"ആരുടെ കല്പന ?"
"എന്റെ എജമാനൻ രാമൻമേനോന്റെ."
"എന്നാൽ കല്പനപ്രകാരം നടന്നോളു. അച്ചനെ തന്നെ കണ്ട് എഴുത്തു കൊടുത്തോളു."
എന്നും പറഞ്ഞു പ്രധാന കാർയ്യസ്ഥനും കൂടെയുള്ളവുരം കളപ്പുരയിലേക്കു നടന്നു.
ശങ്കരൻ പിന്നെയും അവിടെ നിന്നു വശായി. അങ്ങിനെ അവിടെ ഒരു കാൽ നാഴിക നിന്നശേഷം പടിവാതിക്കൽകൂടി അതികലശലായി ഒരു വെളിച്ചം പുറത്തേക്കു ചാടുന്നതുകണ്ടു.ക്ഷണേന ഒരു ചെറുപ്പക്കാരൻ വെള്ളിക്കു സമമായി മിന്നുന്ന ദീർഘമായ തണ്ടിന്മേൽ തൂങ്ങി സ്വർണ്ണപ്രഭമായി തിളങ്ങുന്ന ഓടുകൊണ്ടു വാർക്കപ്പെട്ട തണ്ടോടുകൂടിയ ഒരു കുത്തുവിളക്കിൽ ഏകദേശം പന്തംപോലെ അഗ്നി ഉജ്വലിച്ചുകത്തുന്ന വെളിച്ചത്തോടുകൂടി പടി ഇറങ്ങുന്നതു കണ്ടു. അതിന്ന് അടുത്തു വഴിയെ അതി ദീർഘമായ ഒരു ചങ്ങലവട്ട കത്തിച്ചു പിടിച്ചുംകൊണ്ടു മറ്റൊരു സുമുഖനായ ചെറുപ്പക്കാരൻ എറങ്ങുന്നതു കണ്ടു. അതിന്റെ വഴിയെ അത്യന്തം തടിച്ച് ഉരുണ്ട് കറുത്ത വർണ്ണത്തിൽ ഒരു ഭയങ്കരമായ ഒരു സ്വരൂപം എറങ്ങി വരുന്നതും കണ്ടു. ഈ സ്വരൂപത്തിന്റെ തലയിൽ വാൽക്കണ്ണാടിപോലെ അത്രം മിനുസമായി വെളിച്ചംതട്ടുമ്പോൾ മിന്നുന്ന കഷണ്ടിയാണു കണ്ടത്. കറുത്തനെറ്റിമുഴുവനും വെളുത്ത ഭസ്മംകൊണ്ടു മൂടിയിരിക്കുന്നു. കണ്ണുകൾ വൃത്തത്തിൽ അത്യന്തം കോപരസത്തോടെ ചുകന്ന രാശിയായിട്ടാണ്. ദീർഘം കുറഞ്ഞു തടിച്ച് കുറെ മേലോട്ടു മലർന്ന ദ്വാരങ്ങളോടുകൂടിയ ആ മൂക്കും പരന്ന മുറവും കറുത്തു തടിച്ച ചുണ്ടും അത്യന്തം വിശാലമായ വക്ഷസ്സ് നിറയെ തേച്ച ഭസ്മപ്രഭയും അതിന്ന് ഉപരി കിടക്കുന്ന സ്വർണ്ണകെട്ടിയ വലിയ രുദ്രാക്ഷമാലയും കണ്ടു ശങ്കരൻ അത്ഭുതപ്പെട്ടു. വയറ് ഉജ്ജൃംഭിച്ച ശരീരത്തിൽവന്ന് വളരെ മുന്നോട്ടു ചാടി നിൽക്കുന്നതിന്മേൽക്കൂടി കെട്ടി ഉടുത്തിട്ടുള്ള പുളിയിലക്കര വലിയ മുണ്ടും കസവുമേൽമുണ്ടും എടയ്ക്കിടെ അഴിഞ്ഞുപോവാൻ തുടങ്ങുമ്പോൾ കൈകൊണ്ടു പിന്നെയും പിന്നെയും മുറുക്കിക്കൊണ്ടിരുന്നു. കാലിൽ ആനക്കൊമ്പു കൊരടുകളോടു കൂടിയ ഉയരമുള്ള മെതിയടികൾ ഇട്ടിരുന്നു. അതുകൾ ഇട്ട് ഒരുവിധം അനായാസേന ഈ കൂറ്റൻ നടക്കുന്നതു നിത്യാഭ്യാസബലംതന്നെ എന്നു ശങ്കരന്നു സംശയം കൂടാതെ തോന്നി. ഈ ഉഗ്രവേഷത്തിന്റെ പിമ്പിൽ സേവകന്മാരുടെ നിലയിൽ നല്ല ഉടുപ്പോടു കൂടി പത്തുപതിനഞ്ചു യോഗ്യന്മാരു നടന്നിരുന്നു.