ത്താനെ അടുത്ത അരുണോദയത്തിൽ ശയ്യാമഞ്ചത്തിൽനിന്ന് ഉണർത്തിയ വൈതാളികൻ ദിവാൻജിയുടെ പിടിപാടായ സങ്കീർത്തനം വഹിച്ചുള്ള ഒരു ശംഖുമുദ്രാധാരി ആയിരുന്നു. രാജാജ്ഞയുടെ പ്രതീക്ഷണത്തിൽ രണ്ടാം ചിന്തയ്ക്കുപോലും ഒരുങ്ങാതെ മധുരാപുരധ്വംസനത്തിന് ജരാസന്ധൻ എന്നപോലെ ഉണ്ണിത്താൻ തിരുവനന്തപുരത്തേക്കു മടങ്ങി. മദ്ധ്യാഹ്നത്തോടടുത്ത സമയം, പുലിയിക്കുറിച്ചി എന്ന ദുർഗ്ഗപ്രാകാരത്തിൽനിന്നു വടക്കൻകോട്ടകളിലേക്കു മാറ്റുന്നതിനായി തിരുവനന്തപുരത്തേക്കു നീക്കപ്പെട്ടിരുന്ന ചില പീരങ്കികളെ പരിശോധിക്കുന്ന ശ്രമത്തിൽ ദിവാൻജി ഏർപ്പെട്ടിരിക്കുമ്പോൾ കോപവീര്യശോണതയോടെ ഉണ്ണിത്താൻ എത്തി. സാമാന്യേന സാവധാനഗതിയായുള്ള ഉണ്ണിത്താന്റെ ദ്രുതതരഗതി കണ്ടപ്പോൾത്തന്നെ ദിവാൻജി ഉടനെ നടക്കുന്ന സംഭാഷണത്തിനു ശ്രോതാക്കളുണ്ടാകേണ്ട എന്നു തീർച്ചയാക്കി സ്വമന്ദിരത്തിലേക്കു മടങ്ങി. ശിവപുരാണകഥയിലെ നായകനായുള്ള മിത്രസഹനെത്തുടർന്ന ബ്രഹ്മരക്ഷസ്സിനെപ്പോലെ ഉണ്ണിത്താൻ ദിവാൻജിയുടെ പുറകെ സല്ക്കാരശാലയിലെത്തി. സാക്ഷാൽ വിശ്വാമിത്രവസിഷ്ഠന്മാരെന്നപോലെതന്നെ ഇവർ അഭിമുഖന്മാരായി നിന്നു. 'ജനനംമുതൽ ചതിയറിയാ'ത്ത് കൂട്ടത്തിൽ അവതീർണ്ണനെന്നപോലുള്ള സ്വാത്മാഭിമാനത്തോടെ കാലക്ഷേപവിദ്യയായി കൗശല്യകൗടില്യങ്ങളെ വരിച്ച് ഔൽകൃഷ്ട്യം സമ്പാദിച്ചു മുന്നിലകൊണ്ടിരിക്കുന്ന ദിവാൻജിയുടെ മുമ്പിൽ ഉണ്ണിത്താൻ നിന്നുകൊണ്ടു തന്റെ ഹൃദയപാരുഷ്യത്തെ വിസ്രവിപ്പിച്ചു. "ഇതെന്തു വിദ്യയാണ്? തോന്നിയതുപോലെ പ്രവർത്തിപ്പാനാണോ? അങ്ങേ ഈ വലിയ സ്ഥാനത്ത് തിരുമനസ്സുകൊണ്ട് പ്രതിഷ്ഠിച്ചിരിക്കുന്നത്? കീഴിലുള്ളവരുടെ ക്ഷേമവും സൗകര്യങ്ങളും തിരുമേനിക്കു വേണ്ട അങ്ങല്ലേ പര്യാലോചിച്ചു പ്രവർത്തിക്കേണ്ടത്? എല്ലാ കാര്യങ്ങൾക്കും ഞങ്ങൾ തൃപ്പാദങ്ങളിൽ കരയണമെന്നു വന്നാൽ ഈ ചെന്നതും ചെലവും വച്ച് അങ്ങേ വാഴിച്ചിരിക്കുന്നതെന്തിന്?"
ദിവാൻജി: "അങ്ങ് തൃപ്പാദഭക്തൻ, വിശ്വസ്തൻ, ഉദാരശീലൻ, സത്യവാൻ, ജനസമ്മതൻ എന്നെല്ലാം കല്പിച്ചുകണ്ടിരിക്കുന്നതു തെറ്റിയെങ്കിൽ ചെന്നു സങ്കടം അറിയിച്ചുകൊള്ളാം. എന്നെ വാഴിച്ചതു പിഴയെങ്കിൽ അതും നിങ്ങളെപ്പോലുള്ള പ്രമാണികൾവഴി തിരുമനസ്സറിയേണ്ടതുതന്നെ."
ഉണ്ണിത്താൻ: "ഈ കഴുത്തിനു ചുറ്റും നാക്കുള്ളവരോടു ഞാൻ വാദിപ്പാൻ ആളല്ല."
ദിവാൻജി: "മിടുക്കൻ താർക്കികനെന്നു തിരുമനസ്സുകൊണ്ടുതന്നെ അഭിമാനിക്കുന്നത് അങ്ങേയാണല്ലോ."
ഉണ്ണിത്താൻ: "അതു പഠിക്കുവാൻ ചെന്നു ചാടിയ ഗൃഹപ്പിഴകൊണ്ടാണല്ലോ അങ്ങ് തലയിൽ കയറുന്നത്. നെടുനാളത്തെ ബന്ധവും ഈശ്വരനെന്നതും മറന്ന് അങ്ങു ദ്രോഹിച്ചു. അതു ക്ഷമിച്ചിട്ടും ഇപ്പോഴും