Jump to content

താൾ:Ramarajabahadoor.djvu/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉണ്ണിത്താൻ: "എന്റെ കാലുകൊണ്ട് ഒരു സ്ഥലവും അശുദ്ധമാവാനില്ല."

ദിവാൻജി: "ഭരിച്ചും അനുഭവിച്ചും കുബേരത്വമാളുന്ന മുതലുകൊണ്ടോ? മറ്റുള്ളവരുടെ ഗൃഹഗ്രന്ഥവരി അങ്ങേ കൈയിലാണെന്നു നടിക്കേണ്ട. ഇവന്റെ സംഗതിയിൽ പൂർവ്വം എന്തെന്നു കാട്ടുവാൻ രേഖയൊന്നും കാണുകയില്ലായിരിക്കാം. അങ്ങേ ഐശ്വര്യത്തിന്റെ അസ്തിവാരം - ആയ്, ഞാനും നിലമറന്നു സംസാരിച്ചുപോകുന്നു." സാവധാനത്തിൽ നീങ്ങി തന്റെ ആസനത്തെ അവലംബിച്ചുകൊണ്ട് ദിവാൻജി തന്റെ എഴുത്തുപെട്ടിയോടെന്നപോലെ ഒരു ചോദ്യം ചെയ്തു: "ഇന്നു വൈകുന്നേരത്തിനു മുമ്പുതന്നെ തിരിക്കുന്നോ? ചെറുപ്പത്തിലെ സൗന്ദര്യപ്പിണക്കത്തിനുള്ള സന്ദർഭം ഇതല്ല. കല്പന അനുസരിച്ചു നടക്കുന്നോ? നടത്തിക്കേണ്ടതു നാം"

ഉണ്ണിത്താൻ: (ദീർഘശ്വാസത്തോടെ) "ആ തിരുനാമം ഉപയോഗിക്കുമ്പോൾ ഞാൻ എന്തു പറയും? അങ്ങയുടെ ഇഷ്ടം നടക്കട്ടെ. എന്നാൽ അങ്ങല്ലാ ബ്രഹ്മാവ്; അങ്ങയുടെ പടവാളിനെ പേടിക്കേണ്ടതു ദ്രോഹികൾ മാത്രമാണ്. തോല്പിച്ചുകളഞ്ഞു എന്നു സന്തോഷിച്ചു മദിക്കേണ്ട. ഞാൻ ഭാണ്ഡം കെട്ടിക്കഴിഞ്ഞു. ഈ ഭീഷണി കേട്ടിട്ടല്ല. തൃപ്പാദം സ്വരാജ്യലക്ഷ്മി എന്നു കരുതുവാൻ ഞാനും പഠിച്ചിട്ടുണ്ട്. ആ പഠിപ്പിനു വേരുറപ്പു കൂടുകയും ചെയ്യും." (തള്ളിപ്പെരുകുന്ന ദുഃഖം അടക്കാൻ പല്ലു ഞെരിച്ചുകൊണ്ടും ഗദ്ഗദത്തോടും) "വല്ലവരും കരയുന്നെങ്കിൽ കരയിക്കുന്നതു ഞാനല്ല. കൊല്ലുക. എല്ലാം ആധിപിടിച്ചു ചത്തുനശിച്ചുപോകട്ടെ. ആർക്കു ചേതം?" ഇങ്ങനെ അതിക്ഷീണനായി പ്രലപിച്ചുകൊണ്ടു ഭൂസൃഷ്ടിയിൽ ചേർന്നുള്ള ഒരംഗംപോലെ അല്പനേരം നിന്നിട്ട് ഉണ്ണിത്താൻ നടകൊണ്ടു. ദിവാൻജിയുടെ ശരീരം ഉപധാനത്തിലേക്കു ചാഞ്ഞ് അദ്ദേഹം ചില ദീർഘശ്വാസങ്ങൾ മുക്തമാക്കി.

മന്ത്രിപീഠങ്ങൾ കുസുമാസ്തരണമായുള്ള മോഹനതല്പങ്ങളാണെന്നു സാമാന്യലോകം വിഭ്രമിക്കുന്നു. എന്നാൽ, ആ സ്ഥാനപ്രതിഷ്ഠിതന്മാരുടെ അനുഭവം അവ കണ്ടകനിബിഡമായുള്ള ഖരപ്രദേശങ്ങളത്രേ എന്നാണ്. പ്രകൃതിയുടെ അനിവാര്യങ്ങളായ ഗതിവിഗതികൾക്കും ശീതോഷ്ണാവസ്ഥകളുടെ പ്ലവംഗത്വങ്ങൾക്കും നിയുക്തവക്ത്രനായുള്ള ജനതാസത്വം ആ സ്ഥാനവാഹകന്മാരെത്തന്നെ ഉത്തരവാദികളാക്കുന്നു. ശ്രീഹർഷന്റെ മനോധർമ്മത്തിനും അഗോചരമായുള്ള ദ്വൈധവികല്പങ്ങൾ നേരിട്ട് അവരെ പരമാധികാരിയും ബഹുജനതയും ചേർന്നുള്ള അഷ്ടമിരോഹിണീവിഹാരത്തിലെ ശിക്യമാക്കിത്തീർക്കുന്നു. ഈ പരമാർത്ഥത്തിലെ ശല്യത അതിരൂക്ഷതയോടെ അനുഭാവ്യമാകുന്നുതു രാഷ്ട്രമത്സരങ്ങൾ മൂർച്ഛിച്ചു സമരകലാപത്തിൽ കലാശിക്കുമ്പോഴാണ്.

ദിവാൻ കേശവപിള്ളയുടെ ദിഷ്ടമാഹാത്മ്യം തന്മയത്വത്തോടെ ഗ്രഹിക്കണമെങ്കിൽ ഈ തത്ത്വങ്ങളുടെ സൂക്ഷ്മസ്മരണയോടുകൂടി

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/97&oldid=168360" എന്ന താളിൽനിന്ന് ശേഖരിച്ചത്