Jump to content

താൾ:Sarada.djvu/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കളോടുകൂടി ഉയർന്നു ചിറയിലെ സ്വച്ഛമായ ജലത്തിൽ സ്വച്ഛായകളെ പ്രതിഫലിപ്പിക്കുന്നതിനാൽ അതുകളെത്തന്നെ ദ്വിഗുണീകരിച്ചു കാണിച്ചുംകൊണ്ടു നില്ക്കുന്നതുകളേയും കണ്ടു. ഇതു കൂടാതെ ഗോസ്സായിസത്രം , ധർമ്മശാല മുതലായ അനേകം എടുപ്പുകൾ ഈ ചിറയ്ക്കു ചുറ്റും ഉണ്ടായിരുന്നു. സന്ധ്യാകാലം സമീപിച്ചതിനാൽ ചിറവക്കിലും ക്ഷേത്രമുറ്റത്തും എടത്തിലെ പടിഉമ്രത്തും ഉള്ള തിരക്കുകൾ ഇന്ന പ്രകാരമെന്നു പറവാൻ പ്രയാസം. ഇങ്ങനെ യോഗ്യതയും പ്രൌഢിയും ഉള്ള ഒരു എടത്തിലെ സന്തതി ആയിരിക്കേണ്ടവൾതന്നെയാണ് എജമാനന്റെ മകൾ ശാരദ , എന്നു ശങ്കരന്നു മനസ്സിൽ തോന്നി.

ശങ്കരൻ എടത്തിലെ പടിഉമ്രത്തും ക്ഷേത്രതിരുമുറ്റത്തും മദ്ധ്യവഴിയിലും മറ്റും കുറേനേരം അവിടെയുള്ള ഘോഷങ്ങളേയും തിരക്കുകളേയും കണ്ടുംകൊണ്ടു നിന്നു. ഒരു മനുഷ്യനെങ്കിലും തന്നോട് ഒരക്ഷരവും ഉരിയാടിയിട്ടില്ല. ഇങ്ങനെ കുറേനേരം കഴിഞ്ഞശേഷം ആരോടെങ്കിലും കടന്നു ചോദിക്കുകതന്നെ എന്നു നിശ്ചയിച്ച് ശങ്കരൻ പിന്നെയും എടത്തിന്റെ പടിഉമ്രത്തു പോയി നിന്നു. പലേവിധ മനുഷ്യരും പടിപ്പുരയുടെ അന്തർഭാഗത്തിലേക്കും പടിപ്പുരയിൽ നിന്നു പുറത്തേക്കും എടതിരിവുകൂടാതെ കടന്നുപോകുന്നതു ശങ്കരൻ കണ്ടു. എങ്കിലും ഒരു മനുഷ്യനെങ്കിലും സാവകാശത്തോടു കൂടിയോ സ്വസ്ഥചിത്തന്റെ നിലയിലോ അവിടെ എങ്ങും കുറേനേരത്തേക്കു ശങ്കരൻ കണ്ടില്ല. എല്ലാവർക്കും തിരക്കു തന്നെ. അത്യുത്സാഹത്തോടെ ചാടിയും ഓടിയും നടക്കുന്നവരെ അല്ലാതെ കാണാൻ പ്രയാസപ്പെട്ടു. അങ്ങിനെ കുറെ സമയം കഴിഞ്ഞപ്പോൾ ദൈവഗത്യാ ഒരു നായർ പടിഅകത്തുനിന്നു പുറത്തേക്കു സാവധാനത്തിൽ നടന്നു പോവുന്നതു കണ്ടു. ശങ്കരൻ അയാളുടെ പിന്നാലെ ചെന്നു. ആ നായർ സുമുഖനായ ശങ്കരനെ കണ്ടപ്പോൾ.

നായർ :- എന്താണ് ? എവിടെനിന്നു വരുന്നു. ഈ ദിക്കിൽ എങ്ങും മുമ്പു കണ്ടിട്ടില്ല.

ശ:-ഞാൻ അന്യദേശക്കാരനാണ്. എടത്തിൽ അച്ചന് ഒരു എഴുത്തു കൊടുപ്പാനുണ്ടായിരുന്നു. അതിന്ന് എന്താണ് നിവൃത്തി എന്ന് ഒന്നു പറഞ്ഞുതന്നാൽ നന്നായിരുന്നു.

നായർ :- ഇവിടെ തന്നെ നിന്നോളു. എടംവക പ്രധാന കാർയ്യസ്ഥൻ ശങ്കനമ്പി ഇപ്പോൾ ഇതിലെ വരും. അദ്ദേഹത്തോടു പറഞ്ഞാൽ ഒക്കെ നിവൃത്തി ആവും.

എന്ന് അയാൾ പറയുമ്പോഴേക്ക് ഒരു പൂണൂൽക്കാരൻ വൃദ്ധൻ

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/27&oldid=169830" എന്ന താളിൽനിന്ന് ശേഖരിച്ചത്