താൾ:Sarada.djvu/143

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഈ മാനനഷ്ടവ്യവഹാരത്തിൽ ഒന്നു രണ്ടുമൂവ്വായിരം ഉറുപ്പിക വിധിച്ചുകിട്ടിയാൽ അതിൽ നിന്നു കഴിക്കാമല്ലോ. ഇതു നല്ല കാര്യമാണു്.

തിരുമുല്പാടു്:- (കുറഞ്ഞൊന്ന് ആലോചിച്ചതിന്റെ ശേഷം) അവർ എഴുത്തിലെഴുതിയ വിവരം ശരിയല്ലെന്നു കാണിച്ചാലല്ലേ മാനനഷ്ടം വിധിച്ചു കിട്ടുകയുള്ളു.

ക:- തെളിവും കൊടുക്കണം. തെളിവു കൊടുക്കണം. നല്ല തെളിവു കൊടുക്കണം. തെളിവു കൊടുക്കാഞ്ഞാൽ കാർയ്യം ജയിക്കുമോ?

തി:- ആട്ടെ, വരട്ടെ. രാമൻമേനോന്റെ മഠത്തിൽപോയി ഈ എഴുത്തു് ഒന്നു് അദ്ദേഹത്തിന്നു കാണിക്കുക. കണ്ടനും വരു.

എന്നും പറഞ്ഞു തിരുമുല്പാടും കണ്ടന്മേനോനും രാമന്മേനോന്റെ മഠത്തിലേക്കായി പുറപ്പെട്ടു.

നമ്പൂതിരിമാരുടെ മഠത്തിൽ എഴുത്തു കിട്ടിയശേഷം ഉദയന്തളിയിൽ ജനങ്ങൾ മുഴുവനും ഒരു ഭുകമ്പം ഉണ്ടായാൽ ഉള്ളതുപോലെ ഈ വർത്തമാനം കേട്ടും ഒന്നു പരിഭ്രമിച്ചുവശായി. ക്ഷേത്രത്തിലും കുളവക്കിലും മറ്റും ഈ ഒരു സംസാരം പ്രചുരമായി. മഠത്തിൽ അദ്ധ്യയനത്തിന്നും മറ്റു വന്ന നമ്പൂതിരിമാരുടെ സംഘം വലുതായിരുന്നു. ഈ എഴുത്തു് ഓതിക്കോൻ നമ്പൂതിരി വായിക്കുമ്പോഴേക്കു് അവിടെ ഉള്ളവര് ആസകലം അദ്ദേഹത്തിനെ ചുറ്റി വളഞ്ഞിരിക്കുന്നു. ചിലരു് കൗപീനമാത്രവസ്ത്രന്മാരായിട്ടു്, മൂക്കുപിടിച്ചു ജപിക്കുന്നേടത്തുനിന്നു് എഴുനീറ്റു് ഓടിക്കൊണ്ടു് ചിലതു്, കുളിപ്പാൻ പോവാൻ ഭാവിച്ചു മുണ്ടു അഴിച്ചു കയ്യിൽ പിടിച്ചു നാഭിപ്രദേശം എടക്കിടെ മാത്രം കഥകളിക്കു തിരപിടിക്കുമ്പോലെ മറച്ചുംകൊണ്ടു ചിലരു്, വെറ്റില മുറുക്കിക്കൊണ്ടിരിക്കുന്നേടത്തു നിന്നു് അതു മുഴുവനാവുന്നതിന്നു മുമ്പു് എണീറ്റു് ഓടിക്കൊണ്ടു് ചിലരു്, മൂത്രശങ്കയ്ക്കു ഇരുന്നേടത്തുനിന്നു ശൗചം കഴിക്കുന്നതിന്നു മുമ്പ് ഇവരിൽ കാണപ്പെടുന്ന ഗോഷ്ടിവേഷത്തിൽ തന്നെ ഓടിക്കൊണ്ടു ചിലരു്. ആകപ്പാടെ ഓതിക്കോൻ നമ്പൂതിരി എഴുത്തു വായിക്കമ്പോൾ അയാളുടെ ചുറ്റുമുള്ള തിരക്കു ഘോഷവും ഒച്ചയും പറവാനില്ല. "എന്താണു്. എന്താണുബൗദ്ധനോ ബൗദ്ധസ്ത്രീയോ, ച്ഛെ അബദ്ധം, എന്തൊരു കഥയാണിതു്, കുളം അശുദ്ധമായോ ക്ഷേത്രം അശുദ്ധമായോ എന്താണു് ഹെ. എഴുത്തു് ആരു്, എന്തു് , എവിടെ , എങ്ങിനെ."

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/143&oldid=169779" എന്ന താളിൽനിന്ന് ശേഖരിച്ചത്