താൾ:Sahithyavalokam 1947.pdf/211

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൦൪ ആധുനിക ഗദ്യസാഹിത്യം

തിന്മേൽ ഉരച്ചുനോക്കി അവയുടെ വില തിട്ടപ്പെടുത്തുന്ന ഒരു രീതിയാണ് ഇത്. വിധിയെഴുത്തുപോലോയുള്ള ഒരു നിരൂപണസമ്പ്രദായവുമുണ്ട്. ഒരു ന്യായാധിപൻ നിലവിലിരിക്കുന്ന നിയമങ്ങളേയും ചട്ടങ്ങളേയും ആധാരമാക്കി വിധി കൽപിക്കുന്നതുപോലെ, നിരൂപകൻ സർവ്വസമ്മതമെന്ന് താൻ വിശ്വസിക്കുന്ന ചില സാഹിത്യതത്ത്വങ്ങളെ പ്രമാണമാക്കി ഓരോ കൃതിക്കും വിലകൽപിക്കുന്നു. ഈ രീതിയാണ് ഇടക്കാലം വരെ കേരളത്തിലെന്നല്ല ഭാരതമൊട്ടുക്കും നടപ്പിലിരുന്നത്. നേരേമറിച്ചും നിരൂപകന് വിധിയെഴുതാൻ അവകാശമില്ലെന്നും ഓരോ കൃതിക്കും സ്വകീയമായ നിയമങ്ങളുണ്ടെന്നും അവയെന്താണെന്നു കണ്ടുപിടിക്കുകമാത്രമെ നിരൂപകൻ ചെയ്യേണ്ടതാട്ടുള്ളൂ എന്നും വേറൊരു പക്ഷവുമുണ്ട്. ലോകത്തിലുള്ള സാഹിത്യസമ്പത്തു മുഴുവനും ഒന്നായിക്കരുതി വിവിധഭാഷകളിലുള്ള കൃതികളേയും സാഹിത്യകാരന്മാരേയും താരതമ്യം ചെയ്തു കൃതാർത്ഥമാകുന്നതാണു മറ്റൊരുനിരൂപണസമ്പ്രദായം. ഇവയെല്ലാറ്റിനും പുറമെ കേവലം സൃഷ്ടിപരമായ ഒരുവക നിരൂപണവുമുണ്ട്. കവി പ്രകൃതിയേയോ മനുഷ്യസ്വഭാവത്തേയോ വിഷയമാക്കുന്നതുപോലെ, നിരൂപകൻ സാഹിത്യത്തെത്തന്നെ വിഷയമാക്കി ഗദ്യകവിതയെഴുതുന്നു. വാൾട്ടർ പേറ്റർ വർണ്ണിക്കുന്ന ഗുണങ്ങളെല്ലാം ലിയനാർഡോ ദാവിൻസിയുടെ Mona Lisa എന്ന ചിത്രത്തിലില്ലായിരിക്കാം. പക്ഷെ പേറററിന്റെ വർണന രസാത്മകമായ ഒരു ഗദ്യകവിതയാണ്. ഇങ്ങനെ പല നിരൂപണസമ്പ്രദായങ്ങളും ആംഗലസാഹിത്യത്തിലുണ്ടെങ്കിലും , നമ്മുടെ നിരൂപകന്മാർ ഇപ്പോഴും വിധിയെഴുത്തുകൊണ്ടുമാത്രം തൃപ്തിപ്പെട്ടിരിക്കുകയാണ്. ഓരോ സമ്പ്രദായത്തിനും ചില ദോഷങ്ങളുമുണ്ട്. നിരാക്ഷേപവും പ്രമാദരഹിതവും ശാശ്വതവുമായ ഒരു നിരൂപണസമ്പ്രദായം ആരും ഇതേവരെകണ്ടെത്തിയിട്ടില്ല.കഴിയുന്നത്ര ദോഷങ്ങൾ വർജ്ജിച്ച ഓരോ രീതിയും സന്ദർഭാനുസാരം പ്രയോഗിക്കുകയേ നിവൃത്തിയുള്ളു.തൽക്കാലം ഇത്രമാത്രം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/211&oldid=169065" എന്ന താളിൽനിന്ന് ശേഖരിച്ചത്