Jump to content

താൾ:Ramarajabahadoor.djvu/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കുലീനകുമാരിക്കു പല ഉപദേശങ്ങൾ ചെയ്തിട്ട് തന്റെ മേനാവുതന്നെ വരുത്തി ആ വാഹനത്തിൽ കയറ്റി, അവളെ യാത്രയാക്കി. ധീരോദാത്തമതികളിൽനിന്നുണ്ടാകുന്ന പ്രതിജ്ഞകൾ ഏകപദപ്രയോഗത്താൽ മാത്രം ദത്തമായി എന്നിരുന്നാലും അതുകൾ ഹരിശ്ചന്ദ്രസത്യംപോലെ നിവർത്തിതമാകും എന്നു പ്രഭുജീവിതപന്ഥാക്കളിൽ അനുശാസിതയായിരുന്ന ആ ബുദ്ധിമതി ധരിച്ചിരുന്നു. അതിനാൽ ആപത്തുകൾ എല്ലാം നിവർത്തിച്ചു എന്നുള്ള ധൈര്യത്തോടെതന്നെ അവൾ ഗൃഹത്തിലേക്കു മടങ്ങി.

ദിവാൻജിയുടെ ചിന്തകൾ ഇരുപത്തൊന്നു കൊല്ലത്തിനു മുമ്പുള്ള ചില ചിത്താവസ്ഥകളിലേക്കു മടങ്ങുവാൻ ആരംഭിച്ചു. ചുറ്റും കാത്തുനില്ക്കുന്ന ഭടന്മാരുടെ ആയുധങ്ങൾ അങ്ങും ഇങ്ങും സംഘടിച്ചു പുറപ്പെട്ട ശബ്ദങ്ങളും റോന്തുചുറ്റി സഞ്ചരിക്കുന്നവരുടെ ആഹ്വാനങ്ങളും ദൂരത്തുനിന്നു കേട്ടുതുടങ്ങിയ ഖുരനിപാതശബ്ദവും അദ്ദേഹത്തെ വിഭ്രമസ്ഥിതിയിലാക്കാൻ തുടങ്ങിയ വിചാരത്തിൽനിന്നു വിരമിപ്പിച്ചു. അത്യാപത്തിന്മേലോ അത്യാവശ്യംനിമിത്തമോ പായിക്കപ്പെടുന്ന ഒരു അശ്വത്തിന്റെ കുളമ്പുശബ്ദം അടുത്തടുത്തു കേട്ടു, പ്രവേശനദ്വാരത്ത് എത്തിയപ്പോൾ നിലച്ചു. നിഷ്കൃപമായി ഓടിച്ച അശ്വം മജ്ജയും വിയർപ്പും പതിപ്പിച്ചുകൊണ്ടു ആനക്കൊട്ടിലിൽനിന്ന് ശ്വാസോച്ഛ്വാസവേഗത്താൽ ആഞ്ഞുതുടങ്ങി. ദ്വാസ്ഥഭടന്മാരിൽ ഒരുവൻ അശ്വാരൂഢനിൽനിന്നു കടിഞ്ഞാൺ ഏറ്റുകൊള്ളുന്നു. മറ്റുള്ള ഭടജനം ഉപചാരപൂർവം വിലകിനില്ക്കുന്നു. ഒരു യോഗിവേഷത്തിന്റെ പുറപ്പാടു കാണുകയാൽ, സല്ക്കാരശാലയുടെ വാതുക്കലോട്ടു നീങ്ങി, ദിവാൻ ആ കാഷായവസ്ത്രകവചിതനെ സഹർഷം പുണരുന്നു. സൗഹൃദത്തിന്റെ സമുൽക്കൃഷ്ടതയാലുള്ള ആലിംഗനംകൊണ്ടുതന്നെ, ചാരപ്രധാനനായ കുഞ്ചൈക്കുട്ടിപ്പിള്ള സൽകൃതനായി. എങ്കിലും മന്ത്രശാലയ്ക്കകത്തോട്ടു രണ്ടുപേരും കടന്നപ്പോൾ, സേനാനിയമത്താൽ ബദ്ധന്മാരെന്നപോലെ രണ്ടുപേരും പിരിഞ്ഞു, നായകന്റെ നിലയിൽ ദിവാൻജിയും ഭടന്റെ നിലയിൽ യജമാനന്റെ മുഖത്തു നോക്കാതെ കാര്യക്കാരും നിലകൊണ്ടു.

ദിവാൻജി: "ഏതു വഴി?"

കുഞ്ചൈക്കുട്ടിപ്പിള്ള: "വടക്കൻതന്നെ"

ദിവാൻജി: "ആൾ തിട്ടം?"

കുഞ്ചൈക്കുട്ടിപ്പിള്ള: "മദകരി നാല്പത്തേഴ്, ഒട്ടകം അറുപത്തൊമ്പത്, പീരങ്കി അമ്പത്താറ്, കുതിരപ്പട നാലായിരം, ശില്ലദാർ മുപ്പതിനായിരം, തുറുപ്പുകാർ മുപ്പത്തയ്യായിരം, പല ആയുധക്കാർ അറുപതിനായിരം ഇത്രയും ഉള്ളതിൽ മൂന്നിൽ രണ്ടു ഭാഗം"

ദിവാൻജി: "കൂടെ?"

കുഞ്ചൈക്കുട്ടിപ്പിള്ള: "സേനാനായകൻ കമ്മറുഡീൻസാ, ഉപസേനാനായകൻ സയ്യഡ്ഗാഫർ, മൂന്നാമൻ ഫക്കിരുദീൻ ഖജാനിപൂർണ്ണയ്യ രാജകുമാരൻ ഫട്ടീഹൈഡർ."

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/92&oldid=168355" എന്ന താളിൽനിന്ന് ശേഖരിച്ചത്