താൾ:Ramarajabahadoor.djvu/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ഷ്കരണം വൃദ്ധന്റെ ബുദ്ധിക്കുണ്ടായിട്ടുണ്ടെന്നുവരുകിലും പരീക്ഷിതന്റെ ബുദ്ധിപ്രഭാവത്തെ സൂക്ഷ്മാനം ചെയ്‌വാൻ വേണ്ടുവോളമുള്ള സംസ്കരണം അയാൾ സമ്പാദിച്ചിട്ടില്ലായിരുന്നു. വൃദ്ധന്റെ ഋഷഭസ്വരം കേട്ടപ്പോൾ അത്യുഗ്രമായ സ്മൃതിശക്തിയുള്ള കേശവപിള്ള പല സംവത്സരങ്ങൾക്കു മുമ്പു സ്വശ്രവണേന്ദ്രിയവിഷയമായിത്തീർന്നിട്ടുള്ള ഒരു ശബ്ദത്തെ സ്മരിച്ചു. തന്നെ വലയംചെയ്യുന്ന വിഷയങ്ങൾ ഒന്നുകൂടി കുടിലമാകുന്നു എന്നു ചിന്തിച്ച് അതിനോടു മല്ലിടാനും അദ്ദേഹം ഒരുമ്പെട്ടു. ഗുരുപദാർത്ഥങ്ങളുടെ ഭക്തികൊണ്ട് ഉണ്ടായിട്ടുള്ള ശരീരപുഷ്ടിയും പ്രവാസഫലമായുള്ള വർണ്ണഭേദവും എന്തോ പ്രപാതംകൊണ്ടുണ്ടായിട്ടുള്ള നാസാവൈരൂപ്യവും ശിരസ്സിന്റെ രോമശൂന്യതയും മീശവളർത്തി വട്ടത്താടിയാക്കിയിട്ടുള്ളതിന്റെ ജടിലതയും ചേർന്നിട്ടും അവ ആ സത്വത്തിന്റെ സൂക്ഷ്മതയെ മറയ്ക്കുന്നില്ല. സൗജന്യവാന്റെ ചാരുപുഞ്ചിരിയോടെ ദിവാൻജി വൃദ്ധനെക്കടാക്ഷിച്ചിട്ടു "പാരുങ്കൾ - മാമനാർ ശൊല്ലുകിറ രത്ത്നത്തരങ്കളെ മൊതെ മൊതെ എടുംകൾ" എന്ന് ആജ്ഞാപിച്ചു. വ്യാപാരികൾ തങ്ങളുടെ സങ്കടപരിഹാരത്തിനായി വീണ്ടും ഉച്ചശ്രുതിയിൽ അർത്ഥിച്ചു. വൃദ്ധൻ എടുത്തുനീട്ടിയ ഒരു വജ്രമോതിരം വാങ്ങി അതിനു തീർച്ചയാക്കിയ വിലകൊടുപ്പാൻ ആജ്ഞാപിച്ചിട്ട് കുഞ്ചൈക്കുട്ടിപ്പിള്ളയെ ആംഗ്യത്താൽ സഹഗാമിയാക്കി ദിവാൻജി തന്റെ സല്ക്കാരശാലയിലേക്കു തിരിച്ചു. സങ്കടപരിഹാരത്തിന്റെ അനവാപ്തിയിൽ വ്യാപാരികൾ രാജ്യാധികാരത്തെ പല ഭാഷകളിലും ഉച്ചൈസ്തരം ഭർത്സിച്ചു. പാശിശംഖമോതിരം, സ്ഫടികവളകൾ എന്നിവയാൽ സമ്മാനിതരായി കാഴ്ച കണ്ടു നിന്നിരുന്ന ബാലസംഘം ഭർത്സനത്തിന്റെ ശ്രുതിക്കൊത്തു കൂക്കുവിളി തുടങ്ങി. കുഞ്ചൈക്കുട്ടിപ്പിള്ള മടങ്ങിയെത്തി സംഘം ഉടനെ പിരിഞ്ഞുകൊള്ളേണ്ടതാണെന്ന് അവിടെ സഞ്ചയിച്ചു കൂടിക്കലാശം തുടങ്ങിയിരിക്കുന്ന മേളക്കാരിൽ ഓരോ വർഗ്ഗത്തോടും അവരവരുടെ ഭാഷയിൽ ആജ്ഞാപിച്ചിട്ട് അവരെ അന്നത്തെ തിരുവെഴുത്തുവിളംബരം എങ്ങനെ സംബന്ധിക്കുമെന്നുകൂടി അറിവുകൊടുത്തു. അങ്ങളുടെ ഭർത്സനങ്ങളെ കുറച്ചുകൂടി രൂക്ഷമാക്കിയും മുമ്പിലത്തെക്കാൾ ഉച്ചത്തിൽ ഉച്ചരിച്ചും സംഘക്കാർ പിരിഞ്ഞു. വൃദ്ധൻ അതോടുകൂടി സാവധാനത്തിൽ സ്ഥലസ്ഥിതികൾ സൂക്ഷിച്ചുനടന്നു. വടക്കേക്കോട്ട കഴിഞ്ഞപ്പോൾ ഒരു യാചകവേഷക്കാരൻ അയാളുടെ പുറകെ എത്തിയത് പക്ഷേ, യദൃച്ഛാസംഭവമായിരിക്കാം.

ഉണ്ണിത്താന്റെ പാർശ്വവർത്തികൾ അദ്ദേഹത്തിന്റെ യാത്ര മുടക്കാൻ ഇനിയും പ്രയത്നങ്ങൾ ചെയ്യുമെന്ന് ദിവാൻജി ചിന്തിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഭണ്ഡാരകാര്യങ്ങൾ ദിവാൻജിയാൽ നിയുക്തനായ മറ്റൊരുദ്യോഗസ്ഥനെ ഏല്പിച്ചിട്ട് താൻ ഉത്തരദേശങ്ങളിലേക്കുള്ള പ്രയാണം ആരംഭിച്ചിരിക്കുന്നു എന്ന് ഉണ്ണിത്താൻ എഴുതിയ ലേഖനം ദിവാൻജിയുടെ കൈയിലെത്തി. എന്നാൽ, ആ നിരുദ്ധശ്രമൻ ദിവാൻജി അനു

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/99&oldid=168362" എന്ന താളിൽനിന്ന് ശേഖരിച്ചത്