Jump to content

താൾ:Sangkalpakaanthi.djvu/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വെറും സ്വപ്നം

പാരാകെ മന്ദമുണർന്നു-വിണ്ണിൽ
പാടലകാന്തി കിളർന്നു.
പാപാന്ധകാരമകന്നു-മന്നിൽ
പാവനപ്രേമം പരന്നു.
യാതനയെല്ലാമൊഴിഞ്ഞു-ലോകം
ഗീതാത്മകമായ്ക്കഴിഞ്ഞു.
ചിന്താഗ്നി കത്തിപ്പൊലിഞ്ഞു-ചിത്തം
മന്ദഹാസത്തിലലിഞ്ഞു.
ശശ്വൽപ്രണയവിചാരം-ചാർത്തി
വിശ്വസമാധാനഹാരം.
കേൾക്കുന്നതില്ല ശകാരം-ആരു-
മോർക്കുന്നതന്യോപകാരം!
എല്ലായിടത്തും വെളിച്ചം-കാണു-
ന്നുല്ലാസത്തിന്റെ തെളിച്ചം.
ഭദ്രമിക്കർമ്മപ്രപഞ്ചം-ഇതിൽ
യുദ്ധമെന്നില്ലൊരു ശബ്ദം.
എങ്ങുമൊരോങ്കാരഘോഷം-കേൾക്കാ-
മെന്തെന്തിതെന്തു വിശേഷം?
എന്തൊരു ഭാഗ്യപ്രഭാവം-ആർക്കു-
മെന്തൊരു സൗഹാർദ്ദഭാവം!
ജീവിതം ശോകാപ്തമല്ല-ഒരു
ജീവിയും നിസ്സാരമല്ല.
നാനാത്വം പാടേ മറന്നു-ലോക-
മേകമാം സത്തയിൽ നിന്നു.
ചിത്തങ്ങൾ തമ്മിൽപ്പുണർന്നു-ദിവ്യ-
സത്യസൗന്ദര്യം നുകർന്നു.
എല്ലാം സുഖത്തിൻമുകുരം-എങ്ങു-
മില്ല ദുഖത്തിൻതിമിരം

ക്ഷീണമനസ്സേ , വിചിത്രം-എന്നെ-
ക്കാണിച്ചതെന്തിനിച്ചിത്രം ?

"https://ml.wikisource.org/w/index.php?title=താൾ:Sangkalpakaanthi.djvu/56&oldid=169668" എന്ന താളിൽനിന്ന് ശേഖരിച്ചത്