Jump to content

താൾ:Ramarajabahadoor.djvu/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഷ്ഠിച്ച കൗശലത്തിനു പ്രതിക്രിയയായി ഭാര്യാപുത്രിമാരെ വേർപെടുത്തി മീനാക്ഷിഅമ്മയെ ചിലമ്പിനഴിയത്തേക്കും സാവിത്രിയെ കൊട്ടാരക്കരയുള്ള കിഴക്കേ നന്തിയത്തു ഭവനത്തിലേക്കും അയച്ചിരിക്കുന്നു എന്നു ലേഖനവാഹകനിൽനിന്ന് ദിവാൻജി ഗ്രഹിച്ചു. സാവിത്രിയുടെ രക്ഷയ്ക്കു കരണീയമായുള്ള കൃത്യത്തെ അദ്ദേഹം ഉടനടി അനുഷ്ഠിക്കുകയും ചെയ്തു.

വിളക്കുവച്ചുകഴിഞ്ഞപ്പോൾ ഇട്ടുണ്യാദി നാമക്കാരനായ കാര്യക്കാർ ദിവാൻ‌ജിയുടെ സല്ക്കാരശാലയിൽ അനുമതിവാങ്ങി പ്രവേശിച്ചു. രാജകുടുംബാംഗങ്ങളുടെയോ തുല്യസ്ഥാനീയന്മാരുടെയോ ദർശനത്താലല്ലാതെ ഉത്ഥിതനാകാത്ത ദിവാൻ‌ജി തന്റെ തട്ടുപടിയിൽനിന്നു ഗൗരവസ്മേരത്തോടെ എഴുന്നേറ്റുനിന്നു. ആ മഹാനുഭാവനെ അന്ന് ആദ്യമായി അഭിമുഖനായിക്കണ്ട കാര്യക്കാർ ആ മന്ത്രിയുടെ സൂക്ഷ്മദർശനത്തെ അഭിമാനിച്ചു പരോക്ഷജ്ഞാനത്താൽ സർവഥാ പരാജയമേ ഗതി എന്നു മനസാ സമർത്ഥിച്ചു. എങ്കിലും പരീക്ഷാശ്രമങ്ങൾ കൈവിടുന്നതു് അപൗരുഷമെന്നു ചിന്തിച്ച് അദ്ദേഹം ദാസവിനയത്തെ അഭിനയിച്ച് അജിതസിംഹരാജാവു പരിഗ്രഹിപ്പാൻ നിശ്ചയിച്ചിരിക്കുന്ന ബാലികയുടെ അച്ഛനെ ദുർമ്മത്സരത്താൽ തിരുവനന്തപുരത്തുനിന്ന് അകറ്റിയിരിക്കുന്ന വസ്തുതയെ ആ രാജസിംഹൻ മഹാരാജാവിനെ ധരിപ്പിക്കുവാൻ നിശ്ചയിച്ചിരിക്കുന്നു എന്നു പറഞ്ഞു.

ദിവാൻജി: "ആരെ ധരിപ്പിക്കും?"

ഇട്ടുണ്ണി: "മഹാരാജാവിങ്കൽ."

ദിവാൻജി: "മഹാരാജാവിങ്കലോ? തിരുവിതാംകൂർ രാജ്യത്തിനകത്തു നിൽക്കുന്നു എന്ന് ഓർമ്മിച്ചും നല്ലപോലെ ആലോചിച്ചും പറയുക."

ഇട്ടുണ്ണി: "അരുളിച്ചെയ്തത് ഇവിടെ ധരിപ്പിച്ചു."

ദിവാൻജി: "ഇപ്പോൾ എന്റെ മുമ്പിൽ ധരിപ്പിക്കുന്നത് അവി- താൻ തന്നെയല്ലേ?"

ഇട്ടുണ്ണി: (ഒന്നു കുലുങ്ങി) "തിരുമുമ്പിൽ അറിയിക്കും എന്നാണ് അരുളപ്പാട്."

ദിവാൻജി: "എന്നാൽ, ആ അജിതസിംഹൻ പറയുകയില്ലേ- 'കേശവൻ' 'കേശവൻ' എന്ന്- അവൻ പറഞ്ഞതായിട്ടു ചെന്നു പറയണം വല്യകൊട്ടാരത്തിലോട്ടു കടന്നാൽ ആ കാൽ പിന്നെ ഉപയോഗപ്പെടുകയില്ലെന്ന്."

ഇട്ടുണ്ണി: "എന്താ ഈ പറയുന്നതിന്റെ സാരം?"

ദിവാൻജി: "തിരുമനസ്സിലെ തലസ്ഥാനത്തുവച്ച് ഒരു കലാപവും ഉണ്ടാകാൻ ഞാൻ സമ്മതിക്കയില്ല. അപഖ്യാതിയുണ്ടായിട്ടും അതു ഞാൻ നല്ലപോലെ സൂക്ഷിച്ചു പ്രവർത്തിച്ചുവരികയാണ്. ഈ നയം അറിഞ്ഞുകൂടാത്ത ആളല്ലല്ലോ കാര്യക്കാർ? അതുകൊണ്ട് ഉടനെ നടന്നുകൊള്ളുകയാണ് അവിടേക്ക് ചേരുന്നത്."

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/100&oldid=167929" എന്ന താളിൽനിന്ന് ശേഖരിച്ചത്