താൾ:Sangkalpakaanthi.djvu/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എന്റെ ഗുരുനാഥൻ

നുകവും തോളത്തേന്തിക്കാളയ്ക്കുപിൻപേ പോകും
സുകൃതസ്വരൂപമേ, നിന്നെ ഞാൻ നമിക്കുന്നു.
പൊരിവെയ്ലിലീ നിന്റെയുഗ്രമാം തപസ്സല്ലേ
നിറയെക്കതിർക്കുല ചൂടിപ്പൂ നെൽപ്പാടത്തെ !
മണ്ണിൽനിന്നുയർത്തുന്നു നിൻദയാവാത്സല്യങ്ങൾ
കണ്ണഞ്ചും മരതകപ്പച്ചയിൽപ്പവിഴങ്ങൾ!
താവകത്യാഗം താലികെട്ടിക്കാതിരുന്നെങ്കിൽ
ഭൂവിലൈശ്വര്യം ചുമ്മാതിരുന്നു നരച്ചേനേ !
ഇന്നവൾ സുമംഗളയായിതാ, വനികളിൽ-
പൊന്നണിത്തരിവള കിലുക്കിക്കളിക്കുന്നു.
കുഞ്ഞാറ്റക്കിളികളെക്കൂടിയും കൂകിച്ചല്ലോ
നെഞ്ഞലിഞ്ഞുതിരും നിൻ കനിവിൻ നിശ്വാസങ്ങൾ!
തത്തകൾ പച്ചച്ചിറകടിച്ചു, പാടത്തുനി-
ന്നുത്തമഗുണങ്ങളെ നിതരാം കീർത്തിക്കുന്നു;
ചെണ്ടുകൾ നിൻമാനസം വിടുർത്തിക്കാണിക്കവേ
വണ്ടുകൾ മൂളുന്നിതാ നിന്നപദാനം മേന്മേൽ;
എന്നിട്ടും ലോകം മാത്രം കണ്ണടച്ചിരുന്നുകൊ-
ണ്ടിന്നിതാ, കഷ്ടം, നിന്നെ മർദ്ദിപ്പൂ ദയാഹീനം ;
നിർവ്യാജസ്നേഹത്തിന്റെ വെളിച്ചം വിതയ്ക്കുന്ന
ദിവ്യതാപസാ, നീയാണെന്നുമെൻ ഗുരുനാഥൻ.

-- മെയ്, 1937

"https://ml.wikisource.org/w/index.php?title=താൾ:Sangkalpakaanthi.djvu/58&oldid=169670" എന്ന താളിൽനിന്ന് ശേഖരിച്ചത്