താൾ:Ramarajabahadoor.djvu/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആയുസ്സു സൂക്ഷിക്കുന്നവർ ഭർത്താവാകണം. ആ കുതിരബ്ഭക്ഷിപടയ്ക്കു മുമ്പിൽ ചാടി ഉണ്ടകൾ ഏൾക്കും. ബബ്‌ലാശേരിത്തിരുമേനി ആയാൽ പിന്നണിയിൽ കണ്ടും കേട്ടും നിന്നു ഭരിച്ച് ഇങ്ങു തിരിച്ചെത്തും. ഇതെല്ലാം ആലോചിച്ചാണ് അച്ഛൻ ഏർപ്പാടുചെയ്യുന്നത്."

സാവിത്രി: "അയ്യ! അങ്ങനത്തെ ഭീരു അമ്മാവനിരിക്കട്ടെ."

ദിവാൻജി: "അല്ലാ വിഷമമായി! ഞാൻ ഇനി പെൺവേഷംകെട്ടി ആ ബബ്ലുവിന്റെ വല്ലടത്തെയും അരമനയിൽ പാർക്കണമെന്നോ!"

സാവിത്രി: (വ്യസനസമേതം) "അമ്മാവൻ രക്ഷിച്ചില്ലെങ്കിൽ-"

ദിവാൻജി: "അച്ഛനും ഞാനും വലിയ ഇഷ്ടന്മാരാണ്, മിണ്ടരുതേ. അദ്ദേഹം ഒന്നു തീർച്ചപ്പെടുത്തിയതിനെ ഞാൻ തടസ്സം ചെയ്താൽ ലോകർ എന്നെ ആഭാസനെന്നു പഴിക്കും."

സാവിത്രി: (കണ്ണുനീർപൊഴിച്ചുംകൊണ്ട്) "അമ്മയെയും അച്ഛൻ കൊല്ലാൻ തുടങ്ങുന്നല്ലോ."

ഈ വാക്കുകൾ കേട്ടപ്പോൾ ദിവാൻജിയുടെ ശരീരം വിറച്ചു. കന്യകയോടുള്ള കളിവാക്കുകൾ അവസാനിപ്പിക്കേണ്ട ഘട്ടം എത്തിയിരിക്കുന്നു എന്നു കണ്ട് അദ്ദേഹം അവളുടെ ശിരസ്സിനെ മൃദുവായി തലോടി. അവളുടെ കൈകളെ പിടിച്ചുംകൊണ്ടു വീണ്ടും പറഞ്ഞു: "അച്ഛനും അമ്മയ്ക്കും മകൾക്കും ഒരുപോലെ ഭ്രാന്തുപിടിക്കുമ്പോൾ അമ്മാവൻ എന്തു ചെയ്യും? എങ്കിലും ഈ അമ്മാവൻ ജീവിച്ചിരിക്കുമ്പോൾ പടത്തലവൻ പോറ്റിയുടെ സാവിത്രിക്കുട്ടിക്ക് ഒന്നും പേടിക്കാനില്ല. ഇങ്ങനെ പറഞ്ഞുവെന്ന് അമ്മയോടു പറയേണ്ട. എന്നാൽ, ഇതിനു പകരം പടയിൽ ജയിച്ചുവരുമ്പോൾ നമ്മുടെ വീരശങ്ങലക്കാരനെ ഞാൻ അങ്ങോട്ടു കൊണ്ടുവരും. അന്നു പുറപ്പെട്ടുപോകാൻ തുടങ്ങിയാൽ, കൊച്ചനന്തിരവളുടെ മൂക്കു മുഴുവനേ പോക്കാണ്."

സാവിത്രി: "എനിക്കാരും വേണ്ട" എന്നു പതുക്കെ പറഞ്ഞു എങ്കിലും അവളുടെ കൈകളും മുഖവും ആനന്ദപുളകത്താൽ ചലിക്കുന്നത് അദ്ദേഹത്തിനു കാണ്മാൻപോലും കഴിഞ്ഞു. "ശരി! ആരും വേണ്ടെങ്കിൽ നമുക്കു സന്യസിച്ചുകളയാം. പക്ഷേ ത്രിവിക്രമൻ അതിൽ ചേരൂല്ല. അതുകൊണ്ടു, വടക്കും തെക്കും നല്ല ചില ഉർവശിക്കുഞ്ഞുങ്ങൾ ഉണ്ട്. അവരിലൊന്നിനെ-"

സാവിത്രി ഉഗ്രമായി പരിഭവിച്ചു യാത്രയാവാൻ തുടങ്ങി. ദിവാൻ ആ കന്യകയെ പിടിച്ചുനിറുത്തിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: "പിന്നെ-ഇവിടെ വന്നതും പോയതും അച്ഛൻ അറിയുമ്പോൾ വാളെടുക്കും. അപ്പോൾ യുദ്ധത്തിനു പോകുന്നതുകൊണ്ട് അമ്മാവൻ ഒന്നു കാണാൻ ആവശ്യപ്പെട്ടു എന്നു പറഞ്ഞു നില്ക്കാൻ നോക്കിക്കൊള്ളണം. ശേഷമെല്ലാം അമ്മാവൻ ഏറ്റു. എന്നുവച്ചാൽ, നമ്മുടെ പട്ടാണിക്കൊച്ചേട്ടനും അവന്റെ കുതിരസ്സവരരിക്കാരിയും വേണ്ട കരാറുകൾ ചെയ്തുകഴിഞ്ഞു എങ്കിൽ"

കന്യക വീണ്ടു മുഖം തിരിച്ചുനിന്നു. വിനോദസംഭാഷണങ്ങൾ നിറുത്തിയും കന്യകയുടെ കരങ്ങൾ വീണ്ടും പിടിച്ചുകൊണ്ടും അദ്ദേഹം ആ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/91&oldid=168354" എന്ന താളിൽനിന്ന് ശേഖരിച്ചത്