താൾ:Ramarajabahadoor.djvu/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

പാനത്തിനു കണ്ടകത്വത്തിന്റെ തലസ്ഥാനമെന്നുള്ള കീർത്തിമുദ്രയെ സമ്പാദിച്ചു.

ഈ ഉഗ്രമൂർത്തിയുടെ ജന്മദേശാദി വസ്തുക്കളെക്കുറിച്ച് ആ പ്രദേശങ്ങളിലെ സ്ഥലപുരാണങ്ങളും ഐതിഹ്യങ്ങളും ഒരുപോലെ മൂകമായിരുന്നു. ഈ ബ്രഹ്മജ്ഞന് ഏത് ഗുരുകുലത്തിൽനിന്നോ, എന്തു യജ്ഞകർമ്മത്താലോ ഭട്ടപദം സിദ്ധിച്ചു എന്ന വിഷയവും അപ്രമേയമായിരുന്നു. പല ഭാഷകളിലെയും ശകാരഭാവം പദാവലി സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ അമരസിംഹത്വവും കണ്ടകഭയം നിമിത്തം കർണ്ണാകർണ്ണികനിലയെപ്പോലും പ്രാപിച്ചില്ല. മഹാരാഷ്ട്രപാപ്പാസും കർണ്ണാടക കുത്തിയുടുപ്പും മഹമ്മദീയരുടെ ചുരുക്കുവച്ചുള്ള കുറുംകുപ്പായവും ഗുജറാത്തിചെറുതലപ്പാവും ചേർന്ന ഒരുക്കത്തിനകത്തുള്ള വിഗ്രഹം ബ്രഹ്മാവിന്റെ പണിത്തിരിക്കിനിടയിൽ ജീവസമ്പത്തും അപഹരിച്ചുകൊണ്ട് ഇങ്ങോട്ടു പോന്നിട്ടുള്ള ഒരു ലോഹവിഗ്രഹമാണെന്നു ചില കാവ്യരസികന്മാർ സ്വകാര്യമായി ജല്പിപ്പിച്ചിട്ടുണ്ട്. ചെമ്പിച്ചു ജടിലിച്ചുള്ള വട്ടത്താടിയാൽ കീഴ്ഭാഗം മറയ്ക്കപ്പെട്ടുള്ള മേൽക്കൂടം ഒരു ഭൂതത്താന്റെ ഉത്തമാംഗം ആയിരുന്നു. ഈ അംഗത്തിന്റെ മദ്ധ്യത്തിൽ ക്ഷതങ്ങളേറ്റു വടുകെട്ടി മുരടിച്ചുകാണുന്ന മാംസഖണ്ഡം ഭട്ടപാദരുടെ നാസികയാണ്. രോമം കൊഴിഞ്ഞുള്ള പുരികവീർപ്പുകളുടെ കീഴായി രണ്ട് അഗാധവിലങ്ങൾ കാണുന്നവയിൽ അമർന്ന് ഭട്ടജിയെ ദൂരദർശനത്തിനും സൂക്ഷ്മദർശനത്തിനും ശക്തനാക്കിയ മണികളുടെ വർണ്ണവും വൈജാത്യവും സാമാന്യജനങ്ങൾക്കു ഗ്രഹിപ്പാൻ കഴിവുണ്ടായിട്ടില്ല. മീശക്കാട്ടിനിടയിൽ ഭട്ടന്റെ ഉദയാസ്തമയനിവേദ്യങ്ങളെ അസ്ഥിഅടക്കം മഷിയാക്കുന്നതിനു ശക്തങ്ങളായ വജ്രയന്ത്രങ്ങൾ സംഘടിച്ച ഒരു നെടിയ ഗുഹാദ്വാരം ഉണ്ടെന്ന് ഭട്ടമഠപ്പള്ളിയിലെ വിളമ്പന്മാർ ഗ്രഹിച്ചിരുന്നു. അഞ്ചടി പൊക്കത്തിൽ എത്തിയതിന്റെ ശേഷം മദ്ധ്യഖണ്ഡത്തിനു മാത്രം പരിമിതി വർദ്ധിച്ചിട്ടുള്ള ആ ഭൂതത്തിന്റെ മൂർദ്ധാവ് ബ്രഹ്മക്ഷൗരമായ കഷണ്ടിയുടെ ദർപ്പണതയോടെ തിളങ്ങി പിൻകഴുത്തുവരെ എത്തുന്നത് ഭട്ടമഹനീയതയെ ബൃഹത്കരിച്ചു. അറുപതാം വയസ്സു തികഞ്ഞുള്ള പ്രായത്തിൽ എത്തിയിരിക്കുന്നു എങ്കിലും ഒരു യുവഹിരണ്യാക്ഷന്റെ ജീവോന്മേഷവും സർവ്വധ്വംസകത്വവും അദ്ദേഹത്തിന്റെ സമക്ഷം ലോകസാമാന്യത്തിനു ദുഷ്പ്രാപമാക്കിത്തീർത്തു.

ഹൈദരുടെ വീരചരമം സംഭവിച്ച് സംവത്സരം ഒന്നു തികഞ്ഞപ്പോൾ ഒരു ദിവസം ആകാശവൃത്തത്തിന്റെ മൂർദ്ധാവോടടുത്തു തീക്കനൽ വർഷിപ്പാൻ ആദിത്യഭഗവാൻ ശക്തനാകുന്നതിനു മുമ്പുതന്നെ ഗാംഗുറാം സത്രത്തിന്റെ മൂന്നു നിലകളും പതിവിൽ അധികമായുള്ള പാന്ഥതതിയെ വഹിച്ചു. വിവിധ രാജ്യക്കാർ, സമുദായക്കാർ, വേഷക്കാർ, ഭാഷക്കാർ എന്നല്ല വിരുദ്ധമതക്കാരും തോളോടുതോളുരുമ്മുംവിധം ഞെരുങ്ങി സഞ്ചരിക്കുന്ന ആ സംഘങ്ങൾക്കിടയിൽ കലഹകലാപമത്സരങ്ങളുടെ ലാഞ്ഛനങ്ങൾ യാതൊന്നുംതന്നെ കാണുന്നില്ല. നെടിയഹസ്ത

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/6&oldid=168319" എന്ന താളിൽനിന്ന് ശേഖരിച്ചത്