താൾ:Sangkalpakaanthi.djvu/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിഴൽ

പൊയ്പോയകാലങ്ങൾ മാമകജീവിത-
സ്വപ്നലതികതൻ പല്ലവങ്ങൾ;
എന്തെല്ലാം നിങ്ങൾ പറഞ്ഞാലു,മുണ്ടവ-
യ്ക്കെന്തോ വിശേഷവശീകരത്വം.
അല്ലെങ്കി,ലെന്തിനാണെൻ മനമങ്ങോട്ടു
ചെല്ലുന്നതെത്ര വിലക്കിയിട്ടും?

ഈടാർന്ന രാഗം നടിച്ചരികത്തേക്കു
മാടിവിളിക്കുന്നു ഭാവിയെന്നെ.
എങ്കിലുമെന്തുകൊണ്ടാണാവോ, തെല്ലൊരു
ശങ്കയെനിക്കുണ്ടടുത്തു ചെല്ലാൻ.
ആയിരം ക്ലേശങ്ങൾ മുന്നിട്ടുനിന്നാലു-
മായവയോടൊക്കെ മല്ലടിക്കാം
പ്രേമനിശ്ശൂന്യത ചുറ്റും നിറഞ്ഞാലും
ധീ മയങ്ങാതെ ഞാൻ പാട്ടുപാടാം.
എന്മനസ്പന്ദനം നിന്നാല,തോർത്തിട്ട-
ന്നെന്നെക്കുറിച്ചാരും കേണിടേണ്ടാ !
എന്നന്ത്യവിശ്രമസ്ഥാനത്തിലാരുമൊ-
രെണ്ണവിളക്കും കൊളുത്തിടേണ്ടാ !
--ആനന്ദലോകമേ, നീയെന്തിനോർക്കണം
ഞാനാകും തുച്ഛദുസ്സ്വപ്നചിത്രം?

--മെയ്, 1934

"https://ml.wikisource.org/w/index.php?title=താൾ:Sangkalpakaanthi.djvu/55&oldid=169667" എന്ന താളിൽനിന്ന് ശേഖരിച്ചത്