താൾ:Sarada.djvu/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തറവാട്ടിലെ ഒരു കുട്ടിയായിരുന്നു. ചിത്രത്തിൽ ഉള്ള ഭ്രാന്തുകൊണ്ട് എട്ടൊമ്പതു വയസ്സായപ്പോൾ രാമൻമേനോന്റെ കൂടെ ചാടി പോന്നശേഷം പിന്നെ വീട്ടിലെ യാതൊരു വർത്തമാനവും അറിയാതെ രാമൻമേനോനോടുകൂടി കാലക്ഷേപം ചെയ്തുവന്നവനാണ്. ശങ്കരനെക്കുറിച്ചുള്ള അഭിപ്രായം എനി ഈ കഥ പരക്കുന്നതോടുകൂടി എന്റെ വായനക്കാർക്ക് ഉണ്ടാവുന്നതാകയാൽ ഇത്ര മാത്രമേ ഈ കുട്ടിയെക്കുറിച്ചു പറയുന്നുള്ളു. ഈ കാലം അവന്ന് ഇരുപത്തൊന്നു വയസ്സു പ്രായമാണ്.

ശങ്കരൻ എടത്തിൽ എത്തുമ്പോഴേക്കു സൂര്യാസ്തമനസമയം അടുത്തിരിക്കുന്നു. പൂഞ്ചോലക്കര എടവും അതിനു ചുറ്റുമുള്ള സ്ഥലങ്ങളും കാഴ്ചയ്ക്ക് അതിയോഗ്യമായും രമ്യമായും ഉള്ളവകളായിരുന്നു.

പൂഞ്ചോലക്കര എടം ഉള്ളത് അതിദീർഘവിസ്താരത്തിൽ കിടക്കുന്ന ഒരു വലിയ പാടത്തിന്റെ പടിഞ്ഞാറെക്കരയിൽ ആകുന്നു. ശങ്കരൻ വഴി നടന്ന് ഈ പാടത്തിലേക്കു എറങ്ങിയപ്പോൾ തന്നെ ദൂരത്തിൽ പാടത്തിന്റെ പടിഞ്ഞാറെ കരയിൽ വലിയ വൃക്ഷങ്ങളുടെയും തെങ്ങിൻതോട്ടങ്ങളുടെയും എടയിൽക്കൂടി പൊങ്ങിക്കാണാവുന്ന എടത്തിന്റെ ഉയർന്ന മാളികകളേയും അതുകളോടു തൊട്ടു തെക്കുഭാഗത്തിൽ അസ്തമനസൂർയ്യപ്രഭ തട്ടി തിളങ്ങിക്കൊണ്ടിരിക്കുന്ന ഒരു തങ്കത്താഴികകൊണ്ടു കൃതമായ ഒരു വലിയ ക്ഷേത്രത്തേയും കണ്ടു. ശങ്കരന്നു മനസ്സിൽ ആഹ്ലാദം തോന്നി വേഗം നടന്ന് എടത്തിനു സമീപത്തിലെത്തിയപ്പോൾ ശങ്കരൻ ആ സ്ഥലത്തിന്റെ മഹിമയെ കണ്ട് ആശ്ചര്യപെട്ടു.

എടത്തിന്റെ തെക്കേ മതിലും ക്ഷേത്രത്തിന്റെ വടക്കേ മതിലും ഒന്നുതന്നെയാണ്. അന്യോന്യം അത്ര സമീപത്തിലാണ് ക്ഷേത്രവും എടവും നിൽക്കുന്നത്. ഇതുകളുടെ പുരോഭാഗത്ത് ശങ്കരൻ കണ്ടതു അതിവിശാലമായ കുളത്തെയാണ്. വിശേഷമായി കരിങ്കല്ലുകൊണ്ടു നാലുഭാഗവും കെട്ടി പടുത്തതും അതിനിർമ്മലമായ ജലത്തോടുകൂടിയുള്ളതുമായ ഈ വലിയ ചിറയുടെ ഒരു കരയിൽ നില്ക്കുന്ന ആളുകളെ മറുകരയിൽ നില്ക്കുന്നവർക്കു തിരിച്ചറിവാൻ കുറെ പ്രയാസപ്പെടും. അത്ര വിസ്തീർണ്ണത്തിൽ ഉണ്ടാക്കപ്പെട്ടിട്ടുള്ള ഒരു ചിറയായിരുന്നു ഇത്. ഇതു നാലുഭാഗങ്ങളിലും അവിടവിടെ കരിങ്കല്ലുകൊണ്ടും ചെങ്കല്ലുകൊണ്ടും പണിതു മിനുസം വരുത്തി ഇട്ടിട്ടുള്ള തറകളോടുകൂടി അതികൌതുകത്തിൽ പടർന്ന് ഉയർന്നു നിൽക്കുന്ന അരയാലുകളേയും , ചിറയുടെ കിഴക്കെ കരയിൽ മുഴുവനും ഊട്ടുപുരകൾ വെള്ളക്കുമ്മായമിട്ട മാളിക.

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/26&oldid=169829" എന്ന താളിൽനിന്ന് ശേഖരിച്ചത്