താൾ:Sarada.djvu/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഈ കണ്ട ഭയങ്കരവേഷം തന്നെയാണ് പൂഞ്ചോലക്കര അച്ചൻ എന്നു ശങ്കരന്നു സംശയംകൂടാതെ തോന്നി. വേറെ അവിടെ ഉണ്ടായിരുന്ന ആളുകളോടു് അന്വേഷിച്ചു തീർച്ചയായശേഷം ശങ്കരൻ ഈ വേഷത്തിന്നു കുറെ അടുത്തു ചെന്നു നല്ലവണ്ണം ഒന്നു താണു തൊഴുതു. അച്ചന്മാരെ തൊഴുന്നതു സാധാരണ നടപ്പില്ലെങ്കിലും ചിലപ്പോൾ കാർയ്യവശാൽ സമർത്ഥന്മാരായ ആളുകൾ ചെയ്തുവരുമാറുണ്ടു്. തൊഴുത ഉടനെ "ആരാണ് അത്" എന്നു അച്ചൻ ചോദിച്ചപ്പോഴേക്കു കൂടെയുള്ള സേവകന്മാർ ചാടി ശങ്കരന്റെ അടുക്കലേക്ക് എത്തി. അപ്പോഴേക്കു ശങ്കരൻ എഴുത്തു് എടുത്തു സേവകന്മാരുടെ പക്കൽ കൊടുത്തു. അവർ അച്ചന്റെ കയ്യിൽ കൊടുപ്പാൻ ഭാവിച്ചു. അച്ചൻ വാങ്ങീല്ല.

അച്ചൻ :-ആരുടെ എഴുത്താണ് ഇതു്?

ശ:-തെക്കില്ലത്ത് രാമൻമേനോൻ എന്നൊരാളുടെ എഴുത്താണു്. അദ്ദേഹം ഇവിടെ പരിചയമില്ലാത്ത ഒരാളാണ്. ഒരു സ്വകാർയ്യസംഗതിയെക്കുറിച്ചാണ് എഴുതീട്ടുള്ളത്. അതു വായിക്കുമ്പോൾ ഇവിടുന്നുഗ്രഹിക്കും.

അ:-തെക്കില്ലത്ത് രാമനോ, ഏത് തെക്കില്ലം, എന്ത് രാമൻ ഞാൻ കേട്ടിട്ടേ ഇല്ല എന്നു പതുക്കെ പറഞ്ഞുകൊണ്ട് അമ്പലത്തിലേക്കു നടന്നു. ശങ്കരൻ പിന്നാലെ പോവുന്ന ഒരാളോടു ചോദിച്ചതിൽ എഴുത്തു വായിച്ചശേഷം മറുപടി ഉണ്ടാവുമായിരിക്കും, താൻ പടിപ്പുരയ്ക്കൽ തന്നെ കുറെ നേരം കാത്തിരിക്കൂ. എന്നാൽ വിവരമെല്ലാം അറിയാം എന്നു പറഞ്ഞപ്രകാരം ശങ്കരൻ അവിടെപോയി താമസിക്കുകയും ചെയ്തു.

അച്ചൻ ക്ഷേത്രത്തിൽനിന്നു മടങ്ങി പതിവുപ്രകാരമുള്ള നാമം ജപവും മറ്റും കഴിഞ്ഞു് ഉണ്ണാൻ ഭാവിച്ചു മാളികയിൽനിന്നു താഴത്തിറങ്ങി തെക്കിനിയിൽ എത്തിയപ്പോൾ എഴുത്തുകാരൻ കുഞ്ഞികൃഷ്ണൻ അമ്പലത്തിലേക്ക് പോംവഴി ശങ്കരൻ കൊടുത്ത എഴുത്തും കയ്ക്കൽ പിടിച്ച് അച്ചന്റെ മുൻപാകെ ചെന്നുനിന്നു.

കുഞ്ഞികൃഷ്ണന്റെ എഴുത്തു തുറന്നു വിളക്കിന്റെ സമീപം ഇരുന്നു താഴെ പറയുംപ്രകാരം വായിച്ചു.


ശ്രീ


"അവിടുന്നുമായി യാതൊരുപ്രകാരവും പരിചയമില്ലാത്ത ഒരുവൻ അവിടേക്കു സാധാരണ സംഗതികളെപ്പറ്റി തന്നെയെങ്കിലും ഒരു കത്ത് ഒന്നാമതായി എഴുതുമ്പോൾ അവനു വളരെ ശങ്കയും ഭയവും

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/30&oldid=169834" എന്ന താളിൽനിന്ന് ശേഖരിച്ചത്