Jump to content

താൾ:Sarada.djvu/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വെറ്റില മുറുക്കിയതിന്റെ ചണ്ടികൾ കലശലായി ശബ്ദത്തോടെ നടക്കുന്നതിന്റെ രണ്ടുഭാഗത്തേക്കും പാറ്റി തുപ്പിക്കൊണ്ട് പടിയുടെ കോണി എറങ്ങുന്നതു കണ്ടു. ഇയ്യാളുടെ പിന്നാലെ രണ്ടുമൂന്നു ആളുകൾ കൂടി എറങ്ങി ഓച്ഛാനിച്ചുംകൊണ്ടു നടക്കുന്നതു കണ്ട് "ഇതാ ശങ്കു നമ്പി വരുന്നു " എന്നു കാണിച്ചുകൊടുത്ത് ചെറുപ്പക്കാരൻ നായർ പോയി. ശങ്കരൻ ഉടനെ ശങ്കുനമ്പിയുടെ മുമ്പാകെ പോയി ഓച്ഛാനിച്ചുനിന്നു. കുറേനേരത്തേക്കു നമ്പി കണ്ടഭാവം നടിക്കാതെ ഒന്നും മിണ്ടാതെ നടന്നു. അപ്പോൾ ശങ്കരൻ വിടാതെ അടുത്തടുത്തി അധികം ഓച്ഛാനിച്ചുംകൊണ്ടു കൂടി. ഒടുവിൽ ശങ്കുനമ്പി ചോദിച്ചു.

ശങ്കുനമ്പി :- എന്താണ് . എവിടെനിന്നു വരുന്നു.

ശങ്കരൻ :- ഞാൻ കുറെ ദൂരത്തു നിന്നും വരുന്നു. എടത്തിൽ വലിയച്ചന്നു സ്വകാർയ്യ്യമായി ഒരു എഴുത്തു കൊടുപ്പാനുണ്ടായിരുന്നു. അതിന്ന് ഇപ്പോൾ തരമാവുമോ എന്നറിഞ്ഞില്ല.

"ആരുടെ എഴുത്താണ് "

"ആളെ പറഞ്ഞാൽ ഇവിടേക്കു മനസ്സിലാവുകയില്ല. എഴുത്തിൽ എല്ലാം ഉണ്ട്."

"ആളെ പറഞ്ഞാൽ മനസ്സിലാവുല്ലെ. എന്തെ രസിക. ആട്ടെ പറയു. മനസ്സിലാവുമോ എന്നു നോക്കട്ടെ "

"എഴുത്തു എഴുതിയ ആളുടെ പേര് രാമൻമേനോൻ എന്നാണ്. "

"എവിടത്തെ രാമൻമേനോൻ "

"തെക്കില്ലത്തേ"

"തെക്കില്ലത്തോ ? "

"അതെ "

"ഏതൂ രാജ്യക്കാരനാണ് "

"അത് എനിക്കു നിശ്ചയമില്ല."

"അപ്പോൾ നീ അയാളെ അറിയില്ലേ."

"അറിയും "

"പിന്നെ എന്താണ് പറയരുതേ ? "

"ഞാൻ ഇപ്പോൾ പറഞ്ഞേടത്തോളം വിവരങ്ങൾ മാത്രമേ അറികയുള്ളു. "

"നീ ആളൊരു വികടനാണെന്നു തോന്നുന്നു. എഴുത്ത് എന്റെ പക്കൽ തരാമോ. "

"അച്ചന്റെ പക്കൽതന്നെ കൊടുക്കാനാണു കല്പന. "

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/28&oldid=169831" എന്ന താളിൽനിന്ന് ശേഖരിച്ചത്