എന്നിങ്ങനെ നമ്പൂതിരിമാർ കലശൽ കൂട്ടിത്തുടങ്ങി.
നീലമനനമ്പൂതിരി:- എവിടെയാണു് ഈ കുട്ടി. ദുർഘടം. ഇന്നത്തെ കുളി മുട്ടിയോ?
ചാങ്കാടു്:- ഇന്നു കുളിക്കാൻ പുഴയിലേക്കു പൊയ്ക്കൊള്ളു.
ചെർപ്പാടു്:- വിഡ്ഢിത്വം ഒന്നും പറയേണ്ട. ഇതൊക്കെ ആ പൂഞ്ചോലക്കര അച്ചന്റെ വിദ്യകളാണു്. കുട്ടിയെ ഞാൻ ഇന്നലെ കണ്ടു.
അത്തിപ്പറ്റ:- താൻ കുട്ടിയെ കണ്ടാൽ , കുട്ടിയുടെ ജാതി നന്നാവുമോ?
ചെർപ്പാടു്:- കഥയില്ലാതെ വല്ലതും പറഞ്ഞാൽ , കച്ചേരി കയറേണ്ടി വരും.
പൊന്നടക്കം:- കുട്ടിയെ ഞാൻ കണ്ടു. അതി സുന്ദരിതന്നെ. നിറം അതിവിശേഷം. വെള്ളക്കാരുടെ പെണ്ണുങ്ങളുടെ നിറം തന്നെ.
ചെർപ്പാടു്:- നിറം മാത്രമോ? സ്വരൂപത്തിന്റെ ഒരു ഭംഗി പറഞ്ഞറിയിപ്പാൻ പാടില്ല.
നീലമന:- സ്വരൂപം എങ്ങിനെ എങ്കിലും ആയ്ക്കോട്ടെ. കുളിപ്പാൻ പുഴയിലേക്കു തന്നെ പോകേണ്ടിവരുമോ? ആ കാർയ്യം പറയൂ.
ഇവർ ഇങ്ങിനെ സംസാരിക്കുമ്പോൾ കുളിപ്പാൻ കുളത്തിൽ പോയേടത്തുനിന്നു രണ്ടു നമ്പൂതിരിമാർ ഓടി എത്തി. കുളം അശുദ്ധമായി. ഒരു മാപ്പിളയും ഉമ്മയും കുളത്തിൽ കുളിച്ചുപോൽ. പുണ്യാഹം കഴിക്കാൻ ഭാവിക്കുന്നു.
ചെർപ്പാടു്:- ഇതെന്തു ഗോഷ്ടിയാണു്. മാപ്പിളജാതിയാണു് കുട്ടി എന്നു തീർച്ചയാണോ? പൂഞ്ചോലക്കര അച്ചൻ കളവായി എഴുത്തു അയച്ചതാണെങ്കിലോ?
നീലമന:- താൻ കുട്ടിയെ കണ്ടു വളരെ ഭ്രമിച്ചിരിക്കുന്നു എന്നു നിശ്ചയം. ജാതി സൂക്ഷിച്ചോളു.
എന്നും മറ്റും നമ്പൂതിരിമാർ ഘോഷിച്ചുതുടങ്ങി.
തിരുമുല്പാടും കണ്ടമന്മേനോനും എഴുത്തിലെ വിവരത്തെക്കുറിച്ചു് പറവാൻ രാമൻമേനോന്റെ മഠത്തിലേയ്ക്കു പോയി എന്നു പറഞ്ഞിട്ടുണ്ടല്ലോ. ഈ വർത്തമാനം രാമൻമേനോനെ അറിയിച്ച മുതൽ നടന്ന സംഗതികളുടെ സ്വഭാവം നോക്കുമ്പോൾ അതുകളെക്കുറിച്ചു് പറയുന്നതു് പ്രത്യേകം ഒരു അദ്ധ്യായത്തിൽത്തന്നെ വേണ്ടതാകയാൽ അതുകളെപ്പറ്റി പറവാൻ ഒമ്പതാം അദ്ധ്യായത്തിൽ ആരംഭിക്കാം.