താൾ:Ramarajabahadoor.djvu/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സാവിത്രി: "അതെങ്ങനെ അമ്മാവാ? കളിപ്പിക്കാൻ കള്ളക്കഥകൾ പറയരുത്."

ദിവാൻജി: (പൂർവ്വരാത്രിയിലെ സംഭവങ്ങളിൽ ഉണ്ണിത്താൻ പങ്കുകൊണ്ടത് അധികൃതന്മാരുടെ അന്വേഷണത്തിനു പാത്രമായിത്തീർന്നിരിക്കുന്ന വസ്തുത പുറത്തുവിടാതെ) "ഇതേ, അമ്മാവന് ആരോടും വഴക്കിനുനില്പാൻ ഇപ്പോൾ തരമില്ല. വിശേഷിച്ചും, ടിപ്പു ഇങ്ങോട്ടു വരുമ്പോൾ കുട്ടിസ്സാവിത്രികൾ അടങ്ങി ഒതുങ്ങി പാർക്കണം. ആ സുൽത്താൻ കാലത്തു പന്ത്രണ്ടും വയ്യിട്ടു പന്ത്രണ്ടും വീതം കൊച്ചുമ്മാകളെ കശാപ്പുചെയ്തു ശാപ്പിടും. അതുകൊണ്ട് വേഗത്തിൽ ഒരു ക്ഷത്രിയനെ ഭർത്താവാക്കിക്കൊണ്ടാൽ മരുമകൾ മിടുക്കി." രാജ്യത്തിലെ മന്ത്രീന്ദ്രന്റെ മുതുകിൽ ചില നഖപ്രയോഗങ്ങൾ ഏറ്റു. അദ്ദേഹം "അയ്യോ!" വിളിച്ചു. "കൊല്ലരുത്. കല്പിച്ചു തലവീശിക്കളയും. പടയ്ക്കുപോവാൻ കല്പന തന്നിരിക്കയാണ്. ഈ സ്ഥിതിയിൽ അമ്മാവനെ കൊള്ളാതാക്കിയാൽ രാജദ്രോഹമാകും."

സാവിത്രി: "അതേയതേ. അച്ഛൻ പറയുന്നതിന് അമ്മാവൻ കൂത്താടും. അമ്മാവൻ പറയുമ്പോൾ, അച്ഛൻ അമ്മാവിക്കലഹം നടിച്ച് ഇരുന്നുംകളയും."

ദിവാൻജി: "അച്ഛൻ മിണ്ടീല്ലെങ്കിലും അമ്മാവൻ കലഹിക്കയില്ല. വിളിച്ചില്ലെങ്കിലും ഒന്നാം പന്തിയിൽ ഉണ്ണാൻ ഹാജർ; പൊയ്ക്കൊള്ളു. അനുവാദം തന്നു. ക്ഷണിക്കയുംമറ്റും വേണ്ട."

സാവിത്രി കണ്ണുകളെ പകുതി അടച്ചും മുഖത്തെ ചുവപ്പിച്ചും കുനിഞ്ഞിരുന്നുകൊണ്ടു പറഞ്ഞു: "ഞാൻ വല്ലടത്തും പൊയ്ക്കളയും; അച്ഛനും അമ്മാവനും ആരും വേണ്ട."

ദിവാൻജി: "എന്റെ സാവിത്രിക്കുട്ടിയെ അമ്മാവൻ കുറേശ്ശെ അറിയും. അമ്മാവനെ സാവിത്രിയും അറിയുമെന്നിരിക്കട്ടെ. എങ്കിലും ഈ കൊച്ചു കള്ളക്കരളിൽ ഇപ്പോൾ തോന്നുന്നതെന്തെന്ന് അമ്മാവനറിയാം. അടിയന്തിരദിവസം ഒരു പുടവകൊടക്കാരി-ചെമ്പകശ്ശേരിയിലല്ലാ-ഒരു കൊച്ചുപിള്ളാണ്ടന്റെ അച്ഛന്റെ വക മാങ്കോയിക്കൽ വലിയപടവീട്ടിൽ എത്തിയിരിക്കും."

സാവിത്രിയുടെ ഹസ്തങ്ങൾ ദിവാൻജിയുടെ വാപൊത്തി. ഭുജം അദ്ദേഹത്തെ ചില ഉപദ്രവങ്ങളും ഏൽപിച്ചു.

ദിവാൻജി: (സാവിത്രിയുടെ കർണ്ണങ്ങളിൽ) "കല്പിച്ച് ഒരു കൊച്ചുപട്ടാണിക്കു കൊടുത്ത വീരശങ്ങല ആരും മോഷ്ടിച്ചുകൊണ്ടുപോകരുത്. നല്ലതുപോലെ സൂക്ഷിച്ചുകൊള്ളണം. കള്ളന്മാർ ഇറങ്ങിയിട്ടുണ്ട്."

സാവിത്രി ചില നാസാഗീതങ്ങളോടെ ദൂരത്തു വാങ്ങിനിന്നു. ദിവാൻജി ചിരിച്ചുകൊണ്ട് "അയ്യോ! അയ്യോ! സാവിത്രിക്കുഞ്ഞമ്മയ്ക്ക് ഏതു വീരശങ്ങല എന്നു ചോദിച്ചു മറ്റുള്ളവരെ ഉരുട്ടിക്കളയാൻ അറിഞ്ഞുകൂടാ. ആ പട്ടാണിക്കുട്ടൻ തല്ലുകൊള്ളാതെ അത് എങ്ങനെ അവിടെ എത്തിച്ചെന്ന് അമ്മാവൻ അന്വേഷിക്കുന്നില്ല. അതു പോകട്ടെ. നമുക്ക്

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/90&oldid=168353" എന്ന താളിൽനിന്ന് ശേഖരിച്ചത്