താൾ:Ramarajabahadoor.djvu/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കടകങ്ങൾ, കൈമുട്ടോളം എത്തുന്ന തോൾക്കവചങ്ങൾ, കണ്ഠത്തെയും മറയ്ക്കുന്ന ലോഹോഷ്ണീഷങ്ങൾ എന്നിവ അണിഞ്ഞും കൊടുവാൾ, നെടുവാൾ, കഠാരി, കുന്തം തുടങ്ങിയുള്ള ആയുധങ്ങൾ ഏന്തിയും മൂർഖതയ്ക്കു കൊടികെട്ടീട്ടുള്ള യോദ്ധാക്കളും സൗജന്യസൗഹാർദ്ദങ്ങളുടെ ചിഹ്നങ്ങളായ കൃപാസ്മേരങ്ങളോടെ മാത്രം ആ സങ്കേതത്തിൽ സഞ്ചരിക്കുന്നു. വൃകസ്വഭാവന്മാരും നിതാന്തദുർമ്മുഖന്മാരും ആയുള്ള പരിചാരകന്മാർപോലും മൃദുപാദന്മാരായും നിശബ്ദവചസ്സുകളായും പാചകാദികർമ്മങ്ങൾ ആരംഭിക്കുന്നു. മൃഗവാടത്തിൽ തളച്ചിട്ടുള്ള വാഹകജന്തുക്കളും സത്രമേധാവിയായ കാളിപ്രഭാവഭട്ടന്റെ ഭരണ വ്യവസ്ഥിതികളുടെ കൊല്ലുംശക്തിയെ ആദരിച്ച് ഇതരപുച്ഛങ്ങളെ അടക്കി വക്ത്രാന്തം കൊണ്ടുള്ള ജപകർമ്മവ്യാജത്താൽ തൃണഭുക്തി നിർവ്വഹിക്കുന്നു.

ഈ സൈനികസംഘങ്ങളുടെ ആഗമനമുഹൂർത്തത്തിൽ അന്നത്തെ ഊട്ടടയ്ക്കും മുമ്പ് ആ ദിവസത്തിലുണ്ടാക്കാവുന്ന ആദായങ്ങളെ കണക്കാക്കി ഭട്ടൻ വിരലുകൾ മടക്കുകയായിരുന്നു. പാന്ഥന്മാരുടെ ആഗമനഘോഷം ആ പരിശ്രമത്തെ വിഘാതപ്പെടുത്തി. ഭട്ടൻ ഗോപുരം പ്രതി മണ്ടിത്തിരിഞ്ഞ് ഭടജനങ്ങളെ ഉല്പാദിപ്പിച്ച മാതാപിതാക്കന്മാരെ ശപിച്ചു. ദക്ഷിണദിക്കിൽനിന്ന് എത്തിയ പദാതിസംഘത്തിന്റെ നായകനെ കണ്ടപ്പോൾ ഭട്ടൻ നെഞ്ചത്തു കൈയറഞ്ഞ് കുറുംകുപ്പായത്തെ ചീന്തി ശിഥിലീകരിച്ചു. ഒരു കിങ്കരനെ ധ്യാനമാത്രത്താൽ എന്നപോലെ വരുത്തി അവന്റെ ശിരോദേശത്തെ അവശ്യകർമ്മമായി പൊളിച്ചു. അനന്തരം ചില മഹിഷാസുരനൃത്തങ്ങൾകൊണ്ടു തന്റെ മണിയറരംഗത്തെ തകർത്തു. എങ്കിലും അന്നത്തെ സത്രവാസികൾക്ക് അത്യുദാരമായി വിഭവങ്ങളെ വിതരണം ചെയ്‌വാൻ ആജ്ഞകൾ കൊടുത്തിട്ട് തന്റെ മണിയറതന്നെ ശരണമെന്നുള്ള നിലയിൽ ആസനസ്ഥനായി. പാന്ഥസംഘപ്രമാണികൾ ആരും സ്വസമക്ഷം സന്ദർശനാപേക്ഷ സമർപ്പിക്കാത്തിനാൽ ഭട്ടൻ ഈർഷ്യഭരിതനായി പല്ലുകൾ ഞെരിച്ച് ചില നിശ്ചയങ്ങൾ ചെയ്ത് ഉറച്ചു. സന്ധ്യയായപ്പോൾ സത്രത്തിന്റെ മൂന്നു നിലകളിലും പരിശോധനാർത്ഥമെന്നുള്ള നാട്യത്തിൽ ഒന്നു സഞ്ചരിച്ചു ഹനുക്കളുടെ ഭയാനകചലനങ്ങളാൽ സ്വപ്രാധാന്യത്തെ പ്രേക്ഷകജനത്തിനു ബോദ്ധ്യമാക്കിക്കൊണ്ടു സ്വായുർവൃദ്ധിക്കുള്ള നിശാരംഭത്തിലെ മൃത്യുഞ്ജയകർമ്മത്തിനായി തിരിച്ചു.

മസാലമണം, വറമണം, പൊരിമണം, വാർപ്പുമണം തുടങ്ങിയുള്ള പാചകകർമ്മത്തിലെ വിവിധ ഗന്ധങ്ങളും അനന്തരം വിളമ്പുമണവും പിന്നീട് പനിനീർ, ഗുലാബ്, ഹുക്കാ, ഗഞ്ജാ മുതലായ സാധനങ്ങളുടെ പരിമളവിശേഷങ്ങളും പരിസരപ്രദേശങ്ങളിലെങ്ങും വ്യാപരിച്ചു. രാത്രിയിലെ ഒന്നാം യാമം അവസാനിക്കാറായപ്പോൾ ശൃംഗാരഗീതങ്ങൾ, ശാക്തേയകീർത്തനങ്ങൾ, ഭഗവൽസ്ത്രോത്രങ്ങൾ, മൃദംഗാദിവാദ്യങ്ങളുടെ മേളിപ്പുകൾ എന്നിവ ഭട്ടന്റെ രൗദ്രതയെ ഉജ്ജ്വലിപ്പിക്കുമാറ് മുഴങ്ങി. ഈ ഘോഷങ്ങൾ മന്ദശ്രുതികളിലായി കൂർക്കങ്ങളിൽ അവസാനിച്ചു തുട

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/7&oldid=168330" എന്ന താളിൽനിന്ന് ശേഖരിച്ചത്