ആ സാവിത്രിയുടെ ഇഷ്ടമല്ലേ ഇവിടുന്നു നോക്കുന്നുള്ളു? ഈ തരം നോക്കി എന്നെ അങ്ങോട്ട് ഓടിക്കുന്നത് എന്തു കൃത്രിമം."
ദിവാൻജി: "നെടുനാളത്തെ ബന്ധത്തെയും ഈശ്വരനെയും ഞാൻ ആദരിക്കുന്നോ എന്നു കുറച്ചു കാലം ചെല്ലുമ്പോൾ അറിയാം. തന്നെത്തന്നെയും വിശ്വാസമില്ലാത്ത ആളുകളോടു ഞാൻ എന്തു പറയും?"
'തന്നെ' എന്നു പ്രയോഗിക്കപ്പെട്ട പദം ഭാര്യയെ ഉദ്ദേശിച്ചാണെന്ന് ആ താർക്കികൻ വ്യാഖ്യാനിച്ച് അദ്ദേഹത്തിന്റെ കോപപരിഹാസം മൂർച്ഛയിലായി. "ഹോഗ്യം! ആദിമുതല്ക്കുള്ള വിശ്വാസസ്ഥിതി എനിക്ക് അറിയാം. ശുദ്ധഗതിക്കാരനെന്നുവച്ചു നെഞ്ചിൽത്തന്നെ ഏണി ചാരി തലയിൽ കയറുവാൻ നോക്കരുത്. രാമരാവണന്മാർ പിണങ്ങി. ജയിച്ചതു രണ്ടക്ഷരക്കാരൻ."
ദിവാൻജി: "നമ്മെ രക്ഷിക്കുന്ന ഇന്നത്തെ രണ്ടക്ഷരക്കാരനും ജയിക്കട്ടെ. അതിനു ശക്തിക്കൊത്തു സഹായിക്കുക."
ഉണ്ണിത്താൻ: "സ്ഥാനം മറന്നു പ്രതികടം പറയരുത്."
ദിവാൻജി: (മുഖഭാവം ഒന്നു മാറി ഉണ്ണിത്താനോടു നേരെ അഭിമുഖനായി തിരിഞ്ഞുനിന്ന്) "സ്ഥാനം മറന്നോ, കാര്യക്കാരേ? അതു മറന്നു സംസാരിച്ചാൽ ആർക്കും ആപത്തുണ്ട്."
ഉണ്ണിത്താൻ: "അങ്ങേക്കണ്ടന്നുമുതൽക്കേ ആപത്ത് ഇവനേ ചുറ്റിക്കഴിഞ്ഞു. ഭഗവാനേ! കലികാലശക്തി ഇത്ര മുഴത്തുപോകുന്നല്ലോ. ഈ കാര്യം പിടാത്ത എനിക്കു വേണ്ടെന്നുവച്ചാലോ?"
ദിവാൻജി: "ഇന്നത്തെ തിരുവെഴുത്തുവിളംബരം കണ്ടില്ലെന്നുണ്ടോ? ശത്രുവിനെ എതിർക്കുന്നതിനു കുടികൾ സഹായിക്കണമെന്നുള്ള കല്പന അങ്ങെയും സംബന്ധിക്കും."
ഉണ്ണിത്താൻ: "എനിക്ക് ഒന്നും കഴികയില്ല. വാനപ്രസ്ഥം എന്നൊരാശ്രമമുണ്ട്."
ദിവാൻജി: "അതെന്നാൽ പണ്ടേപ്പോലെ മരുത്വാൻമലയിലാക്കിക്കളയാം. ആ സ്ഥലം ഇന്നും ഒഴിഞ്ഞുകിടക്കുന്നു. ഉണ്ണിത്താന്റെ നിലയുടെ സൂക്ഷ്മം ഉണ്ണിത്താൻതന്നെ അറിയുന്നില്ല. രാജദ്രോഹത്തിനു ശിക്ഷ തലവീശലാണ്. ഇന്ന് ആ കുറ്റത്തിന് ആരെങ്കിലും പാത്രമാണെങ്കിൽ അതു ശേഷം ഞാൻ പറയുന്നില്ല."
ഉണ്ണിത്താൻ: "എന്റെജമാന്നെ! ഒന്നും ഉത്തരവാകണ്ട. ദാക്ഷിണ്യവും വേണ്ട. മരുന്നുകോട്ടയെക്കാൾ രണ്ടാമതു പറഞ്ഞ ശിക്ഷതന്നെ ആകട്ടെ. അവിടുത്തെ അഭിലാഷങ്ങൾ സ്വൈര്യമായി സാധിക്കും." (രോദനസ്വരത്തിൽ) "ഇവന് ഇങ്ങനെ കണ്ടും കേട്ടും കഴിയുന്നതിനേക്കാൾ ചാവുന്നതുതന്നെയാണു സ്വർഗ്ഗതി. ബൗദ്ധന്മാരുടെ ആക്രമണം മൂക്കുന്നത് അങ്ങയുടെ കാല് ഈ പുണ്യഭൂമിയിൽ വച്ചതിൽപ്പിന്നെയാണ്."
ദിവാൻജി: "രണ്ടു പേരുടെ കാലും ഒരേ കാലത്തുതന്നെ ഇങ്ങോട്ടുവച്ചു എന്നാണെന്റെ ഓർമ്മ."