Jump to content

താൾ:Ramarajabahadoor.djvu/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്തെയും ആ വ്യാഘ്രകൗടില്യൻ മുറുക്കത്തിലാക്കി.

ഈ സ്ഥിതികളിൽ അജിതസിംഹനായ ക്ഷപണകൻ സ്വയംവരാർത്ഥിയായി നന്തിയത്തുമഠത്തിലെത്തി സാധിച്ചതു രാജബന്ധനത്തിൽ അമർന്നിരുന്ന കണ്ഠീരവരായരുടെ മോചനമായിരുന്നു. പഥികന്മാരുടെയോ രാജഭടന്മാരുടെയോ സംശയം ഉണ്ടാകാതിരിപ്പാൻ നന്തിയത്തുമഠത്തെ ആഭിചാരകേന്ദ്രവും പ്രത്യാഗമനത്തിൽ ഉണ്ണിത്താനെ പരികർമ്മിയും ആക്കിയതായിരുന്നു. എന്തോ കലാപമുണ്ടായി എന്നുള്ള വൃത്താന്തം നഗരത്തിലെങ്ങും ഉദയത്തിനു മുമ്പുതന്നെ പ്രസിദ്ധമായി എങ്കിലും ശത്രുപക്ഷം സാധിച്ച വിജയകർമ്മത്തിൽ ഉപയോഗിക്കപ്പെട്ട തന്ത്രങ്ങൾ യഥാക്രമം മന്ത്രി ധരിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ നയമസൃണമായ അനുമതിയാൽ അതു സമാപിക്കപ്പെട്ടതാണെന്നും സംഭവിച്ച കലാപത്തിന്റെ സൂക്ഷ്മരൂപം എന്താണെന്നും മഹാരാജാവും മന്ത്രിയും മന്ത്രിയുടെ അംഗരക്ഷകസംഘവും ബന്ധനശാലയിലെ നന്ദികേശ്വരനും മാത്രമേ ഗ്രഹിച്ചുള്ളു. അടുത്ത ദിവസം ഉദയത്തിൽ ആലോചനാസഹായത്തിനെന്ന നാട്യത്തിൽ ഉപമന്ത്രിമാർ, സേനാനായകന്മാർ, രാജസേവകപ്രധാനികൾ എന്നിവരെല്ലാം മന്ത്രിയുടെ ഉദ്യോഗനിലയനത്തിലെത്തി.

രാജമന്ദിരത്തിന്റെ കിഴക്കേ അതിർത്തിയായുള്ള രാജവീഥിയുടെ കിഴക്കുവശത്തു തെക്കേ അറ്റത്തു നന്തിയത്തുമഠത്തിനെക്കാൾ രാജസമായിട്ടുള്ള ഒരു മന്ദിരം ഭാസമാനമായി നിലകൊണ്ടിരുന്നു. ഇടക്കാലത്തെ കിഴക്കെ നാലുകെട്ട് എന്ന കൊട്ടാരംവക ഉപമന്ദിരവും ഇക്കാലത്തെ കിഴക്കേക്കൊട്ടാരമെന്നു പറയുന്ന മന്ദിരവും അനന്തരകാലങ്ങളിൽ ഈ മന്ത്രിഗൃഹസ്ഥാനത്തെ ആക്രമിച്ചുള്ള നിലയനങ്ങളാണ്. കേശവപിള്ളയായ പ്രഥമദിവാൻജിക്കു ശ്രീവരാഹം, മണക്കാട് എന്നീ പ്രദേശങ്ങളുടെ വടക്കേ സന്ധിയിൽ ഗംഭീരമായ ഒരു സ്വന്തഭവനം ഉണ്ടായിരുന്നു എങ്കിലും പാർപ്പു കോട്ടയ്ക്കകത്തുള്ള രാജസങ്കേതത്തിനക്ത്തുതന്നെയായിരുന്നു. ഈ മന്ദിരത്തിന്റെ പടിഞ്ഞാറുവശത്ത് ഉന്നതമായി നിലകൊണ്ടിരുന്ന ആനക്കൊട്ടിലും ആരാമത്തിന്റെ പ്രാകാരത്തിൽ അവിടവിടെ കാണുന്ന വാതിലുകളിലും പ്രാകാരത്തിന്റെ ഓരോ കോണുകളിലും 'മുറുക്കി മീശവച്ചുള്ള തുറുപ്പുശിപായി'കൾ കൂടാതെ ബാണക്കാർ, തോക്കുകാർ മുതലായ രക്ഷിജനങ്ങളും അന്തർഭാഗത്തു പ്രതിഷ്ഠിതനായുള്ള രാജശക്തിപ്രവർത്തകനെ പരിസേവനം ചെയ്തു വർത്തിക്കുന്നു. പ്രധാന ദ്വാരപ്രദേശത്തുനിന്നു കിഴക്കോട്ടു കടന്നു പ്രവേശിക്കുന്ന മന്ത്രശാല പാശ്ചാത്യരീതിയിലുള്ള ആസനാദിസാമഗ്രികൾ കൊണ്ട് അലങ്കരിക്കപ്പെട്ടിരിക്കുന്നു. വടക്കുകിഴക്കു മൂലയിൽ വിചിത്രവേലകൾ ചെയ്തുള്ള കരിന്താളിത്തട്ടുപടിയിന്മേൽ പട്ടുകോസടിയും ഊക്കനായ പട്ടാംബരത്തലയണയും അതോടു ചേർത്തു ദണ്ഡുചാവട്ടയും ഉത്തരഭാഗത്തു മഷിക്കുപ്പി, പേന, നാരായം ഇത്യാദി സാമഗ്രികളോടുകൂടിയ മേശപ്പെട്ടിയും കാണ്മാനുണ്ട്. ഈ മന്ത്രശാലയുടെ വടക്കേ മുറി ദിവാൻജിയുടെ വിശ്രമശാലയും അതിന്റെ വടക്കതു ശയനമുറിയും അതിൽനിന്നു

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/84&oldid=168346" എന്ന താളിൽനിന്ന് ശേഖരിച്ചത്