താൾ:Sarada.djvu/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പൂഞ്ചോലക്കര എടത്തിലെ സന്താനമായ ശാരദയെ അവളുടെ സ്ഥിതിക്കു തക്കവണ്ണമുള്ള അഭ്യാസാദികളെ ചെയ്യിച്ചു യോഗ്യതയായ സ്ഥിതിയിൽ വരുത്തുവാൻ ശ്രമിക്കേണ്ടുന്ന ഈ കാലം ഈ വിവരങ്ങളെ അവിടെ അറിയിക്കാത്ത ഒരു തെറ്റു എന്റെ മേൽ ഉണ്ടാവുമന്നു ഭയപ്പെട്ടു ഞാൻ ഈ കത്തു എഴുതുന്നതാണു്.

അതുകൊണ്ടു് മഹാദയാലുവായ അവിടുന്നു ദയവു ചെയ്തു് നിസ്സഹായസ്ഥിതിയിൽ ഇരിക്കുന്ന ഈ കുട്ടിയുടെ കാര്യത്തിൽ ഏതുപ്രകാരം പ്രവർത്തിക്കണം എന്നു് മറുപടി ഉണ്ടാവാനായി വിനയപൂർവ്വം ഞാൻ അപേക്ഷിക്കുന്നു.

എന്ന് അവിടത്തെ ആശ്രിതൻ.
തെക്കില്ലത്തു് രാമൻ.


എഴുത്തു മുഴുവനും വായിച്ചുകഴിഞ്ഞു് കുഞ്ഞികൃഷ്ണൻ എഴുനീറ്റു നിന്നു. അച്ചൻ ഇടിവെട്ടിയ ഒരു ജന്തുവെപ്പോലെ നിശ്ചലനായി മുഖവും താഴ്ത്തിനിന്നു. ഒരു നാലെട്ടു നിമിഷം അങ്ങിനെ നിന്നു. എഴുത്തു വായന തുടങ്ങുമ്പോഴേക്കു നാലുകെട്ടിൽ നാലു ഭാഗത്തും അവിടവിടെയായി ഉണ്ണിമാരും കാര്യസ്ഥൻമാരും ഭൃത്യന്മാരും മറ്റും അച്ചനെ മറഞ്ഞു നിറഞ്ഞുനിന്നിരുന്നു. എഴുത്തിലെ സകല വിവരങ്ങളും എല്ലാവർക്കും വെടിപ്പായി മനസ്സിലാകുകയും ചെയ്തിരിക്കുന്നു. കോവിലകങ്ങളിലും വലിയ പ്രഭുക്കന്മാരുടെവസതികളിലും സ്വകാര്യമായി ഒരു കാര്യവും വെയ്ക്കാൻ കഴിയാത്തത് ഈ മാതിരി എഴുത്തുവായനകൊണ്ടും മറ്റുമാണെന്ന് ഇപ്പോൾ സ്പഷ്ടമാണല്ലോ. അച്ചൻ എങ്ങനെ സ്തബ്ധനായി നിന്നുവോ അതുപോലെതന്നെ ഈ കത്തു വായിച്ചു കേട്ടവരു് എല്ലാവരും നിന്നുപോയി. കേട്ടതിൽ മിക്കതും ആളുകൾ അതിസുന്ദരിയായ കല്യാണിഅമ്മയെ കണ്ടു പരിചയമുള്ളവരായിരുന്നു. ഓരോരുത്തരുടെ മനസ്സിന്റെ സ്വഭാവത്തിനു് അനുസരിച്ചു് ഓരോരുത്തർക്കു് ഓരോ മനോവികാരങ്ങളും ചേഷ്ടകളും ഉണ്ടായി. അതെല്ലാം ഇപ്പോൾ പറവാൻ പ്രയാസം.

എഴുത്തു വായിച്ച ക്ഷണത്തിൽ മനസ്സിൽനിന്നു് എളകിളജ്ജ്യംഭിച്ച കഠിനപാരുഷ്യവും അവമാനത്തിൽനിന്നു ജനിച്ച കഠിനമായ ലജ്ജയും നിമിത്തം നിർവ്വികാരനായി നാലെട്ടുനിമിഷം നിന്നശേഷം അച്ചൻ "ശങ്കുനമ്പിയെ വിളിക്കൂ" എന്നു പറഞ്ഞു.

ശങ്കുനമ്പി നാലുകെട്ടിൽനിന്നു പുറത്തേക്കു കടക്കുന്ന തളത്തിൽ ജാഗ്രതയായി നിന്നു് എഴുത്തു വായിച്ചതു് മുഴുവൻ കേട്ടിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/32&oldid=169836" എന്ന താളിൽനിന്ന് ശേഖരിച്ചത്