താൾ:Ramarajabahadoor.djvu/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ക്കുന്നു. കലാപകോലാഹലത്തെ പ്രാരംഭത്തിൽത്തന്നെ പ്രതിരോധിച്ചത് ആ മന്ത്രിസത്തമൻതന്നെ ആയിരുന്നുവെങ്കിലും ആ സംഭവത്തെ സംബന്ധിച്ചും അദ്ദേഹം ഗാഢമൗനം അവലംബിക്കുന്നതേയുള്ളു. അദ്ദേഹത്തിന്റെ ഗൃധ്രനേത്രങ്ങൾ ലേഖനത്തെയും ഭൂമിയെയും ശൈവശൂലം പോലെ സുരംഗീകരിക്കുവാൻ പ്രവർത്തനംചെയ്യുന്നു എന്നുമാത്രം ഉപമന്ത്രികൾ കാണുകയാൽ അവർ പരസ്പരം മുഖത്തു നോക്കിയിരുന്നിട്ടു മദ്ധ്യാഹ്നത്തിന്റെ സമാഗമത്തിൽ ഭഗ്നേച്ഛന്മാരായി സ്നാനഭക്ഷണാദികൾക്കു പിരിഞ്ഞു.

കേശവനുണ്ണിത്താനായ സരസ്വതീദാസൻ, പുഷ്ടശരീരനും സുഭഗകേശനും പ്രവൃദ്ധനായ ഔദ്ധത്യത്തോടുകൂടിയവും ആയിരിക്കുന്നെങ്കിൽ ശ്രീ പത്മനാഭദാസന്റെ ഈ പ്രഥമദാസൻ തപോനിഷ്ഠനെപ്പോലെ കൃശകായനും നിരന്തരമായ ക്ലേശസഹിഷ്ണുതകൊണ്ടു വക്രിതഗാത്രനുമായി ഭവിച്ചിരിക്കുന്നു. പീനങ്ങളായിരുന്ന സ്കന്ധങ്ങൾ മെലിഞ്ഞു പുരോഭാവം ഉന്നതങ്ങളായി, യുവദശയിലെ വക്ഷോവിസ്തൃതിയെ തുലോം ക്ഷയിപ്പിച്ചിരിക്കുന്നു. യൗവനകാലോന്മേഷത്തിന്റെ നൃത്തരംഗങ്ങളായിരുന്ന ഗണ്ഡങ്ങളുടെ മാംസളത ശുഷ്കിച്ചുപോയിരിക്കുന്നു. ആ കാലത്തെ ജീവചൈതന്യത്തെ പ്രതിബിംബിച്ചുകൊണ്ടിരുന്ന ആ ദർപ്പണതലം ഉഗ്രമായ ഒരു കൃതാവുകൊണ്ടു കവചിതമായിരിക്കുന്നു. പുഷ്ടമായിരുന്ന നീണ്ട നാസിക, കനം കുറഞ്ഞു ശുകതുണ്ഡംപോലെ കൂർത്തതായ അന്തത്തോടുകൂടിയതായിരിക്കുന്നു. രക്തനാഡികൾ ജൃംഭിച്ചുനില്ക്കുന്ന ലലാടപ്രദേശം ജഗൽസംരംഭകത്വത്തിന്റെ വേദിയായി പ്രേക്ഷകലോകത്തിന്റെ അഭിനന്ദനബഹുമാനങ്ങളെ അപഹരിക്കുന്നു. മദ്ധ്യഭാഗം ശൂന്യതളിമം ആയിത്തുടങ്ങിയിരിക്കുന്ന ശിരസ്സു ധരിക്കുന്ന മുഹമ്മദീയരീതിയിലുള്ള കചവലയം ക്ഷാത്രധർമ്മാനുകരണത്തെ ലക്ഷീകരിക്കുന്നു.

മഹാരാജപാദങ്ങളെ അഭംഗുരഭക്തിയോടെ സേവിച്ചും സ്വരാജ്യത്തിന്റെ സമാധാനസമ്പത്തുകളുടെ അഭിവൃദ്ധിക്കായി കായബുദ്ധികളെ അശ്രാന്തക്ലേശം അനുഭവിപ്പിച്ചും സ്വരാജ്യസിംഹാസനത്തിന്റെ ശാശ്വതസുസ്ഥിതിക്കായി ബുദ്ധിപൂർവ്വമായുള്ള സാചിവ്യാചാതുര്യത്താൽ വിക്രമബന്ധുശക്തിയെ സമ്പാദിച്ചും ദൂരവീക്ഷണശക്തിയാൽ ദർശിച്ച് ആപൽഭൂയിഷ്ഠഭാവിയിലെ അലഘുഭാരങ്ങളെ വഹിപ്പാൻ തന്നെ ശക്തനാക്കുംവിധം ആത്മബുദ്ധികളെ സംസ്കരിച്ചും ജനപാലനമാകുന്ന മാന്ത്രികത്വത്തിൽ നവതന്ത്രപ്രയോക്താവായി പാശ്ചാത്യസമുദായങ്ങളെയും വിസ്മയിപ്പിക്കുന്ന ഋശൃശൃംഗപദത്തെ ഇദ്ദേഹം ഇപ്പോൾ സമ്പാദിച്ചിരിക്കുന്നു. മനോധർമ്മവിശാലതകൊണ്ട് ആ പ്രബുദ്ധകേസരിയുടെ ഗ്രഹണപടിമയാൽ സഹകർമ്മികളെ സ്വാജ്ഞാനുവർത്തനങ്ങളിൽ ഊർജ്ജിതപ്രവർത്തകന്മാരാക്കിവന്നു. ആ പുരുഷകേസരിത്വം അതിന്റെ നേർക്കു വല്ല നിരോധനോദ്യമവും ഉണ്ടായെങ്കിൽ പരിപന്ഥിയുടെ ജീവസാരത്തെ സ്തംഭിപ്പിക്കുമായിരുന്നു. പാദമുറപ്പിച്ചിടത്തുനിന്ന് ഈ ഭരണ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/86&oldid=168348" എന്ന താളിൽനിന്ന് ശേഖരിച്ചത്