താൾ:Ramarajabahadoor.djvu/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യാൽത്തന്നെ അങ്കിതമായിരിക്കുന്നു എന്നും അദ്ദേഹം കാണുന്നു. ആഗതയായ കന്യാരത്നം ആരെന്നു സൂക്ഷ്മമായി ധരിച്ചപ്പോൾ, അദ്ദേഹത്തിന്റെ ചിന്താമണ്ഡലത്തിൽനിന്നു രാജ്യഭാരക്ലേശങ്ങൾ അഭ്രമണ്ഡലത്തിലേക്കു പലായനംചെയ്തു. പടത്തലവനായ ആദിഗുരുവാൽ തന്നെ ഏല്പിക്കപ്പെട്ടിട്ടുള്ള ആ സിംഹകിശോരികയെ ഒന്നു വട്ടത്തിലാക്കാനായി, അറിയാത്ത ഭാവം നടിച്ച് അദ്ദേഹം തന്റെ ചാവട്ടയുടെ മൃദുലതയിൽ ആമഗ്നനായി, മന്ത്രിസ്ഥാനയോഗ്യമായുള്ള പ്രൗഢിയെ അവലംബിച്ച് ഇരുന്നു. മുഖത്തെ അല്പമൊന്നു നമ്രമാക്കിയും പുരികക്കൊടികൾക്കിടയിൽക്കൂടി അദ്ദേഹത്തെ നോക്കിയും അന്യാദൃശസൗന്ദര്യത്തോടുകൂടിയ രണ്ടുവരി വെൺപവിഴനിരകളുടെ കോമളഭാസ്സിനെ പ്രകാശിപ്പിച്ചും ലജ്ജാസങ്കലിതമായ കൗമാരാദരവിനയങ്ങളെ പ്രകടിപ്പിച്ചും തൊഴുതപ്പോൾ അനിയന്ത്രിതമായുള്ള കേശസമുച്ചയം മുമ്പോട്ട് ആഞ്ഞ് ആ സൗന്ദര്യസമ്പത്തിന് ഒരു തിരശ്ശീല ആയി. മര്യാദവിലംഘികളായ ആ ഉപദ്രവിസംഘത്തെ ചില സംഗീതഗീതങ്ങളാൽ പൂർവ്വസ്ഥിതിയിലാക്കുന്നതിനു ശ്രമിക്കുന്നതിനിടയിൽ കൗമാരത്തിന്റെ പരമാദർശമായുള്ള ആ കനകവിഗ്രഹത്തിന്റെ ഹസ്തസൗഷ്ഠവം ദിവാൻജിയുടെ ശുഷ്കപാണികളുടെ സ്നേഹപ്രാചുര്യത്താൽ ബന്ധനസ്ഥമായി. ആ കാരുണ്യവാന്റെ ക്ഷീണവ്യാകുലമായ ഹൃദയം സാവിത്രിയുടെ ഹിമകരമുഖത്തിന്റെ പ്രശാന്തഭാസ്സുതട്ടി ഉന്മിഷിതവും ആയി. മേൽമുണ്ടിന്റെ അറ്റത്തെ കൈക്കുള്ളിലാക്കി, ചുണ്ടോടു ചേർത്തു കുനിഞ്ഞുനിന്നും ഭുജങ്ങളെ സങ്കോചിപ്പിച്ചും ശിരസ്സിനെ മന്ദമായി ചലിപ്പിച്ചും ചിരിച്ചുതുടങ്ങിയ കന്യകയെ സ്വപുത്രി എന്നപോലെ ഗ്രഹിച്ചു തന്റെ പാർശ്വത്തിൽ ഇരുത്തിയിട്ട് സ്നേഹാമൃതപൂർണ്ണമായുള്ള ഹൃദയകലശത്തെ ആ ഹേമകുവലയത്തിൽ യഥേഷ്ടം അഭിഷേകം ചെയ്തു. സാമാന്യകുശലങ്ങൽ കഴിഞ്ഞു, കന്യകയുടെ മുഖത്തു ദൃഷ്ടിയുറപ്പിച്ചുകൊണ്ടൽ അദ്ദേഹം ഇങ്ങനെ കളി പറഞ്ഞുതുടങ്ങി: "ഹേ! കഴക്കൂട്ടത്തു കുഞ്ഞമ്മ പോന്നതെന്താണെന്നു പറഞ്ഞില്ലല്ലോ. അമ്മാവന് എന്തെല്ലാം ജോലികിടക്കുന്നു? പറഞ്ഞുംവെച്ചു വേഗം ഓടെടാ ഓട്ടം ഓടൂടണം. രാത്രിതന്നെ അച്ഛൻ തിരിച്ചെത്തിയേക്കും."

സാവിത്രി: "ഞാൻ വന്നതു ചുമ്മാ. അച്ഛൻ പോയത് അമ്മാവൻ എങ്ങനെ അറിഞ്ഞു?"

ദിവാൻജി: "പെണ്ണുങ്ങൾക്ക് ഉദ്യോഗകാര്യങ്ങൾ ഒന്നും അറിഞ്ഞുകൂടാ. അനുവാദം വാങ്ങാതെ സ്ഥലംവിട്ടുപൊയ്ക്കൂടാ. ചുമ്മാ വന്നു എന്നു പറഞ്ഞാൽ ചുമ്മാ പോകേണ്ടിവരും. അച്ഛനെ തോല്പിക്കാനാണ് മകൾ കക്ഷിപിടിക്കുന്നത്. അതു നടപ്പില്ല അദ്ദേഹം ഈയിടെ ആരാന്റെ അമ്മാവനോ എന്തെല്ലാമോ ഒക്കെ ആകാൻ പോണു. ആ സ്ഥിതിക്ക് അദ്ദേഹത്തെ പയറ്റിത്തോല്പിക്കാൻ കുട്ടിക്കുഞ്ഞമ്മ ചാടിപ്പുറപ്പെട്ടാൽ, അമ്മാവൻ കുഴങ്ങും. ഈ കുണ്ടാമണ്ടിക്കാരിക്കുവേണ്ടി ഇപ്പോൾത്തന്നെ അമ്മാവൻ വല്ലാതെ കഷായിക്കയാണ്."

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/89&oldid=168351" എന്ന താളിൽനിന്ന് ശേഖരിച്ചത്