Jump to content

താൾ:Ramarajabahadoor.djvu/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കിഴക്കോട്ടുള്ള കെട്ട് അന്തർഗൃഹം, പാചകശാല മുതലായ എടുപ്പുകളും സൽക്കാരഹാളിന്റെ കിഴക്കും തെക്കുമുള്ള കെട്ടുകൾ തവണ സേവിക്കുന്ന സേനാപംക്തിക്കാർ, രായസക്കാർ എന്നിവരുടെ പ്രവർത്തനശാലകളും ആയിരുന്നു.
അക്കാലത്തെ, ഈ 'ഭക്തിവിലാസ'ത്തിലുള്ള പ്രധാന ഹാളിനകത്തു രാജസാസനത്തിൽ ദിവാൻജിയും താഴത്തു പായുകൾ വിരിച്ച് ഉപമന്ത്രിമാരും നാനാഭാഗങ്ങളിലും പിരിച്ചയയ്ക്കപ്പെട്ടവരൊഴികെയുള്ള സേനാനായകന്മാരും, ദിവാൻജിയെ കാണ്മാൻ എത്തിയിരിക്കുന്ന മഹാജനനേതാക്കന്മാരും ഇരുന്നു. ജനസന്നാഹം, ധനസന്നാഹം, ആയുധസന്നാഹം എന്നിവയെക്കുറിച്ചു ഗൗരവമായുള്ള ശീഘ്രാലോചനകൾ നടത്തുന്നു. നിർവ്വഹിക്കേണ്ടതായ ആജ്ഞകൾ പുറപ്പെടുമ്പോൾ കാര്യക്കാരന്മാർ അവരുടെ തുറയിലെ പ്രധാന രായസക്കാരെ വരുത്തി ലേഖനങ്ങൾ തയ്യാറാക്കിക്കുന്നു. ദിവാൻജിതന്നെ ലേഖനങ്ങൾ എഴുതുകയും പല രായസക്കാരെയും നിരത്തിനിറുത്തി അഷ്ടാവധാനിയുടെ വൈദഗ്ദ്ധ്യത്തോടെ പറഞ്ഞുകൊടുത്തു എഴുതിക്കുകയും ചെയ്യുന്നു. ഇടയ്ക്കിടെ ഗൃഹസ്ഥന്മാർ, വ്യാപാരികൾ, ജന്മികൾ എന്നിവരെ വിശ്രമശാലയിലേക്കു കൂട്ടിക്കൊണ്ടുപോയി ആപൽസ്ഥിതികളെ ധരിപ്പിച്ച് ധനസംഭരണോപായങ്ങളെ അനുക്ഷണഫലമായി അനുഷ്ഠിക്കുന്നു. ഇടപ്രഭുക്കന്മാർ, മാടമ്പിമാർ, കളരിത്തലവന്മാർ, കരപ്രമാണികൾ എന്നിവരെക്കൊണ്ട് അവർക്കു ശക്യമായുള്ള വിധത്തിൽ 'പൊരുളും പുരുഷാരവും' ബലികഴിപ്പാൻ പ്രതിജ്ഞചെയ്യിച്ച് അവരെ അഭിനന്ദനസംഭാവനകളോടെ യാത്രയാക്കുന്നു. മദിരാശിയിലെയും ബോംബയിലെയും ഭരണാധികാരികൾക്കു റിപ്പോർട്ടുകളും കണക്കുകളും സ്വഹസ്തലിഖിതമായിത്തന്നെ ചാരന്മാർമുഖേന ദ്രുതതരമായി പുറപ്പെടുവിക്കുന്നു. യുദ്ധാരംഭവൃത്താന്തം കേട്ട് ആകുലരായ ഭീരുക്കൾ ഗോപുരദ്വാരത്തിൽ സംഘംകൂടി സങ്കടം ധരിപ്പിക്കുമ്പോൾ, രാജ്യത്തിന്റെ സകല രക്ഷാനിദാനമായുള്ള മഹാശക്തിയുടെയും രാജ്യരക്ഷ എന്ന മഹാഭാരത്തെ ഐശ്വര്യമായ വൈഭവത്തോടെ വഹിക്കുന്ന പുണ്യശ്ലോകന്റെയും മാഹാത്മ്യങ്ങളെപ്പറ്റി വർണ്ണിച്ച് അവരെ സമാശ്വസിപ്പിച്ചു പിരിച്ചയയ്ക്കുന്നു.

ആ ദിനാരംഭത്തിൽ കൂടിയിരിക്കുന്ന ഉപമന്ത്രികൾ ഉൾപ്പെട്ടുള്ള സംഘം കഴിഞ്ഞ രാത്രിയിലെ കലാപത്തിന്റെ യാഥാർത്ഥ്യം അറിവാൻ കാംക്ഷിക്കുന്നു എങ്കിലും നടക്കേണ്ടും കാര്യങ്ങളെക്കുറിച്ചല്ലാതെ ഇതരവിഷയങ്ങളെപ്പറ്റിയുള്ള ആജ്ഞകളോ അഭിപ്രായങ്ങളോ ദിവാൻജിയിൽനിന്നും പുറപ്പെടുന്നില്ല. കേശവനുണ്ണിത്താന്റെ വക നന്തിയത്തുമഠത്തിൽ തീയാട്ടുണ്ണിയെപ്പോലെ പീഠബിംബമായി ഇരുന്ന്, തന്റെ പരിചാരകന്മാരെയും കൊടന്തയാശാന്റെ സ്വാധീനത്തെയും പ്രയോഗിച്ച് അജിതസിംഹൻ കണ്ഠീരവരായുടെ ബന്ധനമോചനം സാധിച്ച കൗശലത്തിന്റെ സകല ചടങ്ങുകളും ആ ഭവനത്തിലെ പ്രണയപ്രതിഷ്ഠയെ പ്രദക്ഷിണം വച്ചുകൊണ്ടിരുന്ന ത്രിവിക്രമൻമുഖേന ദിവാൻജി ഗ്രഹിച്ചിരി

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/85&oldid=168347" എന്ന താളിൽനിന്ന് ശേഖരിച്ചത്