താൾ:Ramarajabahadoor.djvu/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ങ്ങിയപ്പോൾ സത്രത്തിലെ മൂന്നു നിലകളിലെയും പുറവാതിലുകളുടെ ബന്ധനശബ്ദം ഏകോപിച്ചു കേൾക്കുമാറായി. പിന്നത്തെ മഹാനിശബ്ദതയെ സത്രരക്ഷികളായ ഭടന്മാരുടെ ഇടയ്ക്കിടെയുള്ള മഹാരാജ് ഗാംഗുറാം ജേ എന്നുള്ള ശ്രദ്ധാസൂചകഘോഷങ്ങൾ മാത്രം ഒരു ദുഷ്കേന്ദ്രകാളിയുടെ പ്രഹർഷനൃത്തത്തിനിടയിലുള്ള അട്ടഹാസങ്ങൾപോലെ ഭഞ്ജിച്ചു.

രാത്രിയിലെ മൃഷ്ടാശനം കഴിഞ്ഞ് ഭട്ടൻ തന്റെ ശയ്യാഗാരവും നിക്ഷേപനിലയനവുമായുള്ള ഗോപുരമുറിയിൽ പ്രവേശിച്ചിരുന്നു. ഈ മണിയറ ആയുധശാലയുടെ ആവശ്യംകൂടി നിറവേറ്റുന്നതായിരുന്നു. ഒരു ഗജവീരനെ താങ്ങാൻ മതിയായുള്ള മഞ്ചത്തിന്റെ സ്തംഭങ്ങളും ക്രൂരായുധങ്ങൾകൊണ്ട് അലങ്കരിക്കപ്പെട്ടിരുന്നു. ചുവരുകളിൽ ഇറക്കപ്പെട്ടിട്ടുള്ള കുറ്റികളിന്മേൽ തൂങ്ങുന്ന ആയുധങ്ങൾക്കും എണ്ണമില്ലാതിരുന്നു. മഞ്ചത്തിൽ കിടക്കാതെ ആയുധസഞ്ചയങ്ങളുടെ രൂക്ഷതപകർന്നുള്ള മുഖത്തോടെ ഭട്ടൻ ഒരു പീഠത്തിന്മേൽ സ്ഥിതി ചെയ്ത് വിശ്വത്തെ സംഹരിക്കുകയോ എന്നു ക്രോധിക്കുന്നു. അദ്ദേഹത്തെ കണ്ട് തൊഴാൻ പുറപ്പെടാതെ സത്രത്തിൽ താമസിക്കുന്ന കൂട്ടത്തെ ശിക്ഷിപ്പാൻ, അവരുടെ ഉദയഭക്ഷണത്തിനു വിഷവിതരണം ചെയ്കയോ എന്നുപോലും ആ സ്വാർത്ഥപെരുമാൾ ചിന്തിക്കുന്നു. ഭൃത്യന്മാരെ വരുത്തി അകാരണമായി മർദ്ദിച്ചു, തന്റെ കോപത്തെ ഒന്നു പാതി ശമിപ്പിച്ചു. അന്നത്തെ ബഹുജനസംഘടനയുടെ ഉദ്ദേശ്യം എന്തെന്ന് പിന്നെയും പിന്നെയും ചിന്തിച്ച് ഭട്ടന്റെ ക്ഷമാശക്തി ശൂന്യമാവുകയാൽ ചുറ്റുപാടുമുള്ള ആയുധങ്ങളെ നോക്കി ഒരു ഭർത്സനം തുടങ്ങി. "കാലന്മാർ ഒടുങ്ങാത്ത ഒരു ഭാരതയുദ്ധത്തിന്റെ കളമാക്കി രാജ്യങ്ങളെ മുടിക്കുന്നു. ഇന്നത്തെ കൊള്ളക്കാരൻ നാളെ പട്ടം കെട്ടി മുടിചൂടുന്നു. കടലിന്റെ അക്കരക്കാരെന്നൊരു കൂട്ടവും എല്ലാപ്പുറത്തും കൊള്ളിവയ്ക്കാൻ ചുറ്റി നടക്കുന്നു. രാജാവും ചക്രവർത്തിയും തുലഞ്ഞു. ഹയ്യയ്യാ! നവാബ്, സുൽത്താൻ, പാദുഷാ, നിജാം എന്ന എല്ലാ ഈയാൻപാറ്റകളും പെരുകിവരുന്നു. എല്ലാക്കൂട്ടവും തമ്മിൽ കടിയിട്ടു ഭൂമി നശിക്കട്ടെ. കാലം കലിയുഗമല്ലയോ? എല്ലാക്കൊമ്പനെയും ഗാംഗുറാം ചെട്ടിയുടെ ചക്രപ്പെരുമ പുലർത്തുന്നു, പമ്പരം കറക്കുന്നു. അതുകൊണ്ടു നമുക്കും നമ്മുടെ അധികാരത്തിനും തട മാറ്റില്ല-അമ്പടാ! എന്തെല്ലാം കണ്ടു, കൊണ്ടു, എങ്ങെല്ലാം തിണ്ടാടി? ആൺപിറന്ന ടിപ്പു ലോകം വിഴുങ്ങട്ടെ. എങ്കിലും കാര്യസ്ഥന്മാർ നമ്മെ ധിക്കരിക്കുന്നതു മോശം, മോശം, വന്മോശം-ഹേയ്! വീടും നാടും വെറുത്ത ഈ ദേശാന്തരിക്ക് മുടിമന്നന്മാരുടെ കുടിമുടിക്കും കടിപാടുകളിൽ സംബന്ധമെന്ത്?" ഇങ്ങനെയും മറ്റും ഒരു മിശ്രഭാഷയിൽ ഭട്ടൻ സ്വഗതം തുടങ്ങി. തന്റെ പൂർവവൃത്തഘട്ടത്തിൽ എത്തിയപ്പോൾ അദ്ദേഹത്തിന്റെ തൊണ്ട ഇടറി. താടി വിറച്ച്, ശരീരം വിയർത്തു. ചിന്താശൂന്യതയാകുന്ന സ്വൈരസ്ഥിതിയെ പാട്ടിലാക്കാനുള്ള ഉപായമായി ഉറക്കം തുടങ്ങുന്നതിനു തീർച്ചയാക്കിക്കൊണ്ട്

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/8&oldid=168341" എന്ന താളിൽനിന്ന് ശേഖരിച്ചത്