്മ സ്വർഗ്ഗപ്രാപ്തിയാകുകയും ചെയ്തു. ശാരദാ എന്നു പേരായ മേല്പറഞ്ഞ പെൺകുട്ടിക്ക് ഇപ്പോൾ പതിനൊന്നു വയസ്സു പ്രായമേ ആയിട്ടുള്ളു. അവളും ഞാനും ഇപ്പോൾ ഇവിടെ താമസിക്കുന്നു. അവൾക്ക് ഇനി അമ്മയായും അച്ഛനായും ഈശ്വരനേപ്പോലെ അവിടുന്നുതന്നെയേ ഗതിയുള്ളഉ എന്നു ഞാൻ പറയേണ്ടതില്ലല്ലോ. ഞാൻ രോഗം നിമിത്തവും മനോവ്യസനംനിമിത്തവും വലിയ പരവശതയിൽ പെട്ടിരിക്കുന്നു-

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/31&oldid=169835" എന്ന താളിൽനിന്ന് ശേഖരിച്ചത്